മുംബയ്: ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ജനുവരി അവസാനത്തോടെ ഇംഗ്ളണ്ടുമായുള്ള ട്വന്റി 20, ഏകദിന മത്സരങ്ങൾ ആരംഭിക്കാനിരിക്കുകയാണ്. കഴിഞ്ഞ സംഭവബഹുലമായ വർഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം ശ്രീലങ്കയിൽ ഏകദിന പരമ്പര തോറ്റു. പിന്നാലെ ന്യൂസിലാന്റുമായി നാട്ടിൽ ടെസ്റ്റ് പരമ്പരയും തോറ്റു. അഭിമാന പോരാട്ടമായ ബോർഡർ-ഗവാസ്കർ ട്രോഫി അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ 2-1ന് പിന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനാകാതെ പുറത്താകാനുള്ള സാദ്ധ്യതയാണ് ഇപ്പോൾ ഇന്ത്യയ്ക്കുള്ളത്. സിഡ്നിയിലെ ടെസ്റ്റ് മത്സരവും തോറ്റാൽ ഒട്ടും ഫോമിലല്ലാത്ത ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത്ത് ശർമ്മയ്ക്ക് വിരമിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ഇതിനിടെ ഇംഗ്ളണ്ട് പരമ്പരയിലെ ഏകദിന മത്സരങ്ങളിൽ നിന്നും ക്യാപ്റ്റൻ രോഹിത്ത് ശർമ്മയ്ക്കും വിരാട് കൊഹ്ലിയ്ക്കും സ്റ്റാർ പേസ് ബൗളർ ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിക്കും എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിസിസിഐയുടെ വർക്ലോഡ് മാനേജ്മെന്റ് ക്രമീകരണത്തിന്റെ ഭാഗമായാണ് ഇത്. അഞ്ച് ട്വന്റി20യും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. അന്തിമതീരുമാനം ഇതുവരെ ബിസിസിഐ എടുത്തിട്ടില്ല.
പാകിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപായി ഇന്ത്യ കളിക്കുക ഇംഗ്ളണ്ടുമായുള്ള ഈ പരമ്പരയാണ്. രോഹിത്തിനും കൊഹ്ലിയ്ക്കും ബുംറയ്ക്കും ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാനാണ് ഇതെന്നാണ് സൂചനകൾ. നിലവിൽ അത്യുജ്വല ഫോമിലാണ് ബുംറ. എന്നാൽ വളരെ മോശം ഫോമിലാണ് രോഹിത്തും കൊഹ്ലിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിൽ മറ്റ് ബൗളർമാരാരും മികച്ച ഫോമിൽ കളിക്കാത്തത് ബുംറയ്ക്ക് വലിയ ജോലിഭാരമാണ് ഉണ്ടാക്കിയത്. നിലവിൽ നാല് ടെസ്റ്റുകളിലായി 30 വിക്കറ്റുകളാണ് ബുംറ നേടിയത്. രോഹിത്ത് ശർമ്മ ഈ ടെസ്റ്റ് സീസണിൽ 15 ഇന്നിംഗ്സുകളിൽ 10ലും രണ്ടക്കം കാണാതെ പുറത്തായി. കൊഹ്ലിയാകട്ടെ 17 ഇന്നിംഗ്സിൽ ഒൻപതിലും രണ്ടക്കം കണ്ടില്ല. ഇരുവരും ഈ വർഷത്തെ ട്വന്റി 20 ലോകകപ്പ് വിജയത്തോടെ ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിനോട് വിടപറയുകയും ചെയ്തിരുന്നു.