സിഡ്നി: നാട്ടില്‍ ന്യൂസിലാന്‍ഡിനോടുള്ള മൂന്ന് മത്സര പരമ്പര കഴിയുമ്പോള്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത ഉറപ്പിക്കുമെന്നായിരുന്നു ആരാധകരും ക്രിക്കറ്റ് വിദഗ്ദ്ധരും ഒരുപോലെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ പരമ്പര 3-0ന് ഇന്ത്യ കൈവിട്ടു. പിന്നാലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്ക് പറന്നു. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ പെര്‍ത്തില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങി. രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തി, പിന്നീട് നടന്ന മൂന്ന് ടെസ്റ്റിലും ഇന്ത്യ പിന്നോട്ട് പോയി. രണ്ടെണ്ണം തോറ്റപ്പോള്‍ മഴ കാരണം ഗാബയില്‍ രക്ഷപ്പെട്ടു.
രോഹിത്തിന്റെ കീഴില്‍ അവസാനമായി ഇന്ത്യ ഒരു ടെസ്റ്റ് ജയിച്ചത് താരതമേന്യ ദുര്‍ബലരായ ബംഗ്ലാദേശിനോടാണ്. ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരായ പരമ്പരയോടെ രോഹിത്തിന്റെ നായകസ്ഥാനം മാത്രമല്ല ടീമിലെ സ്ഥാനം പോലും ചോദ്യംചെയ്യപ്പെടുകയാണ്. ഓസ്ട്രേലിയയിലെ നായകന്റെ മൂന്ന് ടെസ്റ്റുകളിലെ പ്രകടനം പരമദയനീയമാണ്. അഡെലെയ്ഡ്: 3,6, ബ്രിസ്ബേന്‍: 10 മെല്‍ബണ്‍: 3, 9 എന്നിങ്ങനെയാണ്. 5 ഇന്നിംഗ്സുകളില്‍ നിന്ന് രോഹിത് നേടിയത് വെറും 31 റണ്‍സ് . ന്യൂസിലാന്‍ഡിനോട് ആറ് ഇന്നിംഗ്സുകളില്‍ നിന്ന് നേടിയത് വെറും 91 റണ്‍സ് .
കഴിഞ്ഞ ആറ് ടെസ്റ്റുകളിലെ 11 ഇന്നിംഗ്സില്‍ നിന്ന് ആകെ നേടിയത് 122 റണ്‍സ് മാത്രം. ഇതില്‍ 50ന് മുകളില്‍ സ്കോര്‍ ചെയ്തത് ഒരേയൊരു തവണ . ക്യാപ്റ്റന്‍സിയുടെ പേരില്‍ ധോണിക്ക് ശേഷം ഏറ്റവും മികച്ച നായകന് എന്ന പേരും ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിച്ച നായകനെന്നും വിശേഷണമുണ്ട് രോഹിത്തിന്. ലോകകപ്പ് വിജയിച്ച മൂന്ന് നായകരാണ് ഇന്ത്യക്കുള്ളത്. കപിലിനും ധോണിക്കും ശേഷം ഈ നേട്ടം രോഹിത്തിന് സ്വന്തമാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത്ത് ഒരിക്കലും ഇന്ത്യയുടെ മികച്ച നായകനായിരുന്നില്ല.
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യക്ക് മേല്‍ക്കൈ കിട്ടേണ്ട പല സാഹചര്യങ്ങളും മോശം ക്യാപ്റ്റന്‍സിയിലൂടെ രോഹിത്ത് നഷ്ടപ്പെടുത്തി. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബോക്സിംഗ് ഡേ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയുടെ അവസാന സഖ്യമായ സ്കോട്ട് ബോളന്‍ഡ് – നാഥന് ലയണ്‍ എന്നിവര്‍ക്കെതിരെ രോഹിത് സെറ്റ് ചെയ്ത ഫീല്‍ഡ്. കളത്തില്‍ പലപ്പോഴും അലസനായിട്ടാണ് രോഹിത്തിനെ കാണപ്പെട്ടതും. തുടര്‍തോല്‍വികളും മോശം ബാറ്റിംഗ് ഫോമും അയാളെ വല്ലാതെ തളര്‍ത്തിയിരിക്കുന്നുവെന്ന് ചലനങ്ങളില്‍ വ്യക്തം.
മത്സരങ്ങള്‍ക്ക് ശേഷമുള്ള പ്രസ് മീറ്റുകളില്‍ മറ്റ് താരങ്ങള്‍ ഉത്തരവാദിത്തം മറക്കുന്നുവെന്ന് വിമര്‍ശിക്കുന്ന രോഹിത് ഒരിക്കലും സ്വന്തം പ്രകടനത്തെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല. സ്വയം വിമര്‍ശനത്തിന് തയ്യാറായില്ലെന്ന് മാത്രമല്ല മറിച്ച് സ്വന്തം മോശം ഫോമിനെ ന്യായീകരിക്കുന്നതും കാണാനായി. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സിഡ്നി ടെസ്റ്റിന് ശേഷം രോഹിത് ശര്‍മ്മയെ റെഡ് ബോള്‍ ക്രിക്കറ്റില്‍ കാണാന്‍ സാദ്ധ്യതയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടാന്‍ ആദ്യം സിഡ്നി ടെസ്റ്റ് വിജയിക്കണം. മത്സരം വിജയിച്ചാല്‍ ശ്രീലങ്ക – ഓസ്ട്രേലിയ പരമ്പരയുടെ ഫലത്തെ കൂടി ആശ്രയിക്കണം ഇന്ത്യക്ക് ഫൈനലിന് യോഗ്യത നേടാന്‍. സിഡ്നിയില്‍ വിജയിച്ചില്ലെങ്കില്‍ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി കൈവിടുമെന്നത് മറ്റൊരു കാര്യം. മെല്‍ബണിലെ നാലാം ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ തന്നെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഓസ്ട്രേലിയയിലേക്ക് പറന്നിരുന്നു.
രോഹിത്തുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഗാര്‍ക്കര്‍ താരത്തിന്റെ മോശം ഫോമിനെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ (വിദൂര സാദ്ധ്യത മാത്രം) അതുവരെ തുടരാന്‍ അനുവദിക്കണമെന്നാണ് രോഹിത് സെലക്ഷന് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറിച്ച് ന്യൂ ഇയര്‍ ടെസ്റ്റില്‍ തോല്ക്കുകയാണെങ്കില് രോഹ്ത് ശര്‍മ്മയ്ക്ക് വെള്ളക്കുപ്പായം എന്നെന്നേക്കുമായി അഴിച്ചുവെക്കാം.