കണ്ണൂർ: കുഞ്ഞിമംഗലം സ്വദേശി സുമേഷ് ദാമോദരന്റെ ഓട്ടോയിൽ കയറുന്നവർക്ക് ഓഫറുകൾ രണ്ടാണ്. ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുന്നതിനൊപ്പം ഒരു മ്യൂസിയത്തിൽ കയറുന്ന അനുഭവവും. ഏതാണ്ട് 200 രാജ്യങ്ങളുടെ പഴയകാല നാണയങ്ങളും സ്റ്റാമ്പുകളും കറൻസികളുമാണ് സുമേഷിന്റെ ഓട്ടോയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
ഒമാൻ,ശ്രീലങ്ക,ബ്രിട്ടൺ,അമേരിക്ക,യു.എ.ഇ,ബഹ്റിൻ,ഫ്രാൻസ്,ജർമ്മനി ,ഇറാഖ്,നേപ്പാൾ,ചൈന,ഖത്തർ തുടങ്ങി 150 ഓളം രാജ്യങ്ങളുടെ അയ്യായിരത്തിലധികം സ്റ്റാമ്പുകൾ,പഴയ ഓട്ടക്കാലണ ഉൾപ്പെടെ നൂറിലധികം നാണയങ്ങൾ,വിവിധ രാജ്യങ്ങളുടെ തപാൽ മുദ്ര,മേഘദൂത് പോസ്റ്റ് കാർഡ്,ഇൻലന്റ്,മിനിയേച്ചർ ഷീറ്റ്,എയർ മെയിൽ എന്നിവയും ഓട്ടോയിലുണ്ട്. കൊച്ചി-തിരുവിതാംകൂർ അഞ്ചൽ സ്റ്റാമ്പുകൾ,രാജ്യത്തിന്റെ അമ്പതാം സ്വാതന്ത്ര്യ ദിനത്തിൽ ഇറക്കിയ പോസ്റ്റ് കാർഡ് നാൽപത് വിദേശ രാജ്യങ്ങൾ മഹാത്മാഗാന്ധിയുടെ ഓർമ്മയ്ക്കായി ഇറക്കിയ 120 സ്റ്റാമ്പുകൾ എന്നിവയുമുണ്ട്. വ്യക്തിഗത സ്റ്റാമ്പായി കേരളത്തിൽ ആദ്യം പുറത്തിറക്കിയ ശ്രീനാരായണ ഗുരുദേവന്റെ സ്റ്റാമ്പ് തൊട്ട് കൊച്ചി സിനഗോഗിന്റേത് അടക്കമുള്ളവ വേറെ.
മോഷ്ടാക്കളെ ഭയം
2016ൽ വെള്ളി അടക്കം വിലപിടിപ്പുള്ള 200 നാണയങ്ങൾ ഓട്ടോയിൽ നിന്നും മോഷണം പോയിരുന്നു. ഇതിന് ശേഷം അപൂർവ ശേഖരങ്ങൾ ഓട്ടോയിൽ സൂക്ഷിക്കാൻ ഏറെ പ്രയാസമുണ്ടെന്ന് സുമേഷ് പറയുന്നു. ബസിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന കാലത്താണ് നാണയ ശേഖരം തുടങ്ങിയത്. സുമേഷ് ഉൾപ്പെടെയുള്ള സ്റ്റാമ്പ്- നാണയ-കറൻസി ശേഖരണ പ്രേമികൾ എല്ലാ മാസവും അവസാന ഞായറാഴ്ച്ച പൊലീസ് ക്ലബിൽ ഒത്തു കൂടാറുണ്ട്. കുഞ്ഞിമംഗലം എടാട്ട് പറമ്പത്തെ റിട്ട.ആർമി ഉദ്യോഗസ്ഥൻ കെ.വി.ദാമോദരന്റെയും സുലോചനയുടേയും മകനാണ് സുമേഷ്. ഭാര്യ:പി.പി.സൗമ്യ. മക്കൾ:സാവന്ത്,ശ്രീലക്ഷ്മി.
പ്രധാനമന്ത്രിയുടെ അഭിനന്ദനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപൂർവ ശേഖരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തും സുമേഷിനെ തേടിയെത്തിട്ടുണ്ട്. പിന്നാലെ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ അഭിനന്ദനവും ലഭിച്ചു.സുരഷ്ഗോപിയെ തന്റെ ഓട്ടോ മ്യൂസിയം നേരിൽ കാണിക്കണമെന്നും ഒപ്പം ഒരു സവാരി നടത്തണമെന്നുമാണ് സുമേഷിന്റെ ആഗ്രഹം.