സിഡ്നി∙ ഇന്ത്യൻ സമയം ഇന്നു പുലർച്ചെ ആരംഭിക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ കളിക്കാൻ സാധ്യതയില്ലെന്ന് ഓസ്ട്രേലിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ. രോഹിത് അഞ്ചാം ടെസ്റ്റിൽ കളിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു പിച്ച് പരിശോധിച്ച ശേഷമായിരിക്കും പ്ലേയിങ് ഇലവന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക എന്നായിരുന്നു മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ മറുപടി. ‘ഇന്ത്യൻ ക്രിക്കറ്റിലെ തലമുറമാറ്റം സുരക്ഷിതമായ കൈകളിലാണ്. കളിമികവ് മാത്രമാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നതിലുള്ള മാനദണ്ഡം’– ഗംഭീർ പറഞ്ഞു. ഇതോടെ രോഹിത് ശർമ കളിച്ചേക്കില്ലെന്ന അഭ്യൂഹം ശക്തമായി. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായിട്ടാകും ടീം ക്യാപ്റ്റനെ പരുക്കോ മറ്റു പ്രശ്നങ്ങളോ ഇല്ലാത്ത സാഹചര്യത്തിലും ആദ്യ ഇലവനിൽനിന്ന് ഒഴിവാക്കുന്നത്. കഴിഞ്ഞ 5 ഇന്നിങ്സുകളിലായി 31 റൺസ് മാത്രമാണ് മുപ്പത്തിയേഴുകാരനായ രോഹിത്തിനു നേടാൻ കഴിഞ്ഞത്.
രോഹിത്തിനു പകരം ശുഭ്മൻ ഗിൽ ആദ്യ ഇലവനിൽ വന്നേക്കാം. രോഹിത്തിന്റെ അഭാവത്തിൽ ജസ്പ്രീത് ബുമ്ര ക്യാപ്റ്റനാവുകയും ചെയ്യും. രോഹിത് വിട്ടുനിന്ന ആദ്യ ടെസ്റ്റിൽ ബുമ്രയായിരുന്നു ക്യാപ്റ്റൻ. ആ മത്സരം ഇന്ത്യ 295 റൺസിനു ജയിച്ചിരുന്നു. പരുക്കേറ്റ പേസർ ആകാശ് ദീപ് കളിക്കാതിരുന്നാൽ പകരം പേസർ പ്രസിദ്ധ് കൃഷ്ണയ്ക്കാണു സാധ്യത.
ക്യാപ്റ്റനായി കോലിയുടെ പേരും
രോഹിത് ശർമ അഞ്ചാം ടെസ്റ്റിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിൽ ക്യാപ്റ്റനായി വിരാട് കോലിയെ തിരികെ കൊണ്ടുവരണമെന്നും ഡ്രസിങ് റൂമിൽ ആവശ്യമുയർന്നു. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ഇന്ത്യൻ ക്യാപ്റ്റനാണ് കോലി. ഈ സാഹചര്യത്തിൽ കോലിയെ ടെസ്റ്റിൽ ക്യാപ്റ്റനായി തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യം.
പന്തിനും നിർണായകം
മോശം ഫോമിലൂടെ കടന്നു പോകുന്ന ഋഷഭ് പന്തിനും ഇന്നത്തെ മത്സരം നിർണായകമാകും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അലക്ഷ്യമായ ഷോട്ടുകൾ കളിച്ചു പുറത്തായ പന്തിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പരിശീലന മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ധ്രുവ് ജുറേലിന് പരമ്പരയിൽ ഇതുവരെ അവസരം നൽകിയിട്ടില്ല.
മുഖം നൽകാതെ രോഹിത്തും ഗംഭീറും
മത്സരത്തലേന്ന് പിച്ച് പരിശോധനയ്ക്കിടെ പരസ്പരം മുഖം നൽകാതെ ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും. വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയ്ക്കൊപ്പമാണ് ഗംഭീർ പിച്ച് പരിശോധിക്കാനായി എത്തിയത്. ഇരുവരും പിച്ചിൽ നിന്ന് സംസാരിക്കുന്നതിനിടെ രോഹിത്തും എത്തി. എന്നാൽ ഗംഭീറും രോഹിത്തും പരസ്പരം സംസാരിച്ചില്ല. പിന്നാലെ പരിശീലനത്തിനായി എല്ലാ താരങ്ങളും നെറ്റ്സിലേക്ക് എത്തിയെങ്കിലും രോഹിത് മാത്രം വന്നില്ല. പരിശീലന സെഷൻ തുടങ്ങി അര മണിക്കൂറിനു ശേഷം നെറ്റ്സിൽ എത്തിയ രോഹിത് ഗംഭീറുമായി സംസാരിക്കാതെയാണ് മടങ്ങിയത്.
ഡ്രസിങ് റൂം സംഭാഷണം പുറത്താകുന്നു: തുറന്നടിച്ച് ഗംഭീർ
ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിൽ നടക്കുന്ന പല ചർച്ചകളും പരസ്യപ്പെടുത്തുന്നതിനെതിരെ പ്രതിഷേധവുമായി പരിശീലകൻ ഗൗതം ഗംഭീർ. ‘ഡ്രസിങ് റൂമിൽ ഉണ്ടാകുന്ന ചർച്ചകളും സംവാദങ്ങളും അവിടെ അവസാനിക്കണം. അതൊന്നും പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. അവിടെ വൈകാരികമായി പലതും സംസാരിച്ചേക്കാം. അതൊന്നും പരസ്യമായി ചർച്ച ചെയ്യേണ്ടതില്ല. ആത്മാർഥതയുള്ള ആളുകൾ ഡ്രസിങ് റൂമിൽ ഉള്ളിടത്തോളം കാലം ഇന്ത്യൻ ക്രിക്കറ്റിന് യാതൊന്നും സംഭവിക്കില്ല’ ഗംഭീർ പറഞ്ഞു.
English Summary:
Australia vs India, 5th Cricket Test, Day 1 – Live Updates
TAGS
Sports
Test Cricket
Rohit Sharma
Virat Kohli
India -Australia Test Series
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]