വാഷിംഗ്ടൺ : വൈറ്റ്ഹൗസിലെത്തിയ എളിമയുള്ള നിലക്കടല കർഷകൻ… അന്തരിച്ച മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറെ യു.എസ് ഓർക്കുന്നത് എളിമയുടെ പര്യായമായാണ്. ഒരു പക്ഷേ, അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും സദ്ഗുണ സമ്പന്നൻ. ഒറ്റ ടേം മാത്രമാണ് അധികാരത്തിലിരുന്നത്.
1977 ൽ ജെറാൾഡ് ഫോർഡിനെ തോൽപ്പിച്ച് അധികാരത്തിലെത്തിയ ജിമ്മി 1981ൽ റൊണാൾഡ് റീഗന് മുന്നിൽ അടിപതറി. മോശം സമ്പദ്വ്യവസ്ഥയും ഇറാൻ ബന്ദി പ്രതിസന്ധിയും തലവേദന സൃഷ്ടിച്ച ഭരണ കാലയളവ്. ഇസ്രയേലിനും ഈജിപ്റ്റിനും ഇടയിൽ സമാധാന കരാർ സ്ഥാപിക്കാനായത് ജിമ്മിയുടെ നേട്ടമായി.
ഇസ്രയേലും ഈജിപ്റ്റും യു.എസും 1978ൽ ഒപ്പിട്ട ക്യാമ്പ് ഡേവിഡ് കരാർ മിഡിൽ ഈസ്റ്റിൽ കുറച്ചെങ്കിലും സ്ഥിരത കൊണ്ടുവന്നു. സാമ്പത്തിക മാന്ദ്യവും ഇറാൻ ബന്ദി പ്രതിസന്ധിയും ജിമ്മിയുടെ ഓഫീസിലെ അവസാനത്തെ 444 ദിവസങ്ങൾ സംഘർഷ ഭരിതമാക്കി. അദ്ദേഹത്തിന്റെ ജനപ്രീതി തകർന്നടിഞ്ഞു. 1980ലെ ഇലക്ഷനിൽ വീണ്ടും മത്സരിച്ചെങ്കിലും റിപ്പബ്ലിക്കൻ നേതാവായ റീഗന് മുന്നിൽ കനത്ത പരാജയം ഏറ്റവുവാങ്ങി.
ഞാൻ കള്ളം പറയില്ല…
വാട്ടർഗേറ്റ് വിവാദവും റിച്ചാർഡ് നിക്സണിന്റെ രാജിയും വൈസ് പ്രസിഡന്റായിരുന്ന ഫോർഡിലേക്കുള്ള അധികാര കൈമാറ്റവുമെല്ലാം പുകഞ്ഞ സമയത്താണ് ജിമ്മി അധികാരത്തിലെത്തിയത്. ശരിക്കും വാഷിംഗ്ടണിന് ‘അപരിചിതൻ”. ‘ഞാൻ ജിമ്മി കാർട്ടർ, പ്രസിഡന്റാവാൻ മത്സരിക്കുന്നു. ഞാൻ ഒരിക്കലും നിങ്ങളോട് കള്ളം പറയില്ല…” തുറന്ന ചിരിയോടെ അദ്ദേഹം പ്രചാരണത്തിനിടെ പറഞ്ഞു.
ശക്തനായ നേതാവാണെന്ന് അമേരിക്കൻ ജനതയെ ബോദ്ധ്യപ്പെടുത്തുന്നതിൽ താൻ പരാജയപ്പെട്ടെന്ന് പിന്നീട് ജിമ്മി തന്നെ പറഞ്ഞു. വിദ്യാഭ്യാസം, ഊർജ്ജം എന്നീ ക്യാബിനറ്റ് വിഭാഗങ്ങൾക്ക് രൂപം നൽകിയത് ജിമ്മിയാണ്. പ്രസിഡൻഷ്യൽ കാലയളവിൽ ജിമ്മിക്ക് ശത്രുക്കൾ കുറവായിരുന്നു. 2003ൽ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് തുടങ്ങിയ ഇറാക്ക് യുദ്ധത്തെ ജിമ്മി പരസ്യമായി വിമർശിച്ചു. ബുഷ് ഭരണകൂടം ചരിത്രത്തിലെ ഏറ്റവും മോശമെന്നും പറഞ്ഞു. 2019ൽ പ്രസിഡന്റ് ട്രംപിനെയും വിമർശിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സമാധാനപ്രിയൻ
യു.എസിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച പ്രസിഡന്റാണ് ജിമ്മി കാർട്ടർ. ജോർജ് എച്ച്.ഡബ്ല്യു ബുഷ് (94) ആണ് പട്ടികയിൽ തൊട്ടുപിന്നിൽ. മികച്ച പ്രസിഡന്റിന് പകരം, മികച്ച മുൻ പ്രസിഡന്റെന്നാണ് ജിമ്മി പരക്കെ അംഗീകരിക്കപ്പെട്ടത്. വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയ ശേഷം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായി. ഇതിനിടെ സ്വതന്ത്രമായി നയതന്ത്ര ശ്രമങ്ങളും നടത്തി.
ദ കാർട്ടർ സെന്റർ എന്ന എൻ.ജി.ഒ സ്ഥാപിച്ചു. അന്താരാഷ്ട്ര സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണാനും ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി ശബ്ദമുയർത്താനും നടത്തിയ ശ്രമങ്ങൾ കണക്കിലെടുത്ത് 2002ൽ സമാധാന നോബൽ അദ്ദേഹത്തെ തേടിയെത്തി.
പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരെ സംസാരിക്കുന്ന ജിമ്മി ദൈവ വിശ്വാസി കൂടിയായിരുന്നു. പ്രസിഡൻഷ്യൽ ഓർമ്മക്കുറിപ്പുകൾ മുതൽ കുട്ടികളുടെ പുസ്തകം വരെ രണ്ട് ഡസനിലേറെ പുസ്തകങ്ങളും രചിച്ചു.