ലൈംഗികാരോപണങ്ങളിൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നവർ കേരള രാഷ്ട്രീയ ചരിത്രത്തിലുണ്ട്. എന്നാൽ ആരുംതന്നെ എംഎൽഎ സ്ഥാനം ഒഴിഞ്ഞിട്ടില്ല. 1964 ഫെബ്രുവരി 20. ആർ ശങ്കർ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോ രാജിവെച്ചു. പിടി ചാക്കോയുടെ കാർ തൃശൂരിൽ ഒരു ഉന്തുവണ്ടിയിൽ ഇടിച്ചപ്പോൾ, കാറോടിച്ചിരുന്ന ചാക്കോയ്ക്കൊപ്പം കറുത്ത കണ്ണട വച്ച സ്ത്രീ ഉണ്ടായിരുന്നുവെന്ന ആരോപണത്തെ തുടർന്നായിരുന്നു രാജി. ഐഎഎസുകാരിയായ നളിനി നെറ്റോയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണമുയർന്നപ്പോഴാണ് ഗതാഗത മന്ത്രി നീലലോഹിതദാസൻ നാടാർക്ക് ഇ കെ നായനാർ മന്ത്രിസഭയിൽ നിന്ന് 2000-ത്തിൽ രാജിവയ്ക്കേണ്ടി വന്നത്. കോഴിക്കോട് ഐസ്ക്രീം പാർലർ കേസിൽ ലൈംഗികപീഡന ആരോപണമുയർന്നതിനെ തുടർന്നാണ് 2004-ൽ വ്യവസായമന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്നും രാജിവച്ചത്. 2006-ൽ വിമാനയാത്രയ്ക്കിടെ യാത്രക്കാരിയെ കയറിപ്പിടിച്ചെന്ന ആരോപണത്തിന്റെ പേരിൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ നിന്ന് പൊതുമരാമത്തു മന്ത്രി പി ജെ ജോസഫ് പുറത്തായി.
2013-ൽ വനംമന്ത്രി കെ ബി ഗണേഷ് കുമാറിന് രാജിവെക്കേണ്ടിവന്നു. ഗാർഹികപീഡനം ഉൾപ്പെടെ ആരോപിച്ച് കെ ബി ഗണേഷ് കുമാറിന്റെ മുൻ ഭാര്യ യാമിനി തങ്കച്ചി മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് രേഖാമൂലം പരാതി നൽകിയതിനെ തുടർന്നായിരുന്നു രാജി. ഒന്നാം പിണറായി സർക്കാരിലെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ 2017-ൽ അശ്ലീല സംഭാഷണത്തിന്റെ പേരിൽ രാജിവെച്ചു.
ഷൊർണൂർ എം എൽ എയായിരുന്ന പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തക പീഡനപരാതി നൽകിയെങ്കിലും തീവ്രത കുറഞ്ഞ പീഡനമാണ് നടന്നതെന്ന് പാർട്ടി അന്വേഷണ കമ്മിഷൻ വിലയിരുത്തിയതിനാൽ കേസ്സ് മുന്നോട്ടുപോയില്ല. സോളാർ വിവാദ കാലത്ത് അതിജീവിത അന്നത്തെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എം എൽ എമാർക്കുമെതിരെ ആരോപണമുന്നയിച്ചെങ്കിലും ആരും രാജിവച്ചില്ല. കോവളം എം എൽ എ എം വിൻസെന്റ് 2016-ൽ പീഡനക്കേസിൽ ജയിലിൽ കിടന്നെങ്കിലും രാജിവച്ചില്ല. 2022-ൽ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിയും പീഡനക്കേസിൽ പ്രതിയായെങ്കിലും എംഎൽഎ സ്ഥാനത്ത് തുടരുന്നു. അതിനാൽ രാജിക്കാര്യത്തിൽ എംഎൽഎ എം മുകേഷും മുൻ മാതൃകകൾ പിന്തുടരാനാണ് സാധ്യത.
Story Highlights : History of resignation Kerala Ministers
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]