
തിരുവനന്തപുരം: പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ലെന്ന് അമ്മ മല്ലിക സുകുമാരൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ചതിച്ചെന്ന് മോഹൻലാൽ പറഞ്ഞിട്ടില്ല. എന്നാൽ, ലാലിന് നേരത്തെ പ്രതികരിക്കാമായിരുന്നു. വിവാദങ്ങൾക്ക് പിന്നിൽ ആരോ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും ഒരു വിഭാഗത്തിന്റെയും ചട്ടുകമാകാൻ പൃഥ്വിരാജിനെ കിട്ടില്ലെന്നും മല്ലിക സുകുമാരൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ പ്രതികരിച്ചു.
”എന്റെ മകൻ ചതിച്ചു എന്ന് മേജർ രവിയുടെ ഒരു പോസ്റ്റ് കണ്ടു. അത് കണ്ടപ്പോൾ വലിയ വിഷമം തോന്നി. ശുദ്ധ നുണയാണ് അദ്ദേഹം എഴുതിയത്. ഇതിന് ഒരു പ്രിവ്യൂ ഉണ്ടായിരുന്നില്ല. ആർക്കും കാണാൻ പറ്റിയില്ല. പക്ഷേ, ഷൂട്ടിംഗ് നടക്കുമ്പോൾ എല്ലാം കണ്ട വ്യക്തിയാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. എത് എല്ലാവർക്കും അറിയാം, ആ യൂണിറ്റിലുള്ള എല്ലാവർക്കും അറിയാം. മോഹൻലാലിന്റെ ആത്മാർത്ഥ സുഹൃത്തായതുകൊണ്ട് ഒരു രക്ഷകനായി മാറാൻ ചമഞ്ഞതാണോ? എന്ന് എനിക്ക് അറിയില്ല. മോഹൻലാൽ പറഞ്ഞിട്ടുണ്ട് അതിന് എല്ലാവർക്കും കൂട്ടുത്തരവാദിത്തമാണെന്ന്. ഇന്നൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അത് അൽപം നേരത്തെയാവാമായിരുന്നു എന്നൊരു വിഷമമുണ്ട്. ആരുടെയും മുന്നിൽ ഒരു അടിമയായിട്ട് നിന്നുകൊണ്ട്, എന്തെങ്കിലും കാട്ടിക്കൂട്ടി, എന്തെങ്കിലും ഒരു സ്വാർത്ഥ ലാഭത്തിന് വേണ്ടി ഒരു ജോലിസ്ഥലത്തും എന്റെ കുഞ്ഞുങ്ങളെ ഞാൻ വിടില്ല. പൃഥ്വിരാജിന് ഈ സിനിമയിൽ കൂടെ നടക്കുന്ന കമ്പനി ഇല്ലാത്ത ഒരാളാണ്. സിനിമയിലുള്ളവരും പലതരത്തിൽ അവനെ, ഏതെല്ലാം തരത്തിൽ ആക്രമിക്കാമോ. അതൊക്കെ ഒരുഭാഗത്ത് നടക്കും അതിലൊന്നും എനിക്ക് ഒരു പരാതിയില്ല. പൃഥ്വിരാജ് ഒരു രാഷ്ട്രീയ പാർട്ടിയുടേയും കൊടി പിടിച്ച് നടക്കുന്ന ആളല്ല. നടക്കത്തുമില്ല. പൃഥ്വിരാജ് നല്ലത് കണ്ടാൽ നല്ലത് പറയും. അത് ഏത് പാർട്ടിക്കാര് ചെയ്താലും. തെറ്റ് കണ്ടാൽ തെറ്റെന്ന് പറയും. ശരി കണ്ടാൽ ശരിയെന്ന് പറയും അത് ഞാനും പറയും.” മല്ലിക സുകുമാരൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]