
‘അതൊക്കെ തിരഞ്ഞെടുപ്പ് തമാശ, അൻവറിന്റെ വിഷയം യുഡിഎഫിന്റെ പ്രശ്നം’: നിലമ്പൂരിൽ സ്വരാജിന് ഉജ്വല സ്വീകരണം
മലപ്പുറം∙ നിലമ്പൂരിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് ഉജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ സ്വരാജിനെ ഹാരമണിയിച്ചും പുഷ്പവൃഷ്ടി നടത്തിയും വിപ്ലവമുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രവർത്തകർ വരവേറ്റത്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കളും എത്തിയിരുന്നു. റെയിൽവേ സ്റ്റേഷനിൽനിന്നു റോഡ് ഷോ ആയി സ്വരാജ്, നിലമ്പൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്കു പോയി.
വ്യത്യസ്ത രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവർ തന്നെ പിന്തുണയ്ക്കാൻ എത്തിയെന്നും അതു ഹൃദയപൂർവം സ്വീകരിക്കുന്നതായും എം.സ്വരാജ് മാധ്യമങ്ങളോടു പറഞ്ഞു.
ചിലരെ നേരിട്ട് അറിയാവുന്നവരാണ്. സ്വന്തം നാട്ടിലെ വരവേൽപ് വൈകാരികമാണെന്നും സ്വരാജ് പറഞ്ഞു.
‘‘ധൈര്യമുണ്ടെങ്കിൽ സ്വരാജിനെ മത്സരിപ്പിക്കണമെന്ന തരത്തിൽ വന്ന പോസ്റ്റുകളൊക്കെ ഒരു തിരഞ്ഞെടുപ്പ് തമാശയായി കണ്ടാൽ മതി. ഞങ്ങൾ അതിനൊന്നും മറുപടി പറയാറില്ലല്ലോ.
അതൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്തു വിടാം. അൻവറിന്റെ വിഷയം യുഡിഎഫിന്റെ പ്രശ്നമാണ്, അതിൽ അഭിപ്രായം പറയേണ്ടതില്ല.’’– സ്വരാജ് പറഞ്ഞു. എം.സ്വരാജ് നിലമ്പൂരിലെത്തിയപ്പോൾ.
Image Credit: Special Arrangement
വർഷങ്ങൾക്കു ശേഷം മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ ഒരു സ്ഥാനാർഥിയെ ലഭിച്ചതിന്റെ ആവേശത്തിലാണ് പ്രവർത്തകർ. ആര്യാടൻ മുഹമ്മദിനെതിരെ 2006 ൽ പി.ശ്രീരാമകൃഷ്ണൻ മത്സരിച്ച ശേഷം ഇതാദ്യമായാണ് പാർട്ടി ചിഹ്നത്തിൽ സിപിഎം നിലമ്പൂരിൽ സ്ഥാനാർഥിയെ നിർത്തുന്നത്.
1967 ൽ കെ.കുഞ്ഞാലിക്കു ശേഷം സിപിഎം ചിഹ്നത്തിൽ മത്സരിച്ച ആരും നിലമ്പൂരിൽ ജയിച്ചിട്ടില്ലെന്ന ചരിത്രം നിലനിൽക്കെയാണ് ഈ തീരുമാനം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള നിർണായകമായ രാഷ്ട്രീയ ബലാബലം എന്നതു കണക്കിലെടുത്താണ് സ്വരാജിനെ തീരുമാനിച്ചത്.
2016ൽ തൃപ്പൂണിത്തുറയിൽ നിന്നു നിയമസഭാംഗമായ സ്വരാജ് 2021ൽ അവിടെ യുഡിഎഫിലെ കെ.ബാബുവിനോടു പരാജയപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]