
കേരളത്തിൽ കാലവർഷം എത്തിയെങ്കിലും ഉത്തരേന്ത്യയില് ആളുകൾ ഇപ്പോഴും ചൂടിൽ ഉരുകുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തീവ്രമായ ഉഷ്ണതരംഗം പ്രഖ്യാപിക്കുകയും ചൂടിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഉയരുന്ന താപനിലയിൽ മനുഷ്യർ മാത്രമല്ല ബുദ്ധിമുട്ടുന്നത്. സമീപകാല താപനിലയിലെ വർധനയിൽ മൃഗങ്ങളും പക്ഷികളും ഒരുപോലെ കഷ്ടപ്പെടുകയാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും തെളിവ് നല്കുന്നു. മധ്യപ്രദേശിൽ താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ പക്ഷികളും വവ്വാലുകളും ചത്ത് കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടു.
മധ്യപ്രദേശിലെ രത്ലാമിലാണ് പക്ഷികളും വവ്വാലുകളും ഉഷ്ണതരംഗത്തിൽപ്പെട്ട് കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. രത്ലാമിൽ, താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഇപ്പോൾ. ഇത്രയും താപനിലയെ അതിജീവിക്കാൻ പക്ഷികൾക്ക് സാധിക്കില്ല. രത്ലാമിലെ മുനിസിപ്പൽ ഓഫീസിന് സമീപത്താണ് പക്ഷികളെ ചത്തനിലയിൽ കണ്ടത്തിയത്. പക്ഷികളിൽ ഉഷ്ണതരംഗത്തിന്റെ ഹൃദയഭേദകമായ ആഘാതം കാണിക്കുന്ന സംഭവത്തിന്റെ വീഡിയോ @ourmadhyapradesh എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലില് നിന്നാണ് പങ്കുവയ്ക്കപ്പട്ടത്.
ഉഷ്ണതരംഗം ബാധിച്ച് നിരവധി പക്ഷികളും വവ്വാലുകളും മരങ്ങളിൽ നിന്നും നിലത്ത് വീഴുന്നത് വീഡിയോ ക്ലിപ്പിൽ കാണാം. വീഡിയോ അപ്ലോഡ് ചെയ്തതോടെ നിരവധി പേർ കമന്റ് സെക്ഷനിൽ നിരാശ പ്രകടിപ്പിച്ചു. ചൂട് താങ്ങാൻ കഴിയാതെ അല്ല മറിച്ച് വെള്ളം കിട്ടാത്തതിനാലാണ് പക്ഷികൾ മരിച്ച് വീഴുന്നതെന്നായിരുന്നു കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്. ആരെങ്കിലും അവയ്ക്ക് കുടിയ്ക്കാൻ വെള്ളം വെയ്ക്കണമെന്നും കരുണ കാണിക്കണമെന്നും നിരവധിപ്പേർ കുറിച്ചു. നായ്ക്കളെ മാത്രം സ്നേഹിച്ചാൽപ്പോര മറ്റ് ജീവജാലങ്ങളോടും സ്നേഹവും കരുണയും കാണിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇതുവരെ 2,10,000 പേരാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ കണ്ടത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇതിനകം രത്ലാമിൽ ഉഷ്ണ തരംഗത്തെക്കുറിച്ച് ‘റെഡ് അലർട്ട്’ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വേനൽ ചൂട് ഏകദേശം ഒരാഴ്ച കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Last Updated May 31, 2024, 1:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]