
മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പുത്തൻ വജ്രായുധം പുറത്തിറക്കി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മുംബൈ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ന് കൊൽക്കത്തയ്ക്ക് എതിരെ ഇറങ്ങിയത്. മുജീബ് ഉര് റഹ്മാൻ, റോബിൻ മിൻസ് എന്നിവര്‍ക്ക് പകരക്കാരായി വിൽ ജാക്സും വിഘ്നേഷ് പുത്തൂരും പ്ലേയിംഗ് ഇലവനിൽ ഇടംനേടി. ആന്ധ്രാപ്രദേശിൽ നിന്നുള്ള പേസറായ സത്യനാരായണ രാജുവിന് പകരക്കാരനായി അശ്വനി കുമാര്‍ എന്ന ഇടം കയ്യൻ പേസര്‍ അരങ്ങേറ്റം കുറിച്ചു.
മത്സരത്തിന്റെ നാലാം ഓവറിൽ തന്നെ നായകൻ ഹര്‍ദ്ദിക് പാണ്ഡ്യ അരങ്ങേറ്റക്കാരനായ അശ്വനി കുമാറിനെ പന്തേൽപ്പിച്ചു. ആദ്യ പന്തിൽ തന്നെ കൊൽക്കത്തയുടെ നായകനായ അജിങ്ക്യ രഹാനെയെ പുറത്താക്കിയാണ് അശ്വനി കുമാര്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്. എന്നാൽ, ഒരു വിക്കറ്റിൽ ഒതുങ്ങാൻ അശ്വനി കുമാര്‍ എന്ന പഞ്ചാബി ബൗളര്‍ തയ്യാറായിരുന്നില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം 11-ാം ഓവറിലാണ് അശ്വനി വീണ്ടും പന്തെറിയാനെത്തിയത്. ഈ ഓവറിൽ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി അശ്വനി കുമാര്‍ വരവറിയിച്ചു. അപകടകാരിയായ റിങ്കു സിംഗിനെയും ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മനീഷ് പാണ്ഡെയെയും അശ്വനി മടക്കിയയച്ചു. തന്റെ മൂന്നാം ഓവറിൽ ആന്ദ്രെ റസലിനെ ക്ലീൻ ബൗൾഡാക്കി അശ്വനി കുമാര്‍ വിക്കറ്റ് വേട്ട പൂര്‍ത്തിയാക്കി. 5 വിക്കറ്റ് നേട്ടത്തിന് ഒരു ഓവര്‍ ബാക്കിയുണ്ടായിരുന്നെങ്കിലും അതിന് മുമ്പ് തന്നെ കൊൽക്കത്ത ഓൾ ഔട്ടാകുകയായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബ് ടീമിലാണ് അശ്വനി കുമാര്‍ കളിക്കുന്നത്. ഇതുവരെ 2 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 4 ലിസ്റ്റ് എ മത്സരങ്ങളിലും 4 ടി20 മത്സരങ്ങളിലുമാണ് അശ്വനി കളിച്ചത്. ഡെത്ത് ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള അശ്വനി കുമാറിനെ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഏതാനും റെക്കോര്‍ഡുകളും താരം സ്വന്തമാക്കി കഴിഞ്ഞു. മുംബൈയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ബൗളറാണ് അശ്വനി കുമാര്‍. ആദ്യ മത്സരത്തിൽ തന്നെ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ബൗളര്‍മാരുടെ പട്ടികയിൽ നാലാം സ്ഥാനവും അശ്വനി കുമാര്‍ സ്വന്തമാക്കി.
അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ മുംബൈയ്ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാര്‍
അലി മുർതാസ vs രാജസ്ഥാൻ റോയൽസ്, 2010 (നമാൻ ഓജ)
അൽസാരി ജോസഫ് vs സൺറൈസേഴ്സ് ഹൈദരാബാദ്, 2019 (ഡേവിഡ് വാർണർ)
ഡെവാൾഡ് ബ്രെവിസ് vs റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, 2022 (വിരാട് കോഹ്ലി)
അശ്വനി കുമാർ vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, 2025 (അജിങ്ക്യ രഹാനെ)*
ഐപിഎൽ അരങ്ങേറ്റത്തിലെ മികച്ച പ്രകടനങ്ങൾ
അൽസാരി ജോസഫ് (മുംബൈ) – 6/12 vs സൺറൈസേഴ്സ് ഹൈദരാബാദ് (2019)
ആൻഡ്രൂ ടൈ (ഗുജറാത്ത് ലയൺസ്) – 5/17 vs റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് (2017)
ശുഐബ് അക്തർ (കൊൽക്കത്ത) – 4/11 vs ഡൽഹി (2008)
അശ്വനി കുമാർ (മുംബൈ) – 4/24 vs കൊൽക്കത്ത (2025)*
കെവോൺ കൂപ്പർ (രാജസ്ഥാൻ) – 4/26 vs കിംഗ്സ് ഇലവൻ പഞ്ചാബ് (2012)
ഡേവിഡ് വീസെ (ആർസിബി) – 4/33 vs മുംബൈ (2015)
READ MORE: കൊൽക്കത്തയെ തകര്‍ത്ത് തരിപ്പണമാക്കി, അക്കൗണ്ട് തുറന്ന് മുംബൈ; വിജയശിൽപ്പിയായി റയാൻ റിക്കൽടൺ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]