
‘വസ്ത്രങ്ങളും സർട്ടിഫിക്കറ്റും എടുക്കണം’; ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്ത് സി.ആർ.മഹേഷ് എംഎൽഎ, കുടുംബത്തെ വാടകവീട്ടിലേക്ക് മാറ്റും
കരുനാഗപ്പള്ളി ∙ കൊല്ലം അഴീക്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്ത് സി.ആർ.മഹേഷ് എംഎൽഎ. ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും എടുക്കാനായിരുന്നു ഇതെന്നും കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് പ്രശ്നത്തിലിടപെട്ടതെന്നും അവരെ വാടകവീട്ടിലേക്കു മാറ്റുമെന്നും എംഎൽഎ പറഞ്ഞു.
വസ്തുക്കൾ എടുത്ത ശേഷം എംഎൽഎ വീടു പൂട്ടി താക്കോൽ ധനകാര്യസ്ഥാപനത്തെ എൽപിച്ചു.
അഴീക്കൽ പനമൂട്ടിൽ അനിമോന്റെ വീടാണ് ജപ്തി ചെയ്തത്.
തുടർന്ന് അനിമോനും ഭാര്യയും മക്കളും ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിലാണ്. എസ്എസ്എൽസി മികച്ച നിലയിൽ പാസായ കുട്ടിയുടെ സർട്ടിഫിക്കറ്റും നേത്രരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിയും കുട്ടികളുടെ വസ്ത്രം പോലും എടുക്കാൻ അനുവദിക്കാതെയാണ് വീട്ടിൽനിന്ന് ഇറക്കിവിട്ടതെന്ന് കുടുംബം ആരോപിക്കുന്നു.
മകളുടെ പ്ലസ് വൺ പ്രവേശനത്തിനു സർട്ടിഫിക്കറ്റ് ആവശ്യമായപ്പോൾ ഇവരുടെ അഭ്യർഥനയനുസരിച്ചാണ് എംഎൽഎ പ്രശ്നത്തിലിടപെട്ടത്.
വിദേശത്തു ജോലി ചെയ്തിരുന്ന അനിമോൻ സ്വകാര്യ സ്ഥാപനത്തിൽനിന്ന് 17 ലക്ഷം രൂപ വായ്പയെടുത്താണ് വീടു വാങ്ങിയത്. ഇതിൽ ആറര ലക്ഷം രൂപ തിരിച്ചടച്ചെന്നു പറയുന്നു.
ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ നേത്രരോഗത്തിനു ചികിത്സിക്കേണ്ടി വന്നതോടെ ബാക്കി തുക അടയ്ക്കാനായില്ല. ഭാര്യയുടെ ഒരു കണ്ണിനു കാഴ്ചത്തകരാറുണ്ട്.
തിരിച്ചടവു മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്യുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]