ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് റിപ്പോർട്ട്. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. രാജ്യത്തെ ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രി മമതാ ബാനർജിയാണ്. 15 ലക്ഷം രൂപയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആകെ ആസ്തി. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി ഒരു കോടി 18 ലക്ഷം രൂപയാണ്. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകൾ പുറത്തുവിട്ടത്.
രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും ആകെ ആസ്തി 1,630 കോടി രൂപയാണ്. ഓരോ മുഖ്യമന്ത്രിക്കും ശരാശരി 52.59 കോടി രൂപ എന്നിങ്ങനെയാണ് കണക്ക്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് ഏറ്റവും ധനികരായ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഖണ്ഡുവിന്റെ ആകെ ആസ്തി 332 കോടി രൂപയാണ്. മൂന്നാം സ്ഥാനത്തുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആസ്തി 51 കോടി രൂപയും. ഏറ്റവും കുറവ് ആസ്തിയുള്ളവരിൽ രണ്ടാം സ്ഥാനത്ത് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മൂന്നാം സ്ഥാനത്ത് പിണറായി വിജയനുമാണ്.
2023-24 ലെ ശരാശരി പ്രതിശീർഷ അറ്റ ദേശീയ വരുമാനം (എൻഎൻഐ) 1.85 ലക്ഷം രൂപയാണ്. ഒരു മുഖ്യമന്ത്രിയുടെ ശരാശരി സ്വയം വരുമാനം 13.64 ലക്ഷം രൂപയും. ദേശീയ ശരാശരിയുടെ ഏകദേശം 7.3 മടങ്ങാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]