തിരുവനന്തപുരം: ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായി, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനുള്ള ക്യാമറ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചു. നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ടീം വഴിയുള്ള നിയമ നടപടികളും ശക്തമാക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ എല്ലാ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും മറ്റ് കൂട്ടായ്മകളുടെയും പ്രതിനിധികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തി ജനകീയ സമിതികൾ രൂപീകരിക്കും.
ക്യാമറ നിരീക്ഷണത്തിന് പുറമേ വിദ്യാലയങ്ങൾ, കലാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയെ വലിച്ചെറിയൽ മുക്തമാക്കുന്നതിനായി കൂടുതൽ മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി മാപ് ചെയ്യാനും നടപടിയെടുക്കും.