
തിരുവനന്തപുരം : കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തളളി ദേവസ്വം മന്ത്രി. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് ഡികെയുടെ ആരോപണം. കണ്ണൂരിലാണ് മൃഗബലി നടന്നതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വിവരം.
കർണാടകയിൽ വരാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിന്റെ അവസാനമാണ് തീർത്തും അനൗദ്യോഗികമായും തമാശ മട്ടിലും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇത്തരമൊരു പരാമർശം നടത്തുന്നത്. തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കർണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നിൽ. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ല എന്നും ചിരിയോടെ ഡി കെ ശിവകുമാർ പറഞ്ഞു.
എന്നാൽ കണ്ണൂരിൽ ഡി.കെ.ശിവകുമാർ ആരോപിച്ചത് പോലുളള മൃഗബലി പൂജ നടന്നിട്ടില്ലെന്നാണ് വിവരം. കണ്ണൂരിലാണ് ഇത്തരമൊരു യാഗം നടന്നതെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി പൂജകളില്ല. മറ്റ് വഴിപാടുകളാണ് പ്രധാനം. ശത്രുസംഹാര പൂജയ്ക്ക് പ്രസിദ്ധം മാടായി ക്ഷേത്രമാണ്. നൂറുകണക്കിന് ശത്രുസംഹാര പൂജകൾ ഇവിടെ നടക്കാറുണ്ട്. അമാവാസി ദിവസം കർണാടകത്തിൽ നിന്ന് നിരവധി പേർ ഇവിടെ എത്താറുണ്ട്. കോഴിയിറച്ചി നിവേദ്യമാണ് പ്രധാനം. എന്നാൽ മൃഗബലി ഇവിടെയില്ല. ക്ഷേത്രത്തിൽ ശിവകുമാർ പറഞ്ഞതുപൊലുളള പൂജയും നടന്നിട്ടില്ല. എന്നാൽ ക്ഷേത്രത്തോട് അനുബന്ധിച്ചുളള പൂജാരിമാരിൽ ചിലർ വീടുകളിൽ പ്രത്യേക പൂജ നടത്താറുണ്ട്. അവിടെ ഇത്രയും വിപുലമായ മൃഗബലിയുൾപ്പെടെ നടന്നതായും വിവരമില്ല.
Last Updated May 31, 2024, 2:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]