

First Published May 30, 2024, 3:05 PM IST
കാലാവസ്ഥാ വ്യതിയാനം ശക്തമാണെന്നതിനുള്ള തെളിവുകളാണ് ലോകമെങ്ങുനിന്നും അനുദിനം പുറത്ത് വരുന്നത്. യുഎഇ, സൌദി തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ മരുഭൂമികളില്‍ വലിയ തടാകങ്ങള്‍ രൂപപ്പെടുന്ന രീതിയിലാണ് കഴിഞ്ഞ മാസം മഴ പെയ്തൊഴിഞ്ഞത്. ബ്രസീലിലും റഷ്യയിലും ചൈനയിലും ഇന്തോനേഷ്യയിലും അതിശക്തമായ പേമാരികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമേരിക്കയിലെ ചില സംസ്ഥാനങ്ങള്‍ ചുഴലിക്കാറ്റിന്റെ പിടിയില്‍ അമരുമ്പോള്‍ മറ്റ് ചില സംസ്ഥാനങ്ങളില്‍ കാട്ടുതീ ശക്തമാകുന്നു. യൂറോപ്പിലും ആഫ്രിക്കയിലും ഉഷ്ണതരംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കേരളവും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങളില്‍പ്പെട്ട് ഉഴറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. മേഘവിസ്ഫോടനങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെറും ഒന്നര മണിക്കൂറിനുള്ളില്‍ പെയ്തത് 100 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ. കുസാറ്റ് സർവകലാശാലയാണ് കൊച്ചിയില്‍ പെയ്തതൊഴിഞ്ഞ മഴ, മേഘ വിസ്ഫോടനമാണെന്ന് കണക്കുകള്‍ നിരത്തി വ്യക്തമാക്കിയത്.
എന്താണ് മേഘവിസ്ഫോടനം?
കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് ‘മേഘവിസ്ഫോടനം’ എന്ന് വിശേഷിപ്പിക്കുന്നത്. സാധാരണയായി ആഴ്ചകള്‍ കൊണ്ട് പെയ്യേണ്ടിയിരുന്ന ജലം മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നു. ഇത് നിമിഷ നേരം കൊണ്ട് വലിയൊരു പ്രദേശത്ത് വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലിനുമുള്ള സാധ്യത പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. ഇടിയ്ക്കും മിന്നലിനും ഒപ്പം ശക്തമായ മണ്ണിടിച്ചിലും ഇത്തരം മേഘവിസ്ഫോടനങ്ങളുടെ അനുബന്ധമായി ഉണ്ടാകാം.
ഒരു മണിക്കൂറില്‍ 100 മില്ലി മീറ്റര്‍ മഴ ഒരു പ്രദേശത്ത് പെയ്യുന്നതിനെയാണ് ‘മേഘ വിസ്ഫോടന’മെന്ന് പറയുന്നത്. നിശ്ചിത സമയത്തിനുള്ളിൽ എത്ര അളവില്‍ മഴ ലഭിച്ചു എന്നത് രേഖപ്പെടുത്താനുള്ള ഉപകരണമാണ് ‘മഴ മാപിനി’. ഇതിലാണ് കൊച്ചിയിലെ മേഘ വിസ്ഫോടനവും രേഖപ്പെടുത്തിയത്. ‘മേഘങ്ങളുടെ രാജാവെ’ന്ന് അറിയപ്പെടുന്ന ‘കുമുലോ നിംബസ്’ മഴ മേഘങ്ങളാണ് മേഘ വിസ്ഫോടനങ്ങള്‍ക്ക് കാരണം.
കുമുലോ നിംബസ് മേഘം
ഈർപ്പം നിറഞ്ഞ വായുപ്രവാഹം ഭൗമോ ഉപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് ആകാശത്ത് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ, കുമുലോ നിംബസ് മേഘങ്ങൾ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽ രൂപപ്പെട്ട് 15 കിലോമീറ്റർ വരെ ഉയരത്തിലെത്തുന്നു. ഇത്തരത്തില്‍ രൂപപ്പെടുന്ന കുമുലോ നിംബസ് മേഘത്തിന് ഉള്ളിൽ ശക്തിയേറിയ വായു പ്രവാഹം ചാംക്രമണ രീതിയിൽ രൂപപ്പെടുന്നു.
ഇത്തരം മേഘങ്ങളുടെ ഏതാണ്ട് മധ്യഭാഗത്ത് കൂടി അടിയിൽ നിന്ന് മുകളിലേക്ക് ഉയരുന്ന വായു പ്രവാഹത്തിന്റെ ശക്തി വളരെ കൂടുതലായിരിക്കും. വായു പ്രവാഹത്തിനൊപ്പം അന്തരീക്ഷ ഈർപ്പവും മുകളിലേക്ക് എത്തും. ഭൗമാന്തരീക്ഷത്തിന്റെ 10 കിലോമീറ്ററിനും മുകളിലുള്ള ഭാഗത്തെ താപനില – 40 മുതൽ – 60 ഡിഗ്രി സെൽഷ്യസ് വരെ ആയതിനാൽ വായു പ്രവാഹം വഹിച്ചിരിക്കുന്ന ഈർപ്പം വലിയ മഞ്ഞുകണങ്ങളായി മാറുന്നു. വായു പ്രവാഹം കുറയുമ്പോൾ ഭൂഗുരുത്വാകർഷണത്തിന്റെ ഫലമായി മഞ്ഞുകണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു. ഭൂമിയിലേക്കുള്ള യാത്രയ്ക്കിടെ ചെറിയ കണങ്ങള്‍ ഒന്ന് ചേര്‍ന്ന് വലുപ്പം വയ്ക്കുന്നു.
ഭൂമിയുടെ ഉപരിതലത്തിലേക്ക് പ്രവേശിക്കുന്നതോടെ അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന മാറ്റത്തെ തുടർന്ന് ഈ മഞ്ഞുകണങ്ങള്‍, ജലത്തുള്ളിയായി പരിണമിക്കുന്നു. ഇവ ഭൂമിയിൽ പതിക്കുന്നതാണ് മഴ. സമാനമായ പ്രക്രിയ വലിയ അളവിൽ സംഭവിക്കുമ്പോഴാണ് മേഘവിസ്ഫോടനം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. തുലാമഴയുടെ സമയത്തും കാലാവർഷ കാലത്തും വലിയ കാറ്റോട് കൂടി മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളും പിന്നാലെ മേഘവിസ്ഫോടനങ്ങും ഉണ്ടാകുന്നു. കാലാവസ്ഥയിലെ പ്രകടമായ മാറ്റം മേഘവിസ്ഫോടനങ്ങളുടെ തോത് വര്‍ദ്ധിപ്പിച്ചു.
ലഘു മേഘവിസ്ഫോടനം
രണ്ട് മണിക്കൂർ കൊണ്ട് അഞ്ച് സെന്റിമീറ്റർ അഥവാ 50 മില്ലിമീറ്റർ മഴയാണെങ്കിൽ പോലും കേരളം പോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ വലിയ നാശനഷ്ടമുമാണ് ഉണ്ടാവുക. ഇത്തരം മഴയെയാണ് മിനി ക്ലൗഡ് ബസ്റ്റ് അഥവാ ലഘു മേഘവിസ്ഫോടനം . സഹ്യപര്‍വ്വതത്തിന്റെ ചരിവും ജനസാന്ദ്രതയും ഇത്തരം സന്ദര്‍ഭങ്ങളില്‍ അപകടങ്ങളുടെ വ്യപ്തി വര്‍ദ്ധിപ്പിക്കുന്നു.
ഇത്രയേറെ അപകടങ്ങള്‍ക്ക് സാധ്യതയുള്ള മേഘ വിസ്ഫോടനങ്ങളെ നേരത്തെ തിരിച്ചറിയുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പെയ്തൊഴിയുന്നതിന് മൂന്നോ നാലോ മണിക്കൂർ മുമ്പ് മാത്രമേ റഡാർ, സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ഇവ തിരിച്ചറിയാന്‍ കഴിയുകയുള്ളൂവെന്നതാണ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ചുരുങ്ങിയ സമയം കൊണ്ട് അസാധാരണമായ രീതിയില്‍ മഴമേഘങ്ങള്‍ പെയ്തൊഴിയുന്ന സാഹചര്യങ്ങളാണ് നിലവിൽ കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ഒട്ടുമിക്ക ജില്ലകളും വെള്ളക്കെട്ടില്‍ അകപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ദുരിത പെയ്ത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഇന്ന് കേരളം. 2018 ലെ പ്രളയവും 2019 ലെ കവളപ്പാറ ദുരന്തവും 2020 ലെ പെട്ടിമുടി ദുരന്തവും കേരളത്തിന്റെ മനസുകളില്‍ നിന്ന് ഇനിയും ഒഴിഞ്ഞിട്ടില്ല.
പ്രധാനമായും രണ്ട് മഴക്കാലമാണ് കേരളത്തില്‍ ഉള്ളത്. ജൂണില്‍ ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, അഥവാ കാലവര്‍ഷം. ഇതിന് ‘ഇടവപ്പാതി’ എന്നും വിളിക്കപ്പെടുന്നു. മലയാള മാസം ഇടവ മാസത്തിന്റെ പകുതിയോടെ പെയ്തു തുടങ്ങുന്നതിനാലാണ് ഈ പേര്. അറബിക്കടലില്‍ നിന്നുള്ള നീരാവി നിറഞ്ഞ കാറ്റാണ് ഇടവപ്പാതിക്ക് കാരണം. ഒക്ടോബര്‍ പകുതിയോടെ വടക്കു കിഴക്കന്‍ മണ്‍സൂണിന്റെ വരവാണ് തുലാവര്‍ഷം എന്ന് അറിയപ്പെടുന്നത്. തുലാ മാസത്തില്‍ പെയ്തു തുടങ്ങുന്ന മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് രൂപപ്പെട്ട് കാറ്റിന്റെ ഗതിയാല്‍ കേരള തീരത്തേക്ക് വീശുന്നു. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴപെയ്ത്തിന് ഇടയാക്കിയിരുന്നത് തുലാവര്‍ഷമായിരുന്നു. കേരളത്തിന്റെ കാര്‍ഷിക ജീവിതം ഈ രണ്ട് മഴക്കാലങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
Last Updated May 30, 2024, 3:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]