

First Published Dec 31, 2023, 3:16 PM IST
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം എന്ന് പിണറായി സന്ദേശത്തിൽ പറയുന്നു.
പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം.വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ നമുക്ക് ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള മുന്നേറ്റങ്ങളിൽ അണിനിരന്നു മാത്രമേ വിദ്വേഷ പ്രചരണങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളൂ.
പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾ സൗഹാർദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെ. കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. എല്ലാവർക്കും നവവത്സരാശംസകൾ.- എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.
അതേസമയം, മലയാളികൾക്ക് ഗവർണറും ആശംസകൾ അറിയിച്ചിരുന്നു. കേരളത്തിന്റെ പുരോഗതിയും ക്ഷേമൈശ്വര്യങ്ങളും ലക്ഷ്യമാക്കുന്ന ആശയങ്ങളിലും പ്രവര്ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി എല്ലാവര്ക്കും സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വര്ഷമാകട്ടെ 2024 എന്ന് ആശംസിക്കുന്നുവെന്ന് ഗവര്ണർ സന്ദേശത്തിൽ പറഞ്ഞിരുന്നു.
പുതുവത്സരാശംസയുമായി പ്രധാനമന്ത്രി
പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകീ ബാത്തിലാണ് അദ്ദേഹം ആശംസകളറിയിച്ചത്. ഈ വർഷം രാജ്യം ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ഊർജം പുതിയ വർഷത്തിലും മുന്നോട്ട് പോകാൻ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.
കായിക മത്സരങ്ങളിലും, ഓസ്കറിലും ഇന്ത്യ വലിയ നേട്ടങ്ങൾ നേടിയെടുത്തു. പാരീസ് ഒളിംപിക്സിലും രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത ഭാരതത്തന്റെ ഗുണം യുവാക്കൾക്കാണ് കൂടുതൽ ലഭിക്കുക. പുതു വർഷത്തിൽ യുവാക്കൾ ആരോഗ്യത്തിന് പ്രാധാന്യം നൽകണം, ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. അക്ഷയ് കുമാർ, വിശ്വനാഥന് ആനന്ദ്, ജഗ്ഗി വാസുദേവ് തുടങ്ങിയവർ മൻ കീ ബാതിൽ ഫിറ്റ്നസ് സന്ദേശം നൽകി.
കൂടാതെ മില്ലറ്റ് അടിസ്ഥാനമാക്കിയ സ്റ്റാർട്ടപ്പുകളെ പ്രധാനമന്ത്രി പരിചയപ്പെടുത്തി. ഈ വർഷത്തെ അവസാനത്തെ മൻകീ ബാത് ആണ് ഇന്നത്തേത്. മൻ കീ ബാത്തിന്റെ നൂറ്റിഎട്ടാമത് എഡിഷനാണിത്. രാവിലെ പതിനൊന്ന് മണിക്കാണ് മൻകീ ബാത് ആരംഭിച്ചത്.
Last Updated Dec 31, 2023, 3:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]