മൂന്നാർ: മൂന്നാറിലെ വിവിധ ജലാശയങ്ങളിൽ സവാരി നടത്തുന്ന ബോട്ടുകളിൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സുരക്ഷാ മാനദണ്ഡം പാലിക്കാതെ സഞ്ചാരികളെ കയറ്റി സവാരി നടത്തിയ ബോട്ടിന് 15000 രൂപ പിഴ ചുമത്തി. തുറമുഖ വകുപ്പിനു കീഴിലുള്ള കൊടുങ്ങല്ലൂർ പോർട്ടിൽ നിന്നുള്ള സർവേയർ ഓഫ് പോർട്ട് ജോഫിൻ ലൂക്കോസ്, പോർട്ട് കൺസർവേറ്റർ എസ് കിരൺ, ഉദ്യോഗസ്ഥനായ കെ ജെ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്.
മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ് എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ വിനോദ സഞ്ചാരികളുമായി സവാരി നടത്തുന്ന ഡിടിപിസി, ഹൈഡൽ, സ്വകാര്യ ബോട്ടുകളിലാണ് പരിശോധന നടത്തിയത്. മാട്ടുപ്പെട്ടിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ഹൈഡൽ ടൂറിസം നടത്തുന്ന 73 പേർക്ക് കയറാവുന്ന ഫാമിലി ബോട്ടിൽ നടത്തിയ പരിശോധനയിലാണ് തീ പിടിത്തമുണ്ടാകുമ്പോൾ ഉപയോഗിക്കുന്നതിനുള്ള സുരക്ഷാ സംവിധാനമായ അഗ്നിശമന ഉപകരണത്തിന്റെ കുറവ് കണ്ടെത്തിയത്. ഇതിന് 15000 രൂപ ഉദ്യോഗസ്ഥർ പിഴ ചുമത്തി. കൂടാതെ ഇരുനിലകളിലുള്ള ബോട്ടിൽ ഓരോ നിലയിലും കയറ്റാവുന്നവരുടെ എണ്ണം സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.
‘പുഴുക്കൾ പുളയുന്ന കുടിവെള്ളം, എല്ലാവരും ആശുപത്രിയിലായി’; കോളേജ് മാനേജ്മെന്റിനെതിരെ വിദ്യാർത്ഥികൾ
ഹൈഡൽ, ഡിടിപിസി എന്നിവയുടെ ചില ബോട്ടുകളിൽ സുരക്ഷാ മുന്നറിയിപ്പ് സ്റ്റിക്കറുകൾ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി. തുറമുഖ വകുപ്പ് സവാരി നടത്തുന്ന എല്ലാ ബോട്ടുകളിലും നടത്തുന്ന വാർഷിക പരിശോധനകളുടെ ഭാഗമായാണ് ഇന്നലെ മൂന്നാറിലും പരിശോധന നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Oct 30, 2023, 3:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]