
കൊച്ചി∙
2 മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച സംഭവത്തിൽ വൻ പ്രതിഷേധവുമായി എറണാകുളം–അങ്കമാലി അതിരൂപത. അങ്കമാലിയിൽ നടക്കുന്ന പ്രതിഷേധ ജാഥയിലും പൊതുയോഗത്തിലും നൂറുകണക്കിനു പേരാണ് പങ്കെടുക്കുന്നത്.
പൊതുയോഗം ആര്ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ പലയിടത്തും നടക്കുന്ന പ്രതിഷേധ യോഗങ്ങൾക്കൊപ്പമാണ് അങ്കമാലിയിൽ നൂറുകണക്കിനു വിശ്വാസികളും പുരോഹിതരും കന്യാസ്ത്രീമാരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പ്രതിഷേധ യോഗം ആരംഭിച്ചത്.
വൈദികരും കന്യാസ്ത്രീകളും സാധാരണ കൊടിയും പിടിച്ചു തെരുവിൽ ഇറങ്ങാറുള്ളവരല്ല, ഇറങ്ങാൻ ഇഷ്ടപ്പെടാത്തവരാണെന്നും പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെ ആര്ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
‘‘ഇറങ്ങിയത് സത്യമുള്ള കാര്യത്തിനാണെങ്കിൽ ലക്ഷ്യം വച്ചത് നേടുന്നതു വരെ കാൽ പിന്നോട്ടെടുക്കാത്തവരാണ് ക്രൈസ്തവർ എന്ന് സർക്കാർ മനസിലാക്കണം. ഞങ്ങൾ ന്യൂനപക്ഷമാണെന്ന് കരുതി എഴുതിത്തള്ളേണ്ട.
ഏതൊരു പക്ഷത്തേയും അതിജീവിക്കാൻ പോന്ന ക്രൂശിതന്റെ കരുത്ത് ആത്മാവിൽ ആവാഹിച്ചവരാണ് ഞങ്ങൾ എന്നത് ആരും വിസ്മരിക്കാതിരിക്കുന്നത് വളരെ നല്ലതായിരിക്കും. സിസ്റ്റർ പ്രീതി മേരി എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രിയപുത്രിയാണെങ്കിൽ സിസ്റ്റർ വന്ദന തലശേരി അതിരൂപതയുടെ മകളാണ്.
അവർ രണ്ടു പേരും ഇന്ന് ഛത്തീസ്ഗഡിലെ ജയിലില് ഭരണകൂട ഭീകരതയ്ക്ക് ഇരയായി ജയിലിൽ കഴിയുന്ന ഗതികേടിന്റെ സാഹചര്യത്തിലാണ് ഈ പ്രതിഷേധാഗ്നിയിൽ ഒരുമിച്ച് ചേരുന്നത്.’’ – മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
‘‘ആരാരും തുണയില്ലാതെ വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടാതെ തെരുവോരങ്ങളിൽ വലിച്ചെറിയപ്പെടുന്ന കുഷ്ഠരോഗികളുടെ ഗതികേടിനു പരിഹാരമായി കഴിഞ്ഞ നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട
സന്യാസിനീ സമൂഹത്തിൽ നിന്നുള്ളവരാണ് സിസ്റ്റർ പ്രീതയും സിസ്റ്റർ വന്ദനയും. ആരും തുണയില്ലാത്തവരെ ചേർത്തു പിടിച്ച ആ രണ്ടു സന്യാസിനിമാരെയാണ് നിയമലംഘനത്തിലൂടെ തുറുങ്കിലടയ്ക്കാൻ സർക്കാർ കൂട്ടുനിന്നത്.
കാലം മാപ്പു തരാത്ത കിരാതത്വമാണ് ഛത്തീസ്ഗഡ് സർക്കാർ െചയ്തത്. നിങ്ങൾ നന്മയുടെ മുഖത്തേക്ക് ചെളി വാരിയെറിയുക മാത്രമല്ല, ആ നന്മയുടെ കണ്ണിലെ പ്രകാശം കെടുത്താൻ ബോധപൂർവം ശ്രമിക്കുകയും ചെയ്തു.
അത് മാപ്പർഹിക്കാത്ത കുറ്റമാണെന്ന് നിങ്ങൾ തിരിച്ചറിയണം. രാജ്യത്തെ 11 സംസ്ഥാനങ്ങളില് മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നിട്ടുണ്ട്.
ഇത് ഭരണഘടനയിലെ 25 മുതൽ 28 വരെയുള്ള വകുപ്പുകളിൽ ഉറപ്പു തരുന്ന മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണെന്ന് തിരിച്ചറിയണം.’’ – മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
‘‘ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആ മതത്തെ പ്രചരിപ്പിക്കാനും അതിനായി നിലപാടെടുക്കാനും ഭരണഘടന അവകാശം തരുമ്പോൾ 11 സംസ്ഥാനങ്ങളിൽ പാസാക്കിയ നിയമത്തിൽ നിർബന്ധിത മതപരിവർത്തനങ്ങൾ നിരോധിച്ചു എന്നാണ് പറയുന്നത്. പക്ഷേ ഈ നിർബന്ധിത മതപരിവർത്തനത്തിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത് ഏതാനും സാമൂഹിക വിരുദ്ധരും കാപാലികരുമായ സംഘടനക്കാരാണ് എന്ന് നാം ഭീതിയോടെ തിരിച്ചറിഞ്ഞ ദിവസങ്ങളാണിത്.
സാമൂഹിക വിരുദ്ധർ പറയുകയാണ് ഈ കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തി എന്ന്. അവർക്കെതിരെ ചില വകുപ്പുകൾ ചേർക്കണമെന്ന് പറയുകയാണ്, പൊലീസുകാരെ നോക്കുകുത്തിയാക്കി നിർത്തിക്കൊണ്ട് അവരെ ചോദ്യം ചെയ്യുകയാണ്.
കന്യാസ്ത്രീമാർക്കൊപ്പം യാത്ര ചെയ്ത പാവപ്പെട്ട പെൺകുട്ടികളുടെ കരണത്തടിച്ച് ഭീഷണിപ്പെടുത്തി സിസ്റ്റർമാർക്ക് എതിരെ മൊഴി കൊടുക്കാൻ നിർബന്ധിക്കുകയാണ്.
ഈ രാജ്യത്ത് നിയമവാഴ്ചയുണ്ടോ എന്ന് ഗൗരവത്തിൽ ചിന്തിക്കേണ്ടതാണ്.’’ – മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
‘‘ആരേയും നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ക്രിസ്ത്യാനികൾ കൂട്ടനിൽക്കില്ല. ഇവിടുത്തെ ചില കക്ഷികൾ നാഴികയ്ക്കു നാൽപ്പതു വട്ടം ക്രിസ്ത്യാനികൾ രാജ്യം മുഴുവൻ മതപരിവർത്തനം നടത്തി എന്ന് വിളിച്ചു പറയാറുണ്ട്.
ഇത് അടിസ്ഥാനരഹിതമാണെന്ന് സർക്കാരിന്റെ തന്നെ കണക്കുകൾ നോക്കിയാൽ മതി. 1947ൽ രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ 2.6 ശതമാനമായിരുന്നു ക്രൈസ്തവർ എങ്കിൽ ഈ വർഷത്തിൽ ക്രൈസ്തവരുടെ എണ്ണം ആകെ ജനസംഖ്യയുടെ 2.4 ശതമാനമാണ്.
നാടു മുഴുവൻ മതപരിവർത്തനം നടത്തുന്നു എന്ന് അധിക്ഷേപിക്കുന്ന സർക്കാരേ, നിങ്ങൾ തന്നെ പുറത്തുവിടുന്ന കണക്കുകൾ പറയുന്നത് നിങ്ങൾ പറയുന്നത് കല്ലുവച്ച നുണയാണെന്നാണ്. അങ്ങനെയെങ്കിൽ ഈ കന്യാസ്ത്രീമാരുടേയും ഉത്തരേന്ത്യയിൽ ജോലി ചെയ്യുന്ന മിഷണറിമാരുടെ തലയ്ക്കു മുകളിൽ ഡെമോക്ലീസിന്റെ വാളു പോലെ ഇത്തരമൊരു നിയമം നിർമിക്കുന്നത് അന്യായമാണ്.’’ – മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
‘‘മതപരിവർത്തന നിരോധന നിയമം മനുഷ്യാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണ്.
ഈ നിയമം പിൻവലിച്ചെങ്കിൽ മാത്രമേ ഈ രാജ്യം ഭരിക്കുന്ന ഭരണ കക്ഷിക്ക് രാജ്യത്തോടും മതേതരത്വത്തോടും ന്യൂനപക്ഷങ്ങളോടും കരുതലുള്ളൂ എന്ന് ഞങ്ങൾ വിശ്വസിക്കുകയുള്ളൂ. അത് ഈ സർക്കാരിനെ അറിയിക്കുകയാണ്.
തൂമ്പായെ തൂമ്പാ എന്നു വിളിക്കാൻ ഞങ്ങൾക്ക് എക്കാലവും ധൈര്യമുണ്ട്. ആരെങ്കിലുമൊക്കെ ഭയപ്പെടുന്നതു പോലെ ആരെങ്കിലും കേക്കും ലഡുവും കൊണ്ടുവന്നതു കൊണ്ട് സുവിശേഷത്തിന്റെ ആദർശം മറന്നവരാണ് എന്ന് ഞങ്ങളെന്ന് ആരും തെറ്റിദ്ധരിക്കേണ്ട
കാര്യമില്ല. നിങ്ങൾ എപ്പോഴെല്ലാം കടന്നുവരുന്നോ അപ്പോഴെല്ലാം ഞങ്ങൾ സ്വീകരിക്കും.
അതിന്റെ അർഥം തെറ്റിനെ തെറ്റ് എന്നു വിളിക്കാൻ, തെമ്മാടിത്തത്തെ തെമ്മാടിത്തം എന്നു വിളിക്കാനുള്ള ആർജവത്വം ഞങ്ങളാർക്കും പണയം വച്ചിട്ടില്ല എന്ന് എല്ലാ നേതാക്കളും മനസിലാക്കിയിരിക്കുന്നത് നല്ലതാണ്.’’ – മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
‘‘ഛത്തീസ്ഗഡ് സർക്കാർ കന്യാസ്ത്രീമാർക്ക് അനുകൂലമായ നിലപാടായിരിക്കും കോടതിയിൽ സ്വീകരിക്കുക എന്നാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആൾ എന്നെ ഫോണിൽ വിളിച്ച് അറിച്ചത്.
എന്നാൽ കോടതിയിൽ നടന്ന കാര്യങ്ങൾ ഇരിക്കൂർ, അങ്കമാലി എംഎൽഎമാർ അപ്പപ്പോൾ എന്നെ അറിയിച്ചിരുന്നു. ബജ്രംഗ്ദളിന്റെ അഭിഭാഷകൻ വാദിച്ചത് ഇത് മനുഷ്യക്കടത്താണ്, എൻഐഎ കോടതിയിൽ പോകേണ്ട
കേസാണ് എന്നാണ്. നമ്മൾ ന്യായമായും വിചാരിച്ചത് ഗവൺമെന്റ് പ്ലീഡർ ഈ വാദത്തെ എതിർക്കും എന്നാണ്.
എന്നാൽ ഈ ഗവ. പ്ലീഡർ ബജ്രംഗ് ദളിന്റെ വാദത്തെ അനുകൂലിച്ച് സംസാരിച്ചപ്പോൾ നാം മനസിലാക്കുന്നത് ഇവർക്ക് രണ്ടു പേർക്കും ഒരേ സ്വരമാണ് എന്നാണ്.’’ – മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
‘‘ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ കിരാതത്വം തിരിച്ചറിയാൻ പോന്ന ആൾത്താമസം തലയിലുള്ളവരാണ് ഞങ്ങൾ.
അത് ഉത്തരവാദിത്തപ്പെട്ടവർ മനസിലാക്കുന്നത് നല്ലതാണ്. സന്യാസിനികൾ പുറത്തിറങ്ങുന്നതു വരെ സമരമുഖത്ത് ഉണ്ടാവും.
ഈ രാജ്യത്തിന്റെ മതേതരത്വം നിർവചിക്കപ്പെട്ടിരിക്കുന്നത് എല്ലാ മതവിശ്വാസികൾക്കും തുല്യമായ അവകാശങ്ങൾ ഉണ്ട് എന്നാണ്. എന്നാൽ ജോര്ജ് ഓർവലിന്റെ നോവലിൽ പറയുന്നതു പോലെ ‘എല്ലാവരും തുല്യരാണ്, എന്നാൽ ചിലർ കൂടുതൽ തുല്യരാണ്’ എന്നു പറയുന്ന സാമൂഹിക വ്യവസ്ഥിതിയാണ് ഇവിടെ നിലനിൽക്കുന്നത്.
ഇവിടെ സമത്വത്തിന്റെ മാനദണ്ഡം നിശ്ചയിക്കാൻ ചിലരൊക്കെ തിട്ടൂരം എടുത്തിരിക്കുന്നു. ആ സമത്വത്തിന്റെ അസമത്വം നിറഞ്ഞ തീരുമാനങ്ങൾ മാനിക്കാൻ ഈ സമൂഹത്തിന് ബാധ്യതയില്ല എന്ന കാര്യം ഉത്തരവാദിത്തപ്പെട്ടവരെ ഈ സമ്മേളനം ഓർമിപ്പിക്കുന്നു.’’ – മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
വൈകിട്ട് 5 മണിയോടെ അങ്കമാലി കിഴക്കേ പള്ളിയിൽ നിന്നാണു പ്രതിഷേധ ജാഥ തുടങ്ങിയത്.
തുടർന്ന് സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിൽ എത്തി അവിടെ പ്രതിഷേധ യോഗം ചേരുകയായിരുന്നു. ഛത്തീസ്ഗഡിലെ ദുർഗിൽ 7 ദിവസമായി ജയിലിൽ കഴിയുന്ന സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും ന്യായവും ലഭ്യമാക്കണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അങ്കമാലി എളവൂർ സ്വദേശിയാണ് സിസ്റ്റർ പ്രീതി മേരി. ഫാ.
ലൂക്കോസ് കുന്നത്തൂരാണ് യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെതിരെ ആലുവ എംഎൽഎ അൻവർ സാദത്ത് നാളെ ആലുവ ടൗൺഹാളിനു മുന്നിൽ ഏകദിന ഉപവാസ സമരം നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]