കോഴിക്കോട്∙ രണ്ടു ജില്ലകളുടെ വികസന സ്വപ്നങ്ങൾക്ക് ഗതിവേഗം പകർന്ന് ആനക്കാംപൊയിൽ – കള്ളാടി– മേപ്പാടി ഇരട്ട തുരങ്കപ്പാതയുടെ നിർമാണം ഇന്ന് മുഖ്യമന്ത്രി
ഉദ്ഘാടനം ചെയ്യും.
2134.5 കോടി രൂപയുടെ തുരങ്കപ്പാത പദ്ധതിയിൽ 8.11 കി.മീ നീളമുള്ള തുരങ്കവും രണ്ടു പാലങ്ങളും റോഡുമാണ് നിർമിക്കുന്നത്. മണ്ണിടിഞ്ഞും പ്രകൃതിക്ഷോഭവും മൂലം വയനാട് ജില്ല ദിവസങ്ങളോളം ഒറ്റപ്പെട്ടു പോകുന്ന സംഭവങ്ങൾക്ക് അറുതി വരുത്തുന്നതാതും തുരങ്കപ്പാത.
നാലു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി. ഭോപാൽ ആസ്ഥാനമായുള്ള ദിലിപ് ബിൽഡ്കോൺ (തുരങ്ക നിർമാണം), കൊൽക്കത്ത ആസ്ഥാനമായുള്ള റോയൽ ഇൻഫ്രാസ്ട്രക്ചർ (അനുബന്ധ റോഡും പാലങ്ങളും) കമ്പനിയുമാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.
പദ്ധതിക്കു വേണ്ട 95% ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിയും നേടിയിട്ടുണ്ട്.
∙ വികസനം അതിവേഗത്തിൽ
താമരശ്ശേരി ചുരത്തിൽ അപ്രതീക്ഷിതമായ മണ്ണിടിച്ചിലിൽ രണ്ടു ദിവസം വയനാട് ജില്ല ഒറ്റപ്പെട്ടു പോയത് കഴിഞ്ഞയാഴ്ചയാണ്. കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതവും ഇടയ്ക്ക് തടസ്സപ്പെട്ടു.
ഇത്തരം തടസ്സങ്ങൾ ഒഴിവാക്കുന്നതാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലിൽ നിന്ന് കള്ളാടി വഴി മേപ്പാടിയിലേക്ക് നിർമിക്കുന്ന ഇരട്ട തുരങ്കപ്പാത.
തുരങ്കപ്പാത വരുന്നതോടെ കോഴിക്കോട്ടു നിന്ന് മേപ്പാടിയിലേക്കുള്ള യാത്രാസമയം ഒരു മണിക്കൂറെങ്കിലും കുറയും. പ്രാദേശിക വ്യാപാരത്തിനും സമ്പദ്വ്യവസ്ഥയ്ക്കും പാത മുതൽക്കൂട്ടാകും.
കൃഷി, വ്യാവസായിക, വിനോദസഞ്ചാര മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കപ്പെടും. ചികിത്സാ സൗകര്യങ്ങൾ അപര്യാപ്തമായ വയനാട്ടുകാർക്ക് കോഴിക്കോട്ടേക്ക് കുറഞ്ഞ സമയത്തിൽ എത്താം.
വിനോദഞ്ചാര മേഖലയ്ക്ക് നേട്ടം.
കോഴിക്കോട്-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമാകുന്നതോടെ വലിയ സാമ്പത്തിക മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. നിർമാണ ഘട്ടത്തിലും (940 പേർക്ക്) പിന്നീടും പ്രത്യക്ഷമായും (60 പേർക്ക്) പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
∙ മറ്റു നേട്ടങ്ങൾ:
വാഹനങ്ങളുടെ തേയ്മാനം കുറയും.
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ കാരണം യാത്രാതടസ്സമുണ്ടാകുന്നത് ഒഴിവാക്കാം. കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായും ഇത് മാറും.
റോഡപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ പാതയിലുണ്ടാകും. നിലവിലെ ചുരം റോഡിലെ ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന അധിക മലിനീകരണം ഒഴിവാക്കാം.
∙ പദ്ധതിയുടെ തുടക്കം: തെക്ക് കോഴിക്കോട് ജില്ലയിൽ മറിപ്പുഴ ഭാഗത്ത്. അവസാനിക്കുന്നത്: വടക്ക് മീനാക്ഷി പാലം, വയനാട്.
∙ തുരങ്കപ്പാതയിൽ പ്രതീക്ഷിക്കുന്ന പ്രതിദിന വാഹന ഗതാഗതം: 14027 (2030 ൽ ), 23183 (2040), 35992 (2050). ∙ നിലവിൽ താമരശ്ശേരി ചുരത്തിലെ വാഹന ഗതാഗതം: 18955 ∙ പാലങ്ങൾ: ഇരുവഞ്ഞിപ്പുഴയ്ക്കു കുറുകെ പ്രധാന രണ്ടു പാലങ്ങൾ.
ചെറിയ കലുങ്കുകൾ 3. ∙ വാഹനങ്ങളുടെ പരമാവധി വേഗം: മണിക്കൂറിൽ 80 കിലോമീറ്റർ
നാൾവഴി
∙ 1980 ആനക്കാംപൊയിലിൽ നിന്നു വയനാട്ടിലെ മേപ്പാടിയിലേക്കു കുടിയേറ്റ കാരണവന്മാരുടെ നേതൃത്വത്തിൽ വനയാത്ര സംഘടിപ്പിച്ചു.
മേപ്പാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എ.മുഹമ്മദിന്റെ നേതൃത്വത്തിൽ യാത്രാ സംഘത്തെ സ്വീകരിച്ച് വിപുലമായ കൺവൻഷൻ ചേർന്നു. പിന്നീട് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.എൻ.ചിദംബരന്റെ നേതൃത്വത്തിൽ ആനക്കാംപൊയിലിൽ കൺവൻഷൻ ചേർന്നു.
∙ 2006 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്തായി ചാക്കോ സ്ഥാനാർഥിയായി എത്തിയപ്പോഴാണ് ആനക്കാംപൊയിൽ കള്ളാടി മേപ്പാടി റോഡ് പ്രകടന പദ്ധതിയിൽ ഉൾപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആകസ്മിക വേർപാടിനെത്തുടർന്ന് എംഎൽഎയായ ജോർജ് എം.തോമസ് ഈ പദ്ധതിക്ക് വേണ്ടി കാര്യക്ഷമമായി ഇടപെട്ടു.
എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ജോളി ജോസഫ് എന്നിവരടക്കം 25 പേരുൾപ്പെടുന്ന വനയാത്ര നടത്തി. ∙ 2011ൽ സി.മോയിൻകുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ സർക്കാരിന്റെ മുന്നിൽ കള്ളാടി – മേപ്പാടി– ബദൽ റോഡ് അവതരിപ്പിച്ചു.
ധനകാര്യ മന്ത്രി കെഎം മാണി 2 കോടി രൂപ ഈ പദ്ധതിക്ക് അനുവദിച്ചു. 2015ൽ റൂബി സോഫ്റ്റ് ടെക് എന്ന സ്ഥാപനം നടത്തിയ പ്രാഥമിക സർവേയിൽ സ്വർഗംകുന്നിൽ നിന്ന് കള്ളാടിയിലേക്കു തുരങ്കപ്പാത സാധ്യത കണ്ടെത്തി.
∙ 2016ൽ എൽഡിഎഫ് സർക്കാർ തുരങ്കപ്പാത ആശയം സജീവമാക്കി. ജോർജ് എം.തോമസിന്റെയും ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തുരങ്കപ്പാത സാധ്യത ധരിപ്പിച്ചു.
പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ 20 കോടി രൂപ പദ്ധതിക്കു വേണ്ടി അനുവദിച്ചു. ∙ 2016 നവംബർ: മെട്രോമാൻ ഇ ശ്രീധരനെ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ച് തുരങ്കപ്പാതയുടെ സാധ്യതകൾ ധരിപ്പിച്ചു.
അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആണ് കൊങ്കൺ റെയിൽവേ കോർപറേഷനെ പദ്ധതി ഏൽപിക്കാം എന്ന ആശയം ഉണ്ടാകുകയും പദ്ധതിയുടെ മേൽനോട്ട
നിർമാണ നിർവഹണ ഏജൻസിയായി കൊങ്കൺ റെയിൽവേ കോർപറേഷനെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തത്. സർവേക്ക് 10 കോടി രൂപ സർക്കാർ അനുവദിച്ചു. ഈ സർവേയിൽ ആണ് സ്വർഗംകുന്നിലേക്കു പോകാതെ മറിപ്പുഴ പാലം കടന്ന് തുരങ്കം നിർമിക്കാം എന്ന ആശയം വന്നത്.
8.11 കിലോമീറ്റർ ഉള്ള തുരങ്ക പാതയ്ക്കു കിഫ്ബിയിൽ ഉൾപ്പെടുത്തി 2134 കോടി രൂപ സർക്കാർ അനുവദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]