കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. പരോൾ അനുവദിച്ചുള്ള നടപടി പൊലീസ് റിപ്പോർട്ടിന് വിരുദ്ധമാണ്. ജയിലിനുള്ളിൽ നിന്ന് പ്രതിക്ക് സഹായം കിട്ടിയെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ത്രിവിക്രമൻ പറഞ്ഞു.
കിരണിന് 30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവിയാണ് പരോൾ അനുവദിച്ചത്. പത്ത് വർഷത്തെ തടവ് ശിക്ഷയാണ് കിരണിന് വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരൺ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പ്രൊബേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി. വീണ്ടും അപേക്ഷ നൽകിയപ്പോൾ പൊലീസ് റിപ്പോർട്ട് എതിരായിരുന്നെങ്കിലും പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായി വന്നു.
അപേക്ഷ സൂപ്രണ്ട് ജയിൽ മേധാവിയുടെ പരിഗണനയ്ക്ക് വിട്ടു. തുടർന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ 30 ദിവസത്തെ പരോൾ അനുവദിക്കുകയും ചെയ്തു. കടുത്ത നിബന്ധനകളോടെയാണ് പരോൾ അനുവദിച്ചതെന്നാണ് ജയിൽ ആസ്ഥാനത്തിൽ നിന്നുള്ള വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2021 ജൂണിലാണ് വിസ്മയ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് വിസ്മയ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനംകാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കിരൺകുമാറിനെ പ്രതിയാക്കുകയും ചെയ്തു. 100 പവൻ സ്വർണവും ഒന്നേകാൽ ഏക്കർ ഭൂമിയും പത്ത് ലക്ഷം രൂപ വിലവരുന്ന കാറും നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ, വിവാഹം കഴിഞ്ഞതോടെ കൂടുതൽ സ്ത്രീധനത്തുക ആവശ്യപ്പെട്ട് കിരൺ, വിസ്മയയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.