
ഷാർജ∙ വനിതാ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്കോട്ലൻഡിനെ വീഴ്ത്തി ബംഗ്ലദേശ് വനിതാകൾ. ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ 16 റൺസിനാണ് ബംഗ്ലദേശിന്റെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് വനിതകൾ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 119 റൺസ്. സ്കോട്ലൻഡിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 103 റൺസിൽ അവസാനിച്ചു. ട്വന്റി20 ലോകകപ്പിൽ ഒരു പതിറ്റാണ്ടിനിടെ ബംഗ്ലദേശ് വനിതകളുടെ ആദ്യ ജയമാണിത്.
38 പന്തിൽ രണ്ടു ഫോറുകളോടെ 36 റൺസെടുത്ത ശോഭനയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ഓപ്പണർ ഷാതി റാണി (32 പന്തിൽ 29), ക്യാപ്റ്റൻ നൈജർ സുൽത്താന (18 പന്തിൽ 18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സ്കോട്ലൻഡിനായി സാസ്ക്യ ഹോർലി മൂന്നും ക്യാപ്റ്റൻ ബ്രൈസ്, ഒലീവിയ ബെൽ, കാതെറിൻ ഫ്രേസർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്ലൻഡിനായി ഓപ്പണർ സാറാ ബ്രൈസ് അവസാന ഓവർ വരെ പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ബ്രൈസ് 52 പന്തിൽ ഒരു ഫോർ സഹിതം 49 റൺസുമായി പുറത്താകാതെ നിന്നു. ബ്രൈസിനു പുറമേ സ്കോട്ലൻഡ് നിരയിൽ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ കാതറിൻ ബ്രൈസ് (11 പന്തിൽ 11), ഐൽസ ലിസ്റ്റർ (12 പന്തിൽ 11) എന്നിവർ മാത്രം.
ബംഗ്ലദേശിനായി റിതു മോനി രണ്ടും മറൂഫ അക്തർ, നാഹിദ അക്തർ, ഫാഹിമ ഖാത്തൂൻ, റാബിയ ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
English Summary:
Bangladesh Women vs Scotland Women, Group B Match And Pakistan Women vs Sri Lanka Women, Group A Match- Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net