
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയിച്ച് പരമ്പര സമനിലയാക്കാന്‍ തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ ആശങ്കപ്പെടുത്തുന്നത് കേപ്ടൗണിലെ ന്യൂലാന്‍ഡ്സിലുള്ള മോശം റെക്കോര്‍ഡ്. കേപ്ടൗണില്‍ ഇതുവരെ കളിച്ച ആറ് ടെസ്റ്റില്‍ ഒന്നില്‍ പോലും ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. രണ്ടു ടെസ്റ്റുകളില്‍ സമനില നേടാനായപ്പോള്‍ നാലെണ്ണത്തില്‍ തോറ്റു.
1993ലാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ കേപ്ടൗണില്‍ ആദ്യമായി കളിച്ചത്. അന്ന് മത്സരം സമനിലയായി. 73 റണ്‍സടിച്ച സച്ചിന് ടെന്‍ഡുല്‍ക്കറായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. 1997ല്‍ വീണ്ടും കേപ്ടൗണില്‍ കളിച്ചപ്പോള്‍ ഇന്ത്യ 282 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങി. ഇന്ത്യക്കായി സച്ചിന് 169 റണ്‍സും അസ്ഹറുദ്ദീന് 115 റണ്‍സും അടിച്ച് തിളങ്ങി. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 144 റണ്‍സിന് തകര്‍ന്നടിഞ്ഞപ്പോള്‍ 35 റണ്‍സെടുത്ത വിവിഎസ് ലക്ഷ്മണായിരുന്നു ടോപ് സ്കോറര്‍. 2007ലായിരുന്നു കേപ്ടൗണില്‍ ഇന്ത്യയുടെ രണ്ടാം തോല്‍വി. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.
2010ല്‍ കേപ്ടൗണില്‍ കളിച്ചപ്പോള്‍ സമനില നേടാന്‍ ഇന്ത്യക്കായി. 2018ല്‍ കേപ്ടൗണില്‍ കളിച്ചപ്പോഴായിരുന്നു ഇന്ത്യയുടെ മൂന്നാം തോല്‍വി. വിരാട് കോലി അടക്കമുള്ള ബാറ്റിംഗ് നിര നിരാശപ്പെടുത്തിയ കളിയില്‍ 93 റണ്‍സടിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. രണ്ടാം ഇന്നിംഗ്സില്‍ വെറും 135 റണ്‍സിന് തകര്‍ന്നടിഞ്ഞ ഇന്ത്യ 72 റണ്‍സിന്റെ തോല്‍വി വഴങ്ങി. അവസാനമായി 2021ല്‍ കേപ്ടൗണില്‍ കളിച്ചപ്പോഴും ഇന്ത്യ തോല്‍വി വഴങ്ങി. ഏഴ് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.
ആദ്യ ഇന്നിംഗ്സില്‍ 73 റണ്‍സുമായി കോലി ടോപ് സ്കോററായപ്പോള്‍ ഇന്ത്യ 223 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയെ 210 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ തിരിച്ചടിച്ചു.രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ റിഷഭ് പന്തും(100) 29 റണ്‍സെടുത്ത വിരാട് കോലിയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 212 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക കീഗന്‍ പീറ്റേഴ്സന്റെ(82) ബാറ്റിംഗ് മികവില്‍ അനായാസം അടിച്ചെടുത്തു. മൂന്നിന് ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റിന് കേപ്ടൗണില്‍ ഇറങ്ങുമ്പോള്‍ ഈ റെക്കോര്‍ഡ് മറികടക്കുക എന്നതാകും ഇന്ത്യുടെ ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]