
ദില്ലി: ഡിജിസിഎ ഓഡിറ്റിൽ എയർ ഇന്ത്യയിൽ 51 സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി റിപ്പോർട്ട്. 51 വീഴ്ചകളിൽ ഏഴെണ്ണം സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ലെവൽ വൺ വീഴ്ചകൾ ആണെന്ന് കണ്ടെത്തി.
എയർലൈനുകളുടെ അംഗീകാരം റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടിയിലേക്ക് നയിച്ചേക്കാവുന്നവയാണ് ലെവൽ വൺ വീഴ്ചകൾ. എയർലൈൻകളുടെ സുരക്ഷയെ ബാധിക്കുന്ന നിയമങ്ങൾ പാലിക്കാത്ത 44 ലെവൽ ടു വീഴ്ചകളും പരിശോധനയിൽ കണ്ടെത്തി.
ബോയിങ് 787, 777 വിമാനങ്ങളുടെ ചില പൈലറ്റുമാർക്ക് മതിയായ പരിശീലനത്തിന്റെ അഭാവം, അംഗീകൃതമല്ലാത്ത സിമുലേറ്ററുകളുടെ ഉപയോഗം, റോസ്റ്ററിങ് സംവിധാനത്തിലെ പിഴവുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഡിജിസിഎയുടെ ഓഡിറ്റ് റിപ്പോർട്ടിലെ ലെവൽ വൺ പിഴവുകൾ ഉടൻ പരിഹരിക്കേണ്ടതുണ്ടെന്നും മറ്റ് 44 പിഴവുകൾ ഓഗസ്റ്റ് 23 നകം പരിഹരിക്കണമെന്നും നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
ഡിജിസിഎ ഈ മാസം തയ്യാറാക്കിയ രഹസ്യ ഓഡിറ്റ് റിപ്പോർട്ടിലാണ് വീഴ്ചകൾ പരാമർശിച്ചിരിക്കുന്നത് എന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതുവരെ എയർ ഇന്ത്യ റിപ്പോർട്ടിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ഡ്രീംലൈനർ ബോയിംഗ് 787-8 വിമാനം തകർന്നതോടെയാണ് ഡിജിസിഎ പരിശോധന നടത്തിയത്.
ജൂണ് 12നാണ് ലോകത്തെ ഞെട്ടിച്ച ആകാശ ദുരന്തമുണ്ടായത്. പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ എൻജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു.
റൺവേ 23 ന്റെ അറ്റത്ത് നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് വിമാനം ഇടിച്ചത്. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരും ജീവനക്കാരും നിലത്തുണ്ടായിരുന്നവരും ഉൾപ്പെടെ മരിച്ചു.
അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നെങ്കിലും ദുരൂഹത തുടരുകയാണ്. പറന്നുയർന്ന് സെക്കന്റുകൾക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവർത്തനം നിലച്ചു.
എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തി. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതും ‘താൻ ചെയ്തിട്ടില്ലെന്ന്’ മറുപടി പറയുന്നതും വോയ്സ് റെക്കോർഡിൽ ഉണ്ട്.
പിന്നാലെ പൈലറ്റുമാരെ സംശയനിഴലിൽ നിർത്തിയതിൽ പ്രതിഷേധമുയർന്നു. എങ്ങനെ അപകടം സംഭവിച്ചു എന്നതിൽ ഇതുവരെ വ്യക്തതയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]