
ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ മൂന്നാമത്തെ ദിവസവും സാക്ഷി ചൂണ്ടിക്കാണിച്ച് കൊടുത്ത പോയിന്റുകളിൽ പ്രത്യേക അന്വേഷണസംഘം കുഴിച്ച് പരിശോധിക്കും. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയന്റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്താനായിട്ടില്ല.
ഇന്നലെ എസ്ഐടി തലവൻ പ്രണബ് മൊഹന്തി ബെംഗളുരുവിൽ നിന്ന് ധർമസ്ഥലയിൽ നേരിട്ടെത്തി കാടിനകത്ത് കുഴിച്ച് നോക്കിയ പോയിന്റുകളിൽ നേരിട്ട് പരിശോധന നടത്തിയിരുന്നു. സാക്ഷി പറഞ്ഞതനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ എട്ട് പോയിന്റുകളാണ് ഇനി ബാക്കിയുള്ളത്.
ഇതിൽ ഇനി മൂന്നെണ്ണം കാടിനുള്ളിലാണ്. നാല് പോയിന്റുകൾ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്.
മറ്റൊന്ന് നേത്രാവതി സ്നാന ഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടി എന്നയിടത്തെ സ്വകാര്യ ഭൂമിയിലും രണ്ട് പോയിന്റുകളുണ്ട് എന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞെങ്കിലും അവിടെ പരിശോധിക്കാൻ എസ്ഐടിക്ക് പ്രത്യേക അനുമതി വേണ്ടി വരും.
ഓരോ പോയിന്റിലും സാക്ഷി ആവശ്യപ്പെടുന്നതിലും കൂടുതൽ ചുറ്റളവിലാണ് അന്വേഷണസംഘം കുഴിച്ച് പരിശോധിക്കുന്നത്. ധർമസ്ഥലയിൽ നൂറോളം മൃതദേഹം കുഴിച്ചുമൂടിയെന്നാണ് മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ.
സാക്ഷി കാണിച്ചുകൊടുത്ത എല്ലാ സ്പോട്ടുകളിലും പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ജിയോ ടാഗിംഗ് നടത്തിയിട്ടുണ്ട്. ജിയോ ടാഗിംഗിനൊപ്പം സർവേക്കല്ലിന് സമാനമായ ഒരു അടയാളവും ഈ ഭൂമിയിൽ പതിച്ചിട്ടുണ്ട്.
ധർമസ്ഥല ട്രസ്റ്റിന് കീഴിലോ മറ്റ് സ്വകാര്യവ്യക്തികളുടെ പേരിലോ ഉള്ള ഭൂമിയിലെ സ്പോട്ടുകൾ കുഴിച്ച് പരിശോധിക്കുന്നത് അന്വേഷണ സംഘത്തിന് മുന്നിൽ വെല്ലുവിളിയാണ്. ഇതിന് കോടതിയുടെ പ്രത്യേക അനുമതി വേണ്ടി വരും.
താൻ മൃതദേഹം മറവ് ചെയ്ത ഇടത്ത് നിന്ന് കുഴിച്ചെടുത്തതെന്ന് അവകാശപ്പെട്ട് സാക്ഷി കോടതിയിൽ നൽകിയ തലയോട്ടിയിലെയും അതിൽ പറ്റിയിട്ടുള്ള മണ്ണിന്റെയും ഫൊറൻസിക് പരിശോധന തുടങ്ങിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]