
ന്യൂഡൽഹി∙ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% നികുതിയും പിഴയും പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ്
പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഇന്ത്യയെ ബാധിച്ചേക്കാമെന്ന തരത്തിൽ മറ്റൊരു വാർത്ത കൂടി വന്നു. പാക്കിസ്ഥാനിലെ എണ്ണശേഖരം വികസിപ്പിക്കാനുള്ള കരാറിൽ യുഎസും പാക്കിസ്ഥാനും എത്തിയെന്നതായിരുന്നു അത്.
എണ്ണ ഖനനം വികസിപ്പിക്കാനുള്ള പദ്ധതികളടക്കം വലിയ പ്രഖ്യാപനമാണു യുഎസ് നടത്തിയിരിക്കുന്നത്. പ്രഖ്യാപനത്തിനു പിന്നാലെതന്നെ സംഭവം വൻ ചർച്ചയായി.
ട്രംപ് പറഞ്ഞതുപോലെ ഇന്ത്യക്ക് പാക്കിസ്ഥാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യേണ്ട അവസ്ഥ വരുമോ? എന്താണ് യുഎസ്–പാക്ക് കരാർ? പരിശോധിക്കാം മനോരമ ഓൺലൈൻ എക്സ്പ്ലെയിനറിലൂടെ.
∙എന്താണ് യുഎസ്-പാക്ക് എണ്ണ കരാർ?
പാക്കിസ്ഥാനിലെ ‘വമ്പിച്ച’ എണ്ണ ശേഖരം വികസിപ്പിക്കാൻ യുഎസ് പാക്കിസ്ഥാനെ സഹായിക്കുമെന്നും അതിൽ കരാർ ഒപ്പിട്ടുവെന്നുമാണു ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
ഈ പങ്കാളിത്തത്തിനു നേതൃത്വം നൽകേണ്ട എണ്ണക്കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാന്റെ ഊർജ മേഖലയെ ശക്തിപ്പെടുത്തുക, തീരുവകൾ കുറച്ച് പാക്കിസ്ഥാനുമായുള്ള വ്യാപാരം വർധിപ്പിക്കുക തുടങ്ങിയവയാണു ട്രംപിന്റെ ലക്ഷ്യം. എന്നാൽ കരാർ പ്രകാരം ഏതു കമ്പനിയെ ഈ ദൗത്യം ഏൽപ്പിക്കുമെന്നു ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
രാജ്യാന്തര മാധ്യമങ്ങൾ നൽകുന്ന സൂചന അനുസരിച്ച് ഒരു അമേരിക്കൻ കമ്പനിക്ക് തന്നെയായിരിക്കും ഇതിനുള്ള അവകാശം നൽകുകയെന്നാണു സൂചന. പാക്കിസ്ഥാന്റെ അസംസ്കൃത എണ്ണ വേർതിരിച്ചെടുക്കുന്ന ഡ്രില്ലിങ് അടക്കമുള്ള പ്രവർത്തികളായിരിക്കും കരാറിലൂടെ ഈ കമ്പനിക്കു ലഭിക്കുകയെന്നു ചുരുക്കം.
പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ കരാറിന്റെ പേരിൽ ട്രംപിനു നന്ദി രേഖപ്പെടുത്തിയിരുന്നു. കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുമെന്നും ഭാവിയിൽ സാമ്പത്തിക സഹകരണത്തിന്റെ പുതിയ അധ്യായം കുറിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
ഈ കരാർ യുഎസിലേക്കുള്ള കയറ്റുമതിയുടെ തീരുവ കുറയ്ക്കാൻ സഹായിക്കുമെന്നും പാക്ക് ധന മന്ത്രാലയവും പ്രസ്താവന നടത്തി.
∙കരാർ ഇന്ത്യയെ ബാധിക്കുമോ?
ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ കരുതൽ എണ്ണ ശേഖരം വളരെ വലുതാണ്. 2016ലെ കണക്കനുസരിച്ച് ഏകദേശം 4.8 ബില്യൻ ബാരൽ ആണ് ഈ കരുതൽ ശേഖരം.
കൂടാതെ ആഴക്കടൽ ഖനനത്തിൽനിന്ന് ക്രൂഡ് ഓയിൽ വേർതിരിച്ചെടുക്കാനും ശുദ്ധീകരിക്കാനുമുള്ള സാങ്കേതിക ശേഷിയും ഇന്ത്യയ്ക്കുണ്ട്. പാക്കിസ്ഥാന് ഇല്ലാത്തതും ഈ ശേഷിയാണ്.
ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ്. റഷ്യയാണ് ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവ്.
കൂടാതെ ഇറാഖ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യ വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ബ്രസീൽ, യുഎസ്, കാനഡ, ഗയാന എന്നിവിടങ്ങളിൽനിന്നും ഇന്ത്യ എണ്ണ വാങ്ങുന്നു.
ഈ സ്രോതസ്സുകളിൽനിന്ന് എണ്ണ ലഭ്യമല്ലാത്ത അവസ്ഥ വന്നാലല്ലാതെ പാക്കിസ്ഥാനെ ആശ്രയിക്കേണ്ട ആവശ്യം ഇന്ത്യക്കില്ല.
∙ഇന്ത്യ പാക്കിസ്ഥാനിൽനിന്ന് എണ്ണ വാങ്ങുമോ?
ട്രംപിന്റെ ഈ പ്രസ്താവനയെ അതീവ ശ്രദ്ധയോടെയും സംശയത്തോടെയുമാണു വിദഗ്ധർ കാണുന്നത്.
ഇന്ത്യക്ക് പാക്കിസ്ഥാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യേണ്ട അവസ്ഥ വരുമെന്നു കരുതാൻ നിലവിലെ സാഹചര്യത്തിൽ സാധ്യത വളരെ കുറവാണ്.
ട്രംപിന്റെ ഈ അവകാശവാദത്തെ സാമ്പത്തിക വിദഗ്ധർ ഒറ്റവാക്കിൽ തള്ളിക്കളയും. ഇന്ത്യയിലേക്കു വിൽക്കാൻ പാകത്തിനു വലിയ അളവിലുള്ള എണ്ണ ശേഖരം ഇപ്പോഴും പാക്കിസ്ഥാന്റെ കൈവശം ഇല്ല.
ട്രംപ് പറയുന്ന എണ്ണ ശേഖരത്തെപ്പറ്റി ഇനിയും പഠനങ്ങൾ നടക്കാനുണ്ട്. അതു ശാസ്ത്രീയമായി തെളിയിച്ചാൽത്തന്നെ ഇന്ത്യ-പാക്ക് ബന്ധം അസ്ഥിരമായിരിക്കുന്ന ഈ സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള എണ്ണ കരാർ ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാകാനും സാധ്യതയില്ല.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം പതിറ്റാണ്ടുകളായി സംഘർഷഭരിതമാണ്. ഈ സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുക എന്നത് പ്രായോഗികമായി വലിയ വെല്ലുവിളിയാണ്.
∙പാക്കിസ്ഥാന്റെ കൈവശം ശരിക്കും എത്ര എണ്ണയുണ്ട്?
ട്രംപ് വൻതോതിലുള്ള എണ്ണ ശേഖരം എന്ന് വിശേഷിപ്പിച്ചെങ്കിലും, നിലവിൽ പാക്കിസ്ഥാന്റെ തെളിയിക്കപ്പെട്ട
എണ്ണ ശേഖരം വളരെ പരിമിതമാണ്. 2016ലെ കണക്കനുസരിച്ച് പാക്കിസ്ഥാന് ഏകദേശം 353.5 ദശലക്ഷം ബാരൽ എണ്ണ ശേഖരമാണുള്ളത്.
ഇത് ഇന്ത്യയുടെ എണ്ണ ശേഖരത്തിന്റെ 10 ശതമാനത്തിൽ താഴെ മാത്രമാണ്. പാക്കിസ്ഥാന്റെ തീരപ്രദേശങ്ങളിലെ ചില ഭൂമിശാസ്ത്രപരമായ സർവേകളിൽ എണ്ണ, വാതക സാധ്യതകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
ചില റിപ്പോർട്ടുകൾ പ്രകാരം, പുതിയ കണ്ടെത്തലുകൾ ശരിയാണെങ്കിൽ ലോകത്തെ ഏറ്റവും വലിയ നാല് എണ്ണ ശേഖരങ്ങളിൽ ഒന്നായി മാറിയേക്കാം. എന്നാൽ, ഇതൊന്നും ഇതുവരെ വാണിജ്യപരമായി ഖനനം ചെയ്യുകയോ സാങ്കേതികമായി തെളിയിക്കുകയോ ചെയ്തിട്ടില്ല.
‘തെളിയിക്കപ്പെട്ട കരുതൽ ശേഖരം’ എന്ന് സാങ്കേതികമായി ഇതിനെ പറയാൻ സാധിക്കില്ല, കാരണം ഇവയുടെ വികസന പദ്ധതികളോ, വീണ്ടെടുക്കാനുള്ള ശേഷിയോ, വാണിജ്യപരമായ ലാഭക്ഷമതയോ തെളിയിക്കപ്പെട്ടിട്ടില്ല.
∙ട്രംപിന്റേത് ഭീഷണി തന്ത്രമോ?
പാക്കിസ്ഥാനിലെ ട്രംപ് ഉന്നം വച്ചിരിക്കുന്ന എണ്ണ ശേഖരം (ഇതുവരെ തെളിയിക്കപ്പെടാത്ത) വികസിപ്പിക്കുക വഴി ലോക ക്രൂഡ് ഓയിൽ രംഗത്ത് മറ്റൊരു യുഎസ് അധിഷ്ഠിത മാർക്കറ്റ് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യമാണ് ഉള്ളതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ട്രംപിന്റെ പ്രസ്താവന നിലവിൽ പാക്കിസ്ഥാന്റെ എണ്ണ ഉൽപാദന ശേഷിയെക്കുറിച്ചുള്ള റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതു മാത്രമാണ്. വാണിജ്യപരമായ ഖനനം ആരംഭിക്കാൻ വർഷങ്ങളെടുക്കും.
പ്രാരംഭ പരിശോധനകളിൽ പ്രതിദിനം 20 ബാരലിനും 74 ബാരലിനും ഇടയിൽ അസംസ്കൃത എണ്ണ ഇവിടെനിന്നു ലഭിച്ചേക്കാമെന്നാണു പറയപ്പെടുന്നത്. ആഴക്കടൽ ഖനന സാങ്കേതികവിദ്യ കയ്യിൽ ഇല്ലാത്തതും യുഎസ് മുന്നോട്ടു വയ്ക്കുന്ന കരാറിൽ ഒപ്പിടാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചിരിക്കാൻ സാധ്യതയുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ നട്ടം തിരിയുന്ന ഘട്ടത്തിൽ ട്രംപിന്റെ ‘ഓഫർ’ പാക്ക് സർക്കാർ രണ്ടും കയ്യും നീട്ടി സ്വീകരിച്ചുവെന്നും കരുതാം.
വലിയ തോതിലുള്ള എണ്ണ ഖനനത്തിന് വൻ നിക്ഷേപവും അത്യാധുനിക സാങ്കേതികവിദ്യയും ആവശ്യമാണ്. യുഎസ് കമ്പനികൾ ഇതിൽ എത്രത്തോളം താൽപര്യം കാണിക്കുമെന്നു വ്യക്തമല്ല.
ആഗോള എണ്ണ വിപണിയിൽ ഇപ്പോഴത്തെ പ്രഖ്യാപനത്തിന് എത്രത്തോളം സ്വാധീനം ചെലുത്താൻ കഴിയുമെന്നും ഇപ്പോൾ പറയാൻ സാധിക്കില്ല. എണ്ണ ശേഖരം വികസിപ്പിക്കുക വഴി പാക്കിസ്ഥാന്റെ ക്രൂഡ് ഓയിൽ വിതരണം വർധിക്കുമെങ്കിലും യഥാർഥത്തിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുക എന്നതാണു യുഎസ് ലക്ഷ്യമിടുന്നത്.
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി പകരം യുഎസിൽനിന്ന് വാങ്ങിപ്പിക്കുകയാണ് ട്രംപിന്റെ ഉദ്ദേശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]