മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ എം.ടി വിടപറഞ്ഞ വർഷമാണ് കടന്നുപോകുന്നത്. എല്ലാക്കാലവും വായിക്കപ്പെട്ട രചനകളാണ് എം.ടിയുടേത്. പ്രശസ്തരായ എഴുത്തുകാർക്കൊപ്പം പുതിയ എഴുത്തുകാരും പുതുമയാർന്ന രചനകളും മലയാള സാഹിത്യത്തെ ഊർജ്ജസ്വലമായി അടയാളപ്പെടുത്തിയ വർഷം കൂടിയായിരുന്നു 2024. പുനർവായനകളുടെ കാലമാണ് കടന്നുപോയതെന്നും പ്രസാധകർ പറയുന്നു. എം.ടിക്കും ടി.പത്മനാഭനും ബഷീറിനും വിജയനും സി.വി.ബാലകൃഷ്ണനും എല്ലാ കാലവും മാർക്കറ്റുണ്ട്. വായനയുടെ ലോകത്ത് നിരൂപകർ അരികിലേക്ക് മാറ്റി നിറുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. നവമാദ്ധ്യമങ്ങളുടെ കാലത്ത് ഓരോ സാധാരണക്കാരന്റെയും അഭിപ്രായങ്ങൾ മാനിക്കപ്പെടുന്നതിലൂടെ വായന കുറേക്കൂടി ജനകീയമാകുന്നു.
ഇന്ദുഗോപൻ, ഇ.സന്തോഷ് കുമാർ, വിനോയ് തോമസ്, അംബികാ സുതൻ, രാജശ്രീ, സുഭാഷ് ചന്ദ്രൻ, എസ്.ഹരീഷ് തുടങ്ങി ഏറെ വായനക്കാരുള്ള എഴുത്തുകാരുടെ രചനകൾ കൊണ്ട് സമ്പന്നമായിരുന്നു 2024. വ്യക്തിപരമായ അഭിരുചികൾ കൂടിയാണ് പുസ്തകത്തിന്റെ മൂല്യം നിർണയിക്കുന്നത്. ഒരാൾക്ക് ഇഷ്ടപ്പെടുന്നതല്ല, മറ്റൊരാൾക്ക് പ്രിയമാകുന്നത്. 2024ൽ പുറത്തിറങ്ങിയ 10 ശ്രദ്ധേയ കൃതികളെ ഇവിടെ പരിചയപ്പെടുത്തുന്നു.
മരണവംശം (നോവൽ)
– പി.വി.ഷാജികുമാർ
ഏർക്കാന എന്ന ദേശത്ത് പടർന്ന ചോരയിലൂടെയുള്ള യാത്രയാണ് ഈ നോവൽ. തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീർന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.
മൃത്യസൂത്രം (നോവൽ)
– എസ്. മഹാദേവൻ തമ്പി
മലയാള നോവൽ ശാഖയ്ക്ക് നവീന ഭാവുകത്വം പകരുന്ന അപൂർവ രചനയാണിതെന്ന് എം.കെ.സാനു വിലയിരുത്തുന്നു. പ്രമേയത്തിലും പ്രതിപാദനത്തിലും തികച്ചും വ്യത്യസ്തത പുലർത്തുന്നു. വ്യക്തമായ രാഷ്ട്രീയവുമുണ്ട്.
ജലസ്മാരകം (നോവൽ)
സുജിത് ഭാസ്കർ
ജലത്തിൽ തുടങ്ങി ബാധയിൽ അവസാനിക്കുന്ന താളുകളുടെ ചൂണ്ടയിൽ ഒരു മനുഷ്യായുസിനെ കുടുക്കുന്ന നോവൽ. ഓരോ മനുഷ്യനും രഹസ്യങ്ങളുടെ ഒരു ഖനിയാണെന്ന് ഈ കൃതി ഓർമ്മപ്പെടുത്തുന്നു. ഭാഷയുടെ സൗന്ദര്യം വെളിവാക്കുന്ന കൃതിയെന്ന് എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ വിശേഷിപ്പിച്ച നോവൽ.
മനുഷ്യാലയ ചന്ദ്രിക (കഥാ സമാഹാരം)
കെ.രേഖ
എക്കാലവും ഓർമ്മിക്കപ്പെടുന്ന മലയാളകഥകളുടെ കൂട്ടത്തിലേക്കാണ് കെ.രേഖയുടെ മനുഷ്യാലയ ചന്ദ്രികയും ഇടംപിടിച്ചിരിക്കുന്നത്. മനുഷ്യജീവിതങ്ങളുടെ ചൂടും ചൂരും അനുഭവിപ്പിക്കുന്ന മനുഷ്യാലയചന്ദ്രിക എന്ന കഥയുൾപ്പെടെ ഏഴു കഥകൾ സമാഹാരത്തിൽ ഉൾപ്പെടുന്നു.
ഉടൽവേദം (കഥാ സമാഹാരം)
– മനോജ് വെള്ളനാട്
പദപ്രശ്നം മുതൽ ദോസഖ് തഹ് ദർവാസിൽ അവസാനിക്കുന്ന ഇതിലെ ഓരോ കഥയും മറ്റൊരു ഉടൽവേദമായി വായനയുടെ മുറ്റത്ത് ഒരു ചിന്താഭാരമായി പൂത്തുലഞ്ഞു നിൽക്കുമെന്നതിൽ തർക്കമില്ല. ആനുകാലികങ്ങളിലൂടെ ശ്രദ്ധേയമായ കഥകളുടെ സമാഹാരം.
ഇന്ത്യ എന്ന ആശയം (കുറിപ്പുകൾ)
– സുധാമേനോൻ
ഇന്ത്യ എന്ന ആശയത്തിന്റെ അതിജീവനകഥ ലളിതസുന്ദരമായ ഭാഷയിൽ അവതരിപ്പിക്കുന്ന പുസ്തകം. ഇന്ത്യൻ ഭരണഘടന നിർമ്മിക്കുകയും ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ, മതേതര രാഷ്ട്രമാക്കാൻ നിസ്വാർത്ഥമായി പ്രവർത്തിക്കുകയും ചെയ്ത രാഷ്രീയ നേതാക്കന്മാരെ, ഈ കാലഘട്ടത്തിലെ ജനതയ്ക്കു മുന്നിൽ ഓർമ്മപ്പെടുത്തുന്ന പുസ്തകം.
എംബസിക്കാലം (ആത്മകഥ)
– എം.മുകുന്ദൻ
എം.മുകുന്ദൻ എന്ന എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഫ്രഞ്ച് എംബസിയിലെ നാലു പതിറ്റാണ്ടുകളുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരം. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കലാ, സാഹിത്യ, രാഷ്ട്രീയചരിത്രം കൂടിയായിത്തീരുന്നു ഈ പുസ്തകം.
മരണക്കൂട്ട് (അനുഭവം)
– വിനു.പി
വിനു തന്റെ പതിനഞ്ചാം വയസിലാണ് അഴുകിയ മൃതദേഹങ്ങൾ എടുക്കാൻ തുടങ്ങിയത്. നാട്ടുകാരും വീട്ടുകാരും പതിച്ചുനൽകിയ ശവംവാരി എന്ന പേരുമായി വിനു മൃതദേഹങ്ങളെ ഈ നിമിഷവും നെഞ്ചോടു ചേർക്കുന്നു.സമൂഹത്തിൽ നിന്ന് നിരന്തരം നിഷ്കാസിതനായവന്റെ അനുഭവക്കുറിപ്പുകൾ.
നടന്നു നീങ്ങുന്ന കടുവ (കവിതാ സമാഹാരം)
-ഡി.യേശുദാസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൂക്ഷ്മമായ ദാർശനികതയുടേയും അവബോധത്തിന്റെയും പല അടരുകളാണ് ഈ കവിതാ സമാഹാരത്തിലുള്ളത്. ജീവിതത്തിന്റെ താളമാണ് ഈ കവിതകൾക്ക്. സമകാലിക കവിതയിലെ വേറിട്ട ശബ്ദം.
ആടുകളുടെ വാതിൽ (കവിതാ സമാഹാരം)
– പി.എം.ഗോവിന്ദനുണ്ണി
ധ്യാനത്തിന്റെയും മൗനത്തിന്റെയും പരകോടിയിലേക്ക് വാക്കുകളെ സംക്ഷേപിക്കുന്ന മാന്ത്രികചാരുതയുള്ള കവിതകൾ. ദീർഘമായ ഇടവേളയ്ക്കുശേഷം എഴുതുമ്പോഴും ഏറ്റവും പുതുമയോടെ കവിത എന്ന മാദ്ധ്യമത്തെ ഉപയോഗിക്കാാൻ കവിക്ക് സാധിക്കുന്നു.