
മലപ്പുറം: മലപ്പുറം നിലമ്പൂര്‍ ചാലിയാറില്‍ നിര്‍ധന സഹോദരങ്ങളുടെ ലൈഫ് പദ്ധതി പ്രകരാമുള്ള വീട് നിര്‍മ്മാണം തടഞ്ഞ് വനം വകുപ്പ്. ഇവരുടെ പത്ത് സെന്റ് ഭൂമി വനഭൂമിയാണെന്നും സര്‍ക്കാര്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കരുതെന്നും കാട്ടി വനം വകുപ്പ് ചാലിയാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്കി. അമ്പത് വര്‍ഷത്തോളമായി നികുതിയടക്കുന്ന ആകെയുള്ള ഭൂമിയില്‍ വനം വകുപ്പ് അവകാശവാദമുന്നയിച്ചതോടെ തെരുവിലിറങ്ങേണ്ട സ്ഥിതിയിലാണ് രണ്ട് കുടുംബങ്ങള്‍.
51 വയസുകാരി നാരായണിയും സഹോദരന് നാരയാണനും (65) ജനിച്ചു വളര്‍ന്നത് ചാലിയാര്‍ പഞ്ചായത്തിലെ പെരുമ്പത്തൂരിലുള്ള മണ്ണിലാണ്. ആകെയുള്ള പത്ത് സെന്റ് ഭൂമിയില്‍ വിധവയായ നാരായണിയും സഹോദരന് നാരായണനും താമസിച്ചിരുന്ന കൊച്ചു കൂര മഴയില്‍ ഏത് നിമിഷവും തകര്‍ന്നടിയുന്ന സ്ഥിതിയിലായിരുന്നു. ഈ ദുര്‍ഗതി കണ്ടാണ് ചാലിയാര്‍ പഞ്ചായത്ത് ഇവര്‍ക്കായി ലൈഫ് ഭവന പദ്ധതിയില്‍ രണ്ട് വീടുകള്‍ നല്‍കിയത്. ഇരുപതിനായിരം രൂപ വീതം ആദ്യ ഗഡു അനുവദിച്ചു. തറയുടെ പണിയും പൂര്‍ത്തിയാക്കി. ഇതിനിടയിലാണ് രണ്ട് വീടുകളുടേയും നിര്‍മ്മാണത്തിനുള്ള ഫണ്ട് അനുവദിക്കരുതെന്നാവശ്യപ്പെട്ട് വനം വകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. പിറന്ന് വീണ മണ്ണ് വിട്ട് എവിടേക്കിറങ്ങുമെന്നാണ് രോഗി കൂടിയായ നാരായണി ചോദിക്കുന്നത്.
ആധാരവും പട്ടയവുമുള്ള ഭൂമിയില്‍ വനം വകുപ്പ് അവകാശവാദം ഉന്നയിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പഞ്ചായത്തിനുള്ളത്. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് രണ്ട് മാസം മുമ്പ് നടത്തിയ സര്‍വേയിലാണ് ഈ ഭൂമി വനഭൂമിയാണെന്ന് കണ്ടെത്തിയത്. പതിനഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച ജണ്ട മറികടന്നുള്ള സ്ഥലങ്ങളിലാണ് വനം വകുപ്പ് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. സര്‍വേയില്‍ കണ്ടെത്തിയ ഭൂമി വനഭൂമിയാണെന്നും ഇത് മുന്‍കാലങ്ങളില്‍ കൈയേറ്റം നടത്തിയതാണെന്നുമാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം.
Last Updated May 30, 2024, 8:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]