ഭോപ്പാൽ: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ എത്തിയ യുവാവിന് ഇന്ധനം നൽകാതിരുന്ന പെട്രോൾ പമ്പ് ജീവനക്കാരന് നേരെ വെടിവയ്പ്പ്. ഹെൽമറ്റ് ധരിക്കാത്ത യാത്രക്കാർക്ക് ഇന്ധനം നൽകരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പാലിച്ച പെട്രോൾ പമ്പിലെ ജീവനക്കാരനാണ് വെടിയേറ്റത്.
മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം. ഭിന്ദ്-ഗ്വാളിയോർ ദേശീയപാതയിലെ സാവിത്രി ലോധി പെട്രോൾ പമ്പിൽ ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
ഇവിടത്തെ ജീവനക്കാരനായ 55-കാരനായ തേജ് നാരായൺ നർവാരിയ ഹെൽമറ്റ് ധരിക്കാതെ എത്തിയ രണ്ട് പേർക്ക് പെട്രോൾ നൽകിയില്ല. തുടർന്ന് വാക്കുതർക്കമുണ്ടായി.
കളക്ടറുടെ ഉത്തരവ് പ്രകാരം ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇന്ധനം നൽകാൻ കഴിയില്ലെന്ന് ജീവനക്കാരൻ അറിയിച്ചു. തുടർന്ന് പ്രകോപിതരായ അക്രമികൾ ജീവനക്കാരനെ അസഭ്യം പറഞ്ഞു.
അപ്രതീക്ഷിതമായി വെടിയുതിർക്കുകയും ചെയ്തു. തേജ് നാരായൺ നർവാരിയയുടെ കൈയിലാണ് വെടിയേറ്റത്.
പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ പിസ്റ്റളും മറ്റൊരാൾ റൈഫിളും ഉപയോഗിച്ച് വെടിയുതിർക്കുന്നത് കാണാം. തുടർച്ചയായി പലതവണ വെടിയുതിർത്തതോടെ ഭയന്ന മറ്റ് ജീവനക്കാർ പമ്പിന്റെ ഓഫീസിൽ ഒളിച്ചിരുന്നു.
അക്രമികൾ പോയതിന് ശേഷം മറ്റ് ജീവനക്കാർ നർവാരിയയെ ഭിന്ദ് ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അക്രമികൾ ഭിന്ദിലെ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിജ്പുരി സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. ബിജ്പുരിയിൽ ഗുസ്തി മത്സരം നടക്കുന്നുണ്ടായിരുന്നു.
ഇതിനിടയിൽ ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ വേണ്ടിയാണ് ഇവർ പെട്രോൾ പമ്പിൽ എത്തിയത്. സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞു.
പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചെന്നും ഉടൻതന്നെ പിടികൂടുമെന്നും ബറോഹി പൊലീസ് സ്റ്റേഷനിലെ ഓഫീസർ അതുൽ ഭദോരിയ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]