ലക്നൗ∙ ഇന്ത്യൻ ക്രിക്കറ്റിൽ അജിൻക്യ രഹാനെയുടെ കാലം അവസാനിച്ചെന്ന് വിധിയെഴുതാൻ വരട്ടെ! ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ ഉറച്ച സെഞ്ചറി നേരിയ വ്യത്യാസത്തിൽ നഷ്ടമായെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറഞ്ഞ് രഹാനെയുടെ തകർപ്പൻ പ്രകടനം. ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനം ആദ്യ സെഷനിൽ മുംബൈ നായകൻ കൂടിയായ രഹാനെ സെഞ്ചറിക്ക് മൂന്നു റൺസ് അരികെ വീണു.
234 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 97 റൺസെടുത്ത രഹാനെയെ, യഷ് ദയാലാണ് പുറത്താക്കിയത്. തകർപ്പനൊരു ബൗണ്സറിലൂടെയാണ് യഷ് ദയാൽ രഹാനെയെ പുറത്താക്കിയത്. ഒന്നും ചെയ്യാനാകാതെ ബാറ്റ് ഉയർത്തിയപടി നിന്നുപോയ രഹാനെ, വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
അതേസമയം, സെഞ്ചറി ലക്ഷ്യമിട്ട് കുതിക്കുന്ന യുവതാരം സർഫറാസ് ഖാനിലാണ് മുംബൈയുടെ പ്രതീക്ഷ. 80 ഓവർ പൂർത്തിയാകുമ്പോൾ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് എന്ന നിലയിലാണ് മുംബൈ. സർഫറാസ് 74 റൺസോടെയും ഷംസ് മുളാനി അഞ്ച് റൺസോടെയും ക്രീസിൽ. മുംബൈയ്ക്കായി ശ്രേയസ് അയ്യരും അർധസെഞ്ചറി നേടി. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി മുകേഷ് കുമാർ മൂന്നും യഷ് ദയാൽ രണ്ടു വിക്കറ്റെടുത്തു.
ഒരു ഘട്ടത്തിൽ മൂന്നിന് 37 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയെ, നാലാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പവും അഞ്ചാം വിക്കറ്റിൽ സർഫറാസ് ഖാനൊപ്പവും സെഞ്ചറി കൂട്ടുകെട്ടു തീർത്ത് ശക്തമായ നിലയിലെത്തിച്ച ശേഷമാണ് രഹാനെയുടെ മടക്കം. നാലാം വിക്കറ്റിൽ രഹാനെ – അയ്യർ സഖ്യം 170 പന്തിൽ 102 റൺസും, അഞ്ചാം വിക്കറ്റിൽ രഹാനെ – സർഫറാസ് സഖ്യം 240 പന്തിൽ 131 റൺസും കൂട്ടിച്ചേർത്തു. അയ്യർ 84 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 57 റൺസെടുത്ത് പുറത്തായി.
റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, ഒന്നാം ദിനം കളി നിർത്തുമ്പോൾ 68 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എന്ന നിലയിലായിരുന്നു. നിലവിലെ രഞ്ജി ട്രോഫി ചാംപ്യൻമാരായ മുംബൈയുടെ തുടക്കം പരിതാപകരമായിരുന്നു. സ്കോർ ബോർഡിൽ 37 റൺസ് എത്തുമ്പോഴേക്കും ഓപ്പണർ പൃഥ്വി ഷാ ഉൾപ്പെടെയുള്ളവർ ഡ്രസിങ് റൂമിൽ മടങ്ങിയെത്തി.
സ്കോർ ബോർഡിൽ ആറു റൺസുള്ളപ്പോൾ ഒരേ ഓവറിൽ പൃഥ്വി ഷാ, ഹാർദിക് ടാമോർ എന്നിവരെ മുകേഷ് കുമാറാണ് പുറത്താക്കിയത്. ഏഴു പന്തിൽ ഒരു ഫോർ സഹിതം നാലു റൺസെടുത്ത ഷായെ ദേവ്ദത്ത് പടിക്കലും, മൂന്നു പന്തു നേരിട്ട് അക്കൗണ്ട് തുറക്കാനാകാതെ പോയ ഹാർദിക്കിനെ ധ്രുവ് ജുറേലും പിടികൂടി.
ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ച ഓപ്പണർ ആയുഷ് മാത്രയും പിന്നാലെ മടങ്ങി. 35 പന്തിൽ മൂന്നു ഫോറുകൾ സഹിതം 19 റൺസെടുത്ത ആയുഷിനെയും മുകേഷ് കുമാറിന്റെ പന്തിൽ ജുറേൽ ക്യാച്ചെടുത്ത് പുറത്താക്കി. ഇതിനു ശേഷമായിരുന്നു മുംബൈ ഇന്നിങ്സിന്റെ നട്ടെല്ലായ രഹാനെ – അയ്യർ കൂട്ടുകെട്ട്. നാലാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ഇരുവരും ടീമിനെ കരകയറ്റിയത്. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി മുകേഷ് കുമാർ 14 ഓവറിൽ 60 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. യഷ് ദയാൽ 15 ഓവറിൽ 46 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
English Summary:
Mumbai vs Rest of India, Irani Cup 2024, Day 2 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]