
ഞാൻ ഹാപ്പിയാണോ എന്നു ചോദിച്ചാൽ അല്ല, വലിയ നിരാശയിലാണോ എന്നു ചോദിച്ചാൽ അതുമല്ല’– ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1–1 സമനില വഴങ്ങിയ മത്സരത്തിനു ശേഷം മാധ്യമസമ്മേളനത്തിനു വന്നപ്പോൾ അത്ര നല്ല മൂഡിലായിരുന്നില്ല കേരള ബ്ലാസ്റ്റേഴ്സ് കോച്ച് മികായേൽ സ്റ്റാറെ.
അടീന്ന് പറഞ്ഞാ എന്തൊരടി!: ടെസ്റ്റിലെ വേഗമേറിയ 50, 100, 150, 200, 250 ടീം സ്കോർ റെക്കോർഡുകൾ ഇന്ത്യയ്ക്ക്
Cricket
81–ാം മിനിറ്റിൽ ഡിഫൻഡർ അഷീർ അക്തർ ചുവപ്പുകാർഡ് കിട്ടി പുറത്തായതോടെ നോർത്ത് ഈസ്റ്റ് 10 പേരായി ചുരുങ്ങിയപ്പോൾ ലഭിച്ച മേധാവിത്വം മുതലെടുക്കാൻ തന്റെ ടീമിനു കഴിയാതെ പോയതിൽ രോഷാകുലനായിരുന്നു അദ്ദേഹം. വർഷങ്ങളായി ബ്ലാസ്റ്റേഴ്സ് നേരിടുന്ന ഫൈനൽ തേഡിലെ ആശയക്കുഴപ്പം കഴിഞ്ഞ കളിയിലും ആവർത്തിക്കപ്പെട്ടു. 3 മത്സരങ്ങളിൽ ഓരോ ജയവും തോൽവിയും സമനിലയും. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ഇതുവരെയുള്ള പ്രകടനത്തിൽ ശ്രദ്ധേയമായ 5 കാര്യങ്ങൾ ഇവയാണ്.
ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർനോവ
മൂന്നു കളിയിൽ 2 ഗോൾ നേടി മൊറോക്കൻ താരം നോവ സദൂയി ബ്ലാസ്റ്റേഴ്സിന്റെ താരപ്രമുഖനായി മാറിക്കഴിഞ്ഞു. ഡിഫൻസിലെത്തി പന്തെടുത്ത് മധ്യനിരയിലും ഇരുവിങ്ങുകളിലും മാറിമാറിക്കളിക്കുന്ന മുപ്പത്തിയൊന്നുകാരൻ നോവയാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം എന്നതിൽ സംശയമില്ല. എഫ്സി ഗോവയിൽ കഴിഞ്ഞ 2 സീസണുകളിലായി 43 കളിയിൽ 23 ഗോൾ നേടിയ നോവ ഇതേ ഫോമിൽ തുടർന്നാൽ ബ്ലാസ്റ്റേഴ്സിന് വലിയ സ്വപ്നങ്ങൾ കാണാം. നോർത്ത് ഈസ്റ്റ് താരം അലാഡിൻ അജാരിയുമായി കൂട്ടിയിടിച്ച് തലപൊട്ടിയിട്ടും പന്തിൽനിന്നു ടച്ച് വിടാതെ അതുമായി കുതിച്ച നോവയുടെ ആറ്റിറ്റ്യൂഡ് പ്രശംസ നേടിക്കഴിഞ്ഞു.
നോർത്ത് ഈസ്റ്റിനെതിരെ അഡ്രിയൻ ലൂണയുടെ മുന്നേറ്റം. Photo: X@ISL
ഫിനിഷിങ് ലൈനപ്പ്
‘ഞാൻ വിശ്വസിക്കുന്നതു ഫിനിഷിങ് ലൈനപ്പിലാണ്, സ്റ്റാർട്ടിങ് ലൈനപ്പിൽ അല്ല’– നോർത്ത് ഈസ്റ്റ് മത്സരത്തിനു തലേന്നു കോച്ച് സ്റ്റാറെയുടെ പഞ്ച് ഡയലോഗ് ആയിരുന്നു ഇത്. സ്റ്റാർട്ടിങ് ലൈനപ്പിൽ ഇറക്കാതെ രണ്ടാം പകുതിയുടെ അവസാനസമയത്തേക്കു സ്റ്റാറെ കരുതിവയ്ക്കുന്ന ബ്രഹ്മാസ്ത്രങ്ങൾക്കു കളിയിൽ മാറ്റം വരുത്താൻ സാധിക്കുമെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഈസ്റ്റ് ബംഗാളിനെതിരെ ഗോൾ നേടിയതു സബ്സ്റ്റിറ്റ്യൂട്ട് ക്വാമെ പെപ്ര. നോർത്ത് ഈസ്റ്റിനെതിരെ രണ്ടാം പകുതിയിലിറങ്ങിയ മുഹമ്മദ് അയ്മനു ഭാഗ്യക്കേടുകൊണ്ടു മാത്രം ഗോൾ നേടാൻ കഴിയാതെ പോയതു രണ്ടു വട്ടം.
ക്രിയേറ്റീവ് മിഡ്ഫീൽഡ്
ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റപ്പോൾ വെർട്ടിക്കൽ ഫുട്ബോളിനെക്കുറിച്ചാണ് സ്റ്റാറെ ആദ്യം വാചാലനായത്. വിലങ്ങനെയുള്ള പാസുകൾക്കു പകരം എതിർ ഗോൾമുഖത്തേക്കു നേരിട്ടെത്തുന്ന ഫോർവേഡ് പാസുകൾക്കു തന്റെ ശൈലിയിലുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അഡ്രിയൻ ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സ് നേരിട്ട പ്രശ്നം ക്രിയേറ്റീവ് മിഡ്ഫീൽഡ് ഇല്ലായെന്നതായിരുന്നു. ടീമിൽ അറ്റാക്കിങ് മിഡ്ഫീൽഡർമാർ കുറവാണെന്നതും പ്രശ്നമായി. യുവ മലയാളി താരം വിബിൻ മോഹനനു മത്സരപരിചയം കൂടുന്നതോടെ മധ്യനിര കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാം.
പ്രതിരോധത്തിലെ പ്രശ്നങ്ങൾ
മിലോസ് ഡ്രിൻസിച്ചും പ്രീതം കോട്ടാലും കാക്കുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ വലതുവിങ്ങിലെ വിള്ളലുകൾ കഴിഞ്ഞ കളികളിൽ പ്രകടമായിരുന്നു. വിങ് അറ്റാക്കിനു കൂടി നിയോഗിക്കപ്പെടുന്ന സന്ദീപ് സിങ്ങിന് വേണ്ടത്ര ശ്രദ്ധ പ്രതിരോധത്തിലില്ല എന്നൊരു തോന്നൽ നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലുണ്ടായി. രണ്ടാംപകുതിയിൽ സന്ദീപിനെ പിൻവലിച്ച് ഹോർമിപാമിനെ കളത്തിലിറക്കാൻ കോച്ച് നിർബന്ധിതനായത് ഇതിനാലാണ്. കളിയിൽ ബ്ലാസ്റ്റേഴ്സിനു പ്രതിരോധത്തിൽ പിഴച്ചതെല്ലാം ഈ ഭാഗത്തായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൊച്ചി പനമ്പള്ളി നഗറിലെ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നു. ചിത്രം : ഇ വി ശ്രീകുമാർ ∙ മനോരമ
ഫൈനൽ തേഡിലെ ഭൂതം
ഏഴു കടലും കടന്നെത്തിയ കപ്പൽ ഒരു കൈത്തോട്ടിൽ മുങ്ങി എന്ന അവസ്ഥയാണ് പലപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ഗോൾനീക്കങ്ങൾക്കും! മധ്യനിരയിൽനിന്ന് പെനൽറ്റി ഏരിയ വരെയെത്തുന്ന പന്തിനു പിന്നീടു ഗോളിലേക്കു വഴികാട്ടിക്കൊടുക്കാൻ സാധിക്കുന്നവരില്ല. കഴിഞ്ഞ കളിയിൽ നോവ സദൂയിയുടെ 3 ക്രോസുകളാണ് കണക്ട് ചെയ്യാൻ ആളില്ലാതെ പാഴായത്. മുഹമ്മദ് അയ്മന് ഓപ്പൺ പോസ്റ്റിൽ പിഴച്ചതു 2 വട്ടം. കെ.പി. രാഹുലിന്റെയും ഡാനിഷ് ഫാറൂഖിന്റെയും 2 ഷോട്ടുകളും ഗോളാകാതെ പോയി. അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയ സെൻട്രൽ ഫോർവേഡ് ഹെസൂസ് ഹിമെനെ കളം പിടിച്ചാൽ ഈ പ്രശ്നമെല്ലാം തീരും!
English Summary:
Five remarkable things about Kerala Blasters’ performance in first 3 ISL matches
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]