സോൾ: 179 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന് പിന്നാലെ രാജ്യത്തെ മുഴുവൻ എയർലൈൻ പ്രവർത്തനങ്ങളുടെയും അടിയന്തര സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ സർക്കാർ. രാജ്യത്തെ 101 ബോയിംഗ് 737-800 വിമാനങ്ങൾ ആദ്യ ഘട്ടത്തിൽ പ്രത്യേകമായി പരിശോധിക്കും. ഞായറാഴ്ച തായ്ലൻഡിൽ നിന്ന് വരും വഴിയാണ് മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെജു എയർ വിമാനം തകർന്നത്. പക്ഷി ഇടിച്ചതു മൂലമുണ്ടായ ലാൻഡിംഗ് ഗിയർ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ബോയിംഗ് 737-800 വിമാനത്തിന് 15 വർഷം പഴക്കമുണ്ടായിരുന്നു. അടിവശം റൺവേയിൽ ഇടിച്ചുകൊണ്ട് ലാൻഡ് ചെയ്ത വിമാനം എയർപോർട്ടിലെ മതിലിലേക്ക് ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു.