
ദില്ലി: ഇന്ത്യ അമേരിക്ക വാപ്യാര കരാറിന്റെ ചര്‍ച്ചകള്‍ അവസാനിക്കും മുമ്പേയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര സഹകരണം തുടരുന്നതിലെ അമേരിക്കയുടെ അസംതൃപ്തിയാണ് ട്രംപിന്റെ പെട്ടെന്നുള്ള പ്രഖ്യാപനത്തിന് കാരണമെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര ധാരണയിലെത്താന്‍ ഉഭയ കക്ഷി ചര്‍ച്ചയിലൂടെ ഇനിയും കഴിയുമെന്നാണ് കയറ്റുമതി മേഖലയുടെ പ്രതീക്ഷ.
ഓഗസ്റ്റ് 1 എന്ന ഡെഡ് ലൈന്‍ ട്രംപ് നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ഉഭയ കക്ഷി വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ ഉയര്‍ന്ന നികുതി നടപ്പാക്കുന്നത് നീട്ടിവെച്ചേക്കുമെന്ന ധാരണയിലായിരുന്നു ഇന്ത്യന്‍ വ്യാപാര മേഖല. ഓഗസ്റ്റ് 25 ന് അമേരിക്കന്‍ പ്രതിനിധി സംഘം തുടര്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് വരാനിരിക്കുകയാണ്.
പക്ഷെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകും മുമ്പേ നികുതി നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ്. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും 25 ശതമാനം നികുതിയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതി കുറക്കാത്തതിനു പകരമായാണ് ഈ ഉയര്‍ന്ന നികുതി അമേരിക്ക ചുമത്തിയിരിക്കുന്നത്. അമേരിക്കയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും പാല് ഉല്‍പ്പന്നങ്ങള്‍ക്കും നികുതി കുറക്കണമെന്ന ആവശ്യം ഇന്ത്യ അംഗീകരിക്കാത്തതാണ് രണ്ടു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്താതെ പോയതിന്റെ പ്രധാന കാരണമെന്നാണ് സൂചന.
അമേരിക്കന്‍ പാല് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത് ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന നിലപാട് തുടക്കം മുതലേ ഇന്‍ഡ്യ എടുത്തിരുന്നു. ഈ വിഷയത്തിടക്കം ചര്‍ച്ച തുടരാന്‍ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് ട്രംപ് പെട്ടെന്ന് തന്നെ 25 ശതമാനം നികുതി പ്രഖ്യാപിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നത്.
അമേരിക്കയുമായി 25 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ മെയ് മാസങ്ങളില്‍ മാത്രം ഇന്ത്യ നടത്തിയത്. എന്നാല്‍ അമേരിക്കന്‍ വിപണിയെ ആശ്രയിച്ചു മാത്രമല്ല ഇന്ത്യ മുന്നോട്ട് പോകുന്നത്.
യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യയുടെ വ്യാപര ബന്ധം മെച്ചപ്പെട്ടു. യുകെയുമായി നികുതികള്‍ വെട്ടിക്കുറച്ചുള്ള മികച്ച വ്യാപാര കരാറിലേക്ക് ഇന്ത്യ എത്തിയത് ഏതാനും ദിവസം മുമ്പാണ്.
കേരളത്തില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ക്കടക്കം പുതിയ യൂറോപ്യന്‍ വിപണികള്‍ തുറന്നു കിട്ടുകയാണ്. അതിനാല്‍ തന്നെ അമേരിക്കയുടെ ഉയര്‍ന്ന നികുതി പ്രഖ്യാപനം ഇന്ത്യ വലിയ തിരിച്ചടി ഉണ്ടാക്കില്ല എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
മാത്രമല്ല ഇന്ത്യ മത്സരിക്കുന്ന ചൈന അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇതിലും ഉയര്‍ന്ന നികുതിയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ഇന്ത്യയിലെ വസ്ത്ര കയറ്റുമതിക്കാര്‍ക്കും ഈ നികുതി വലിയ പ്രതിസന്ധിയുണ്ടാക്കില്ല.
കാരണം മുഖ്യ എതിരാളിയായ ബംഗ്ലാദേശിന് 35 ശതമാനമാണ് അമേരിക്ക ചുമത്തിയിരിക്കുന്ന നികുതി. അതോടൊപ്പം തന്നെ നയതന്ത്ര ഇടപെടലിലൂടെയും ഓഗസ്റ്റ് 25 ലെ ഉഭയ കക്ഷി ചര്‍ച്ചയിലൂടെയും നികുതി കുറക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കുമെന്നാണ് കയറ്റുമതി മേഖലയുടെ പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]