
കണ്ണൂരിൽ ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുള്ള പതാകയേന്തി സിപിഎം പ്രവർത്തകർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ പതിച്ച പതാകകളുമായി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രവർത്തകരുടെ ആഘോഷം. കൂത്തുപറമ്പ് – കണ്ണൂർ റോഡിൽ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തൻ മഠം ക്ഷേത്ര ഉത്സവാഘോഷത്തിനിടെ നടന്ന കലശഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങൾ പതിച്ച കൊടികളുമായി യുവാക്കൾ ആഘോഷ പ്രകടനം നടത്തിയത്. കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയിൽ ആയിരുന്നു പാർട്ടി പ്രവർത്തകരുടെ ആവേശപ്രകടനം. പതാകകൾ വീശുന്നതിനൊപ്പം പ്രതികളെ പ്രകീർത്തിക്കുന്ന വാഴ്ത്തു പാട്ടുകളും മുദ്രാവാക്യങ്ങളും ഉയർന്നുകേട്ടു.
കണ്ണൂരിൽ ഉത്സവങ്ങളോടും മറ്റും അനുബന്ധിച്ച് പാർട്ടി പതാകകളും മറ്റും ഉപയോഗിച്ചുള്ള ആഘോഷ പരിപാടികൾ സാധാരണയാണെങ്കിലും കൊലപാതക കേസിൽ കോടതി ശിക്ഷിച്ച പ്രതികളുടെ ചിത്രങ്ങളുമായുള്ള പ്രകടനങ്ങൾ ഇതുവരെയുണ്ടായിട്ടില്ല. ബിജെപി പ്രവർത്തകനായിരുന്ന സൂരജിനെ കൊലപ്പെടുത്തിയ കേസിന്റെ വിധി വന്നതിന് പിന്നാലെ ‘ശിക്ഷിക്കപ്പെട്ടവരെല്ലാവരും നിരപരാധികൾ ആണ്. അവരെ രക്ഷിക്കാൻ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും’ – എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചിരുന്നത്. ഇതേ നയം തന്നെ പാർട്ടി അനുയായികളും പിന്തുടരുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്നലെ നടന്ന കലശഘോഷയാത്രയിൽ വെളിവായത്. കേസിൽ കോടതി വിധി പറഞ്ഞ ദിവസം കോടതിക്ക് പുറത്തും പ്രതികൾക്ക് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ എത്തിയിരുന്നു.