
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ ട്രോമാ വാർഡിലും ഐസിയുവിലും അതി രൂക്ഷമായ ഗന്ധം. രോഗികളും ജീവനക്കാരുമടക്കം ഭീതിയിലായി. വാർഡിൽ നിന്ന് രോഗികളെ മാറ്റി. ഐ സി യുവിലും ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം. ഉച്ചക്ക് 12.30 ഓടെയാണ് വാർഡിൽ അതിരൂക്ഷമായ ഗന്ധം അനുഭവപ്പെട്ടത്.
അൽപ്പ സമയം കഴിഞ്ഞപ്പോൾ ഐ സി യുവിലും ഇതേ ഗന്ധം അനുഭവപ്പെട്ടു. ഉടൻ തന്നെ വാർഡിലെ 20 ഓളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് ആലപ്പുഴ, തകഴി എന്നിവിടങ്ങളിൽ നിന്നായി 3 യൂണിറ്റ് ഫയർ ഫോഴ്സെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. ഐ സി യുവിൽ 7 രോഗികളും 10 ഓളം ജീവനക്കാരുമുണ്ടായിരുന്നു. ഐ സി യുവിലെ അത്യാസന്ന നിലയിലായ രോഗികളെ മാറ്റാൻ കഴിയുമായിരുന്നില്ല.
ഇതിനാൽ ഐ സി യുവിൽ നിറഞ്ഞു നിന്ന വായു പ്രത്യേകം പമ്പ് ഉപയോഗിച്ച് പുറത്തേക്ക് കളഞ്ഞു. ഇതിന് ശേഷം വാർഡിലെയും ഐ സി യുവിലെയും ഗ്യാസ് സിലിണ്ടറുകൾ പരിശോധിമെങ്കിലും ഇതിൽ ചോർച്ചയില്ലെന്ന് കണ്ടെത്തി. ഐ സി യുവിലെ എ സി പരിശോധിച്ചെങ്കിലും ഇതിലും തകരാറ് കണ്ടെത്തിയില്ല.
വാർഡും ഐ സി യും ശുചീകരിക്കുന്ന എക്കോ ഷീൽഡ് എന്ന ലായനിയുടെ അളവ് കൂടിപ്പോയതാകാം രൂക്ഷമായ ഗന്ധത്തിന് കാരണമായതെന്ന് കരുതുന്നു. പിന്നീട് ഈ ഗന്ധം അനുഭവപ്പെട്ടില്ല. ഒന്നര മണിക്കൂറോളം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഇവിടെ രക്ഷാ പ്രവർത്തനം നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]