തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
‘തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവൽക്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നത്.
വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാൻ അർഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണ്’- മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും ജയിക്കാൻ കാരണം ‘കേരളം മിനി പാകിസ്ഥാൻ’ ആയതുകൊണ്ടാണ് എന്നായിരുന്നു മന്ത്രി നിതേഷ് റാണയുടെ വിവാദ പ്രസ്താവന. ഇരുവരും തിരഞ്ഞെടുപ്പിൽ ജയിച്ചത് ഭീകര സംഘടനകളുടെ പിന്തുണകൊണ്ടാണെന്നും മന്ത്രി പൂനെയിൽ ഒരു ചടങ്ങിൽ ആരോപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രസ്താവന വിവാദമായതോടെ മതപരിവർത്തനം, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് പറഞ്ഞതെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്നും മന്ത്രി വിശദീകരണമായും രംഗത്തെത്തി. കേരളത്തിൽ ഹിന്ദുക്കളുടെ സംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്നത് ദൈനംദിന കാര്യമായിരിക്കുന്നു. പാക്കിസ്ഥാനിൽ ഹിന്ദുക്കളോട് പെരുമാറുന്ന രീതി ഇവിടെ ഉണ്ടായാലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.