
തിരുവനന്തപുരം∙ സ്കൂള്‍ അവധിക്കാലം ജൂണ്‍, ജൂലൈ മാസങ്ങളിലേക്കു മാറ്റുന്നതു സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി
തുടങ്ങിവച്ച ചര്‍ച്ചകളോടു സമ്മിശ്രമായി പ്രതികരിച്ച് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍. ചൂടു കൂടുമ്പോള്‍ കുട്ടികളുടെ ഏകാഗ്രത കുറയുമെന്ന് രാജ്യാന്തര പഠനങ്ങള്‍ ഉണ്ടെന്നും പഠനനിലവാരത്തെ അതു ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കേരള കേന്ദ്രസര്‍വകലാശാല സ്കൂള്‍ ഓഫ് എഡ്യൂക്കേഷനിലെ പ്രഫസർ ഡോ.അമൃത് ജി.കുമാര്‍ പറഞ്ഞു.
അതേസമയം, ഉഷ്ണകാലത്ത് പോകുന്നതിനേക്കാളും വളരെയധികം ബുദ്ധിമുട്ടാണ് മഴക്കാലത്ത് കുട്ടികള്‍ക്കും അവരെ സ്കൂളില്‍ എത്തിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാകുന്നതെന്ന് വിദ്യാഭ്യാസവിദഗ്ധനായ ഡോ. അച്യുത് ശങ്കര്‍ അഭിപ്രായപ്പെട്ടു.
∙ ചര്‍ച്ചയ്ക്കു വച്ചത് ശുഭകരം
ഇക്കാര്യം മന്ത്രി ഒരു നിര്‍ദേശമായി മുന്നോട്ടുവച്ചുവെന്നത് ശുഭകരമായ കാര്യമാണെന്ന് ഡോ. അച്യുത് ശങ്കര്‍ പറഞ്ഞു.
തീരുമാനമായി പ്രഖ്യാപിക്കുമ്പോഴാണ് ആദ്യം തന്നെ വിവാദം ഉയരുന്നത്. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പൊതുസമൂഹത്തിനും ചര്‍ച്ച ചെയ്യാനുള്ള സാഹചര്യമാണ് ഒരുങ്ങിയത്.
അതിനെ സ്വാഗതം ചെയ്യുകയാണ്. അവധിക്കാലം മാറ്റുന്നത് നല്ല തീരുമാനമാണെന്നാണ് എന്റെ അഭിപ്രായം.
ഞാന്‍ മോഡല്‍ സ്കൂളില്‍ വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ മഴ നനഞ്ഞ് സ്കൂളിനു മുന്നിലെ വെള്ളക്കെട്ടില്‍ ചെരുപ്പ് ഒലിച്ചുപോയ കാര്യമൊക്കെയാണ് ഓര്‍മയില്‍ വരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ അവധി പ്രഖ്യാപിക്കുകയും സ്കൂള്‍ ക്യാംപായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
തിരിച്ചുവരുമ്പോള്‍ ക്ലാസ് മുറിക്കുള്ളില്‍ അടുപ്പു കൂട്ടിയതിന്റെ ബാക്കിയും ചപ്പും ചവറും ഒക്കെ കിടക്കുമായിരുന്നു. ഉഷ്ണകാലത്ത് പോകുന്നതിനേക്കാളും വളരെയധികം ബുദ്ധിമുട്ടാണ് മഴക്കാലത്ത് കുട്ടികള്‍ക്കും അവരെ സ്കൂളില്‍ എത്തിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാകുന്നത്.
അതുകൊണ്ടുതന്നെ വളരെ നല്ല നിര്‍ദേശമെന്നാണ് എന്റെ അഭിപ്രായം. ഇത്തരം മാറ്റങ്ങളെക്കുറിച്ച് കാലാകാലങ്ങളില്‍ പരിശോധിക്കുന്നത് നല്ലതാണ്.
എല്ലാവരും ചര്‍ച്ച ചെയ്ത് മാത്രമേ അന്തിമ അഭിപ്രായ രൂപീകരണം സാധ്യമാകുകയുള്ളു. മഴക്കാലത്താണ് പഴയ സ്കൂള്‍ കെട്ടിടങ്ങള്‍ ബലക്ഷയം കൂടി ഇടിഞ്ഞുവീഴുന്നത്.
അത് ഒഴിവാക്കാനും പുതിയ തീരുമാനത്തിലൂടെ സാധിക്കും.
∙ കുട്ടികളുടെ ശ്രദ്ധയും ഓര്‍മശക്തിയും കുറയും
ഇത്തരം തീരുമാനം കുട്ടികള്‍ക്കു മനശാസ്ത്രപരവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന് പ്രഫ.ഡോ.അമൃത് ജി.കുമാര്‍ വ്യക്തമാക്കി. ചൂടു കൂടുമ്പോള്‍ കുട്ടികളുടെ ഏകാഗ്രത കുറയുമെന്ന തരത്തില്‍ നിരവധി രാജ്യാന്തര പഠനങ്ങള്‍ ലഭ്യമാണ്.
കേരളത്തില്‍ ഓരോ വര്‍ഷവും ചൂട് കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ശ്രദ്ധയും ഓര്‍മശക്തിയും കുറയും.
അധ്യാപകരുടെ ജോലിയെയും പഠനത്തിന്റെ നിലവാരത്തെയും അതു ബാധിക്കും. അതുപോലെ തന്നെ കൊടുംചൂട് സമയത്ത് കുട്ടികള്‍ രാവിലെ വീട്ടില്‍നിന്ന് ഇട്ടുകൊണ്ടുപോകുന്ന വസ്ത്രം തന്നെ വൈകിട്ട് ട്യൂഷനുള്‍പ്പെടെ കഴിഞ്ഞ് വൈകി വീട്ടിലെത്തുന്നതു വരെ ധരിക്കുന്നത് ത്വക് രോഗങ്ങള്‍ ഉള്‍പ്പെടെ ശാരീരികമായ പ്രശ്നങ്ങള്‍ക്കു കാരണമാകാം.
വേനല്‍ക്കാലത്ത് കുട്ടികള്‍ കൂട്ടത്തോടെ ക്ലാസുകളിലേക്കു എത്തുമ്പോള്‍ അതിനു പര്യാപ്തമായ തോതില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് ഏറെ പാടുപെടേണ്ടിവരും. സ്കൂളുകളിലെ കുടിവെള്ളം, പാചകത്തിനുള്ള വെള്ളം, ശുചീകരണത്തിനുള്ള വെള്ളം, ശുചിമുറികളിലെ വെള്ളം തുടങ്ങി വലിയ ആവശ്യകതയാണ് വേണ്ടിവരിക.
അതേപോലെ തന്നെ വിദ്യാലയങ്ങളുടെ പ്രാഥമികമായ ലക്ഷ്യം എന്നു പറയുന്നതു കുട്ടികള്‍ക്കു പഠനത്തിനുള്ള സാഹചര്യമൊരുക്കുക എന്നതാണ്. എന്നാല്‍ ദുരിതാശ്വാസ ക്യാംപുകളാക്കി സ്കൂളുകള്‍ മാറുന്നത് മറ്റു സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതുകൊണ്ടാണ്.
അടിസ്ഥാനപരമായ ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണിത്. മറ്റു സംവിധാനങ്ങള്‍ ഇല്ലാത്തതിന്റെ പരിഹാരമായി സ്കൂളുകള്‍ മാറരുത്.
നിലവിലെ സാഹചര്യത്തില്‍ ജൂണ്‍, ജൂലൈ അവധിയാക്കിയാല്‍ സ്കൂള്‍ തുറക്കുമ്പോള്‍ തന്നെ ഓണാവധിക്കു വേണ്ടി സ്കൂള്‍ അടയ്ക്കേണ്ട സ്ഥിതിയും ഉണ്ടാകും.
${question.opinionPollQuestionDescription}
Please try again later.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]