ജയ്പൂർ: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജസ്ഥാൻ നിയമസഭാംഗമായിരുന്ന കാലത്തെ പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു. അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിച്ചതായും പെൻഷൻ ഉടൻ ആരംഭിക്കുമെന്നും രാജസ്ഥാൻ അസംബ്ലി സെക്രട്ടേറിയറ്റ് അറിയിച്ചു.
1993 മുതൽ 1998 വരെ രാജസ്ഥാനിലെ കിഷൻഗഡ് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്നു ധൻഖർ. 2019 ജൂലൈയിൽ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കപ്പെടുന്നതുവരെ അദ്ദേഹത്തിന് നിയമസഭാംഗമായിരുന്നതിന്റെ പെൻഷൻ ലഭിച്ചിരുന്നു.
ജൂലൈ 21ന് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിന് ശേഷം അദ്ദേഹം പെൻഷൻ പുനഃസ്ഥാപിക്കാൻ അപേക്ഷ സമർപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാജി അംഗീകരിച്ച തീയതി മുതലുള്ള പെൻഷൻ ലഭിച്ചു തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രാജസ്ഥാനിൽ, ഒരു തവണ എംഎൽഎ ആയവർക്ക് പ്രതിമാസം 35,000 രൂപയാണ് പെൻഷൻ. 70 വയസിന് മുകളിലുള്ളവർക്ക് 20 ശതമാനം വർധനവിന് അർഹതയുണ്ട്.
74 വയസുള്ള ധൻഖർക്ക് ഈ വിഭാഗത്തിൽ പ്രതിമാസം 42,000 രൂപ ലഭിക്കാൻ അർഹതയുണ്ട്. ധൻഖർ ഒന്നിലധികം പെൻഷനുകൾക്ക് അർഹനാണ്.
ഒരു തവണ ലോക്സഭാ എംപിയായിരുന്നതിനാൽ പ്രതിമാസം 45,000 രൂപ പെൻഷൻ ലഭിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. കൂടാതെ, മുൻ ഉപരാഷ്ട്രപതി എന്ന നിലയിൽ പ്രതിമാസം 2 ലക്ഷം രൂപ പെൻഷനും, ഔദ്യോഗിക വസതി, ജീവനക്കാർ, വൈദ്യസഹായം എന്നിവയും ലഭിക്കും.
എന്നാൽ പശ്ചിമ ബംഗാൾ ഗവർണറായിരുന്ന കാലയളവിൽ അദ്ദേഹത്തിന് പെൻഷൻ ലഭിക്കാൻ അർഹതയില്ല, എങ്കിലും സെക്രട്ടേറിയൽ സഹായത്തിനായി 25,000 രൂപ തിരികെ ലഭിക്കാൻ അദ്ദേഹത്തിന് അർഹതയുണ്ട്. വിവാദമായ രാജി ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ധൻഖർ പെട്ടെന്ന് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത് രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്.
കോൺഗ്രസ് ഈ നീക്കത്തെ തികച്ചും അപ്രതീക്ഷിതം എന്നാണ് വിശേഷിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങൾക്കപ്പുറം കൂടുതൽ ആഴത്തിലുള്ള കാരണങ്ങൾ ഉണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അവകാശപ്പെട്ടു.
ജൂലൈ 21ന് നടന്ന ചില അസാധാരണ സംഭവങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അന്ന് 12:30-ന് ബിജെപി പ്രസിഡന്റ് ജെ പി നദ്ദയും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും പങ്കെടുത്ത ഒരു ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ ധൻഖർ അധ്യക്ഷത വഹിച്ചിരുന്നു.
4:30-ന് മറ്റൊരു യോഗം നിശ്ചയിച്ചിരുന്നെങ്കിലും, ഇരു നേതാക്കളും അതിൽ പങ്കെടുത്തില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ധൻഖറിന്റെ രാജിയിൽ സംശയം പ്രകടിപ്പിച്ചു.
അദ്ദേഹം ആരോഗ്യവാനായ ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ ആരോഗ്യം പൂർണ്ണമായും ശരിയാണെന്ന് കരുതുന്നുവെന്ന് മമത പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]