
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പുല്ല് കഴിച്ചതിന് പിന്നാലെ ആറ് പശുക്കൾ ചത്തു. അറക്കുന്ന് സ്വദേശിയായ ക്ഷീരകർഷകൻ വിജേഷിന്റെ പശുക്കളാണ് ചത്തത്. എന്താണ് പശുക്കളുടെ ജീവനെടുത്തതെന്ന് വ്യക്തമായിട്ടില്ല.
40 വർഷമായി ക്ഷീരകർഷകരാണ് വിജേഷും അമ്മ നന്ദിനിയും. 16 പശുക്കളാണ് ഉണ്ടായിരുന്നത്. ഇവരുടെ ഏക വരുമാന മാർഗവും ഇതാണ്. ഈ പശുക്കളിൽ ആറ് പശുക്കളാണ് ചത്തത്. തിങ്കളാഴ്ചയാണ് ആദ്യ പശു ചത്തത്. 16 ലിറ്റർ പാൽ തന്നുകൊണ്ടിരുന്ന പശുവാണ് പുല്ല് തിന്ന ഉടനെ ചത്തതെന്ന് നന്ദിനി പറഞ്ഞു. പുല്ലിൽ വേറെ എന്തെങ്കിലും ഉണ്ടായിരുന്നോയെന്ന് അറിയില്ല. ഏക വരുമാന മാർഗ്ഗമാണിത്. സ്വന്തമായി വീടില്ലെന്നും മരുന്ന് വാങ്ങുന്നത് പാൽ വിറ്റ് കിട്ടുന്ന പണം കൊണ്ടാണെന്നും നന്ദിനി പറഞ്ഞു.
അടുത്തുള്ള വീടിന്റെ പുറകുവശത്തു നിന്നാണ് പച്ചപ്പുല്ല് പറിച്ചതെന്ന് വിജേഷ് പറഞ്ഞു. ഒരു വരിയിൽ നിന്ന പശുക്കള്‍ക്കാണ് ഇട്ടുകൊടുത്തത്. താൻ പാൽ സൊസൈറ്റിയിൽ കൊടുത്ത് തിരിച്ചുവരുമ്പോഴാണ് ഒരു പശു വീണു കിടക്കുന്നത് കണ്ടത്. പശു നിന്ന നിൽപ്പിൽ വീണ് ചത്തുപോയി. ഇതേ പുല്ല് തിന്ന മറ്റ് പശുക്കള്‍ക്ക് വെള്ളം കൊടുത്തിട്ട് കുടിച്ചില്ല. തുടർന്ന് മൃഗ ഡോക്ടറെ കണ്ടു. മരുന്ന് കൊടുത്തെങ്കിലും അഞ്ചെണ്ണം കൂടി ചത്തുപോയി. വേറെ രണ്ട് പശുക്കള്‍ അവശ നിലയിലായെങ്കിലും മരുന്ന് നൽകിയതോടെ ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്ന് വിജേഷ് പറഞ്ഞു.
Last Updated May 31, 2024, 2:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]