
‘അനിത തിരിച്ചുചെല്ലുമ്പോള്‍ വീടില്ല; ജപ്തിഭീഷണി, കുടുംബത്തിൽ ഒരാൾക്ക് കാൻസർ’; ജീവിതയാഥാർഥ്യങ്ങളിൽ ഉരുകി ആശമാർ, സമരം അൻപതാം ദിനത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ‘‘സ്ത്രീകളെ സംബന്ധിച്ച്, മുടി മുറിച്ച് പ്രതിഷേധിക്കുക എന്നത് കുറച്ചു കടന്ന ഒരു സമരരീതിയാണ്. മുടി ഒരു സ്ത്രീക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. ന്യായമായ ആവശ്യം നേടിയെടുക്കാന്‍ മുടി പോലും ആശമാര്‍ക്കു നഷ്ടപ്പെടുത്തേണ്ടിവരുന്നു എന്നത് ഈ സര്‍ക്കാര്‍ ഏറ്റവും ലജ്ജിക്കേണ്ടുന്ന ഒരു ഘട്ടമാണ്. പക്ഷേ അത്തരത്തില്‍ ഒരു സമരം പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു പോലും വിളിക്കാതെ മുഖം തിരിച്ചു നില്‍ക്കുകയാണ്.’’ – സെക്രട്ടേറിയറ്റിനു മുന്നിലെ സമരം 50 ദിവസത്തില്‍ എത്തുമ്പോള്‍ കേരളാ വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദുവിന്റെ വാക്കുകളാണിത്. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ ആശമാര്‍ മുറിച്ചിടുന്ന മുടിച്ചുരുളുകള്‍ ഭരണകൂടത്തെ കൂടുതല്‍ അസ്വസ്ഥരാക്കുമെന്ന ആത്മവിശ്വാസമാണ് സമരക്കാര്‍ക്കുള്ളത്. സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാടോടെ സമീപിച്ച് ഫലപ്രദമായ ചര്‍ച്ചകളിലൂടെ എന്നേ അവസാനിപ്പിക്കേണ്ടിയിരുന്ന സമരത്തെ ഇത്തരമൊരു ഘട്ടം വരെ എത്തിച്ചതെന്നും നിരാലംബരായ സ്ത്രീകള്‍ എന്തൊക്കെ കഷ്ടതകള്‍ അനുഭവിച്ചാണ് ഓരോ ദിവസവും അവകാശപ്പോരാട്ടം നടത്തുന്നതെന്നും ബിന്ദു മനോരമ ഓണ്‍ലൈനിനോടു മനസ്സു തുറന്നു.
ആശമാരുടെ തീക്ഷ്ണ ജീവിതയാഥാര്‍ഥ്യങ്ങള്‍
തുച്ഛമായ വേതനവര്‍ധന ആവശ്യപ്പെട്ട് ദിവസങ്ങളായി സമരത്തിന് എത്തുന്ന ഓരോ സ്ത്രീയുടെയും ജീവിതാനുഭവങ്ങള്‍ തീക്ഷ്ണമാണ്. സമരമുഖത്തുള്ള കൊല്ലം സ്വദേശിയായ ഒരു ആശയുടെ മകന് അപകടത്തില്‍ നട്ടെല്ലിനു പരുക്കേറ്റ് തളര്‍ന്ന നിലയിലാണ്. ആ മോനെ രാവിലെ കുളിപ്പിച്ചു കിടത്തി ഭക്ഷണം വാരിക്കൊടുത്തിട്ടാണ് അവര്‍ മിക്ക ദിവസവും ഇവിടെ സമരത്തിന് എത്തുന്നത്. ഇപ്പോള്‍ നിരാഹാരം കിടക്കാന്‍ പോകുന്ന ആശയുടെ ഭര്‍ത്താവിന് വൃക്കയ്ക്കു തകരാറാണ്. ആശുപത്രിയില്‍ കൊണ്ടുപോയി ഡയാലിസിസ് ചെയ്ത് തിരികെ വീട്ടിലെത്തിച്ചിട്ടാണ് അവര്‍ ദിവസവും ഇവിടെ വരുന്നത്. അവരുടെ അമ്മയ്ക്ക് കാന്‍സറാണ്. അത്തരത്തില്‍ ഹൃദയഭേദകമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരാണു സമരമുഖത്തുള്ളത്. ഓരോരുത്തരുടെയും ജീവിതം ഓരോ പുസ്തകമാക്കാന്‍ കഴിയുന്ന തരത്തിലുള്ള സംഭവങ്ങളാണ്. കഴിഞ്ഞ ദിവസം നിരാഹാരം കിടന്ന ഒരു ആശയുടെ ഭര്‍ത്താവ് മരിച്ചിട്ട് എട്ടു വര്‍ഷമായി. മകള്‍ക്ക് ഒരു കുഞ്ഞു കുട്ടിയുണ്ട്. മകള്‍ ട്യൂഷനെടുക്കാന്‍ പോകുമ്പോള്‍ കുട്ടിയെ നോക്കേണ്ടത് അവരാണ്. ഇതൊക്കെ മറികടന്നാണ് അവര്‍ വരുന്നത്. ഒടുവില്‍ ക്ഷീണിതയായി ആശുപത്രിയിലേക്കു മാറ്റി. പക്ഷെ അവിടെ കിടക്കാന്‍ പറ്റുന്നില്ലെന്നു പറഞ്ഞ് ഇന്നു വീണ്ടും അവര്‍ സമരപ്പന്തലില്‍ എത്തി. ഇപ്പോള്‍ നിരാഹാരം കിടക്കുന്ന അനിത തിരിച്ചുചെല്ലുമ്പോള്‍ വീടില്ല. ജപ്തിഭീഷണിയിലാണ്. അതു സംബന്ധിച്ച് വാര്‍ത്ത വന്നപ്പോള്‍ ഓര്‍ത്തഡോക്സ് സഭ പണം നല്‍കിയാണ് കടം ഒഴിവാക്കിയത്. കുടുംബത്തില്‍ ഒരാള്‍ക്കു കാന്‍സറാണ്. ഇത്തരം സമ്മര്‍ദങ്ങള്‍ക്കിടയിലാണ് സമരത്തില്‍നിന്നു പിന്മാറണമെന്നു പറഞ്ഞ് ജില്ലാ തലത്തിലുളള ഉദ്യോഗസ്ഥര്‍ മാനസികമായി, ക്രൂരമായി പീഡിപ്പിക്കുന്നത്.
∙ ഏതു സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യാനുള്ള തീരുമാനം ഉണ്ടായത്? ആദ്യഘട്ടത്തില്‍ രാപകല്‍ സമരം വേണമെന്നു തീരുമാനിക്കാനുണ്ടായ സാഹചര്യമെന്താണ്?
62-ാം വയസ്സില്‍ ആശമാരെ പിരിച്ചുവിടുന്നതു സംബന്ധിച്ച് 2022 മാര്‍ച്ച് രണ്ടിനാണ് ഉത്തരവ് വന്നത്. അന്നുമുതല്‍, വിരമിക്കല്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ആശാ വര്‍ക്കര്‍മാര്‍ക്കു വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നും അത് പ്രഖ്യാപിച്ചതിനു ശേഷമേ ഉത്തരവ് നടപ്പാക്കാവൂ എന്നും ആവശ്യപ്പെട്ടിരുന്നു. കേരളത്തിലാകെ ഈ ആവശ്യമുന്നയിച്ച് പ്രതിഷേധപരിപാടികള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് മരവിപ്പിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞത്. ഉത്തരവ് പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇതു ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 16ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുകയും ചെയ്തു.
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, ആശമാരെ റെഗുലറൈസ് ചെയ്യുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവച്ചിരുന്നത്. ഡിസംബര്‍ 4ന് ഡയറക്ടറേറ്റില്‍ വിളിച്ച യോഗത്തില്‍ 22 ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്കി. ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്നും ഓണറേറിയവും ഇന്‍സെന്റീവും ഒന്നിച്ച് 5-ാം തീയതിക്കു മുന്‍പ് നല്‍കണമെന്നും ആവശ്യപ്പെട്ടു. ജനുവരി 25ന് വീണ്ടും സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. എല്ലാ ജില്ലകളിലും പരിപാടികള്‍ നടത്തുകയും ഡിഎംഒയ്ക്കും കലക്ടര്‍ക്കുമടക്കം നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. 2 മാസത്തെ ഓണറേറിയവും 3 മാസത്തെ ഇന്‍സെന്റീവും അന്നു കുടിശികയായിരുന്നു. ഫെബ്രുവരി ഏഴിലെ ബജറ്റില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് വേണ്ട പരിഗണന കിട്ടിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ രാപകല്‍ സമരം ആരംഭിക്കുമെന്ന് അന്നു തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ബജറ്റില്‍ യാതൊരു തരത്തിലുള്ള പരിഗണനയും നല്കാന് സര്‍ക്കാര്‍ തയാറായില്ല. അതോടെ ആശമാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം രൂപപ്പെടുകയും ഫെബ്രുവരി 10ന് രാപകല്‍ സമരം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
∙ സമരം അനിശ്ചിത കാലത്തേക്കായതും നിരാഹാരം, മുടിമുറിക്കല്‍ തുടങ്ങിയ ഘട്ടങ്ങളിലേക്കു വഴിമാറിയതും ഏതു സാഹചര്യത്തിലാണ്?
രാപകല്‍ സമരം തുടങ്ങിയ ഘട്ടത്തില്‍ നിയമസഭയില്‍ പോയി ആരോഗ്യമന്ത്രിയെ കണ്ടിരുന്നു. സമരം അനാവശ്യമാണെന്നാണ് മന്ത്രി പറഞ്ഞത്. സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്ന നടപടിയായി അത്. സിഐടിയുവിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ചില ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും അതു തന്നെ ഉന്നയിച്ച് പിന്നെ എന്തിനാണ് സമരം എന്നുമാണു മന്ത്രി ചോദിച്ചത്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും പറഞ്ഞു. കേന്ദ്രം പണം തരുമ്പോള്‍ ഞങ്ങള്‍ തരാം എന്നായിരുന്നു നിലപാട്. ഇതോടെയാണ് സമരം അനിശ്ചിതകാലത്തേക്കായി മാറുന്നത്. ഇതിനിടയില്‍ സമരത്തിനെതിരായ ആക്ഷേപങ്ങളുമായി മന്ത്രിമാരും നേതാക്കന്മാരും രംഗത്തെത്തി. ഭരണസംവിധാനത്തെ മുഴുവന്‍ ഉപയോഗിച്ച് വലിയ ആക്രമണമാണ് നടത്തിയത്. ഇതിനിടെ ഫെബ്രുവരി 15ന് ആശമാരുടെ കുടുംബസംഗമം നടത്തി. 20 ന് നൂറുകണക്കിന് ആശമാര്‍ പങ്കെടുത്ത മഹാസംഗമം നടന്നു. മാര്‍ച്ച് 8ന് വനിതാദിനത്തില്‍ പരിപാടി സംഘടിപ്പിച്ചതിനു പിന്നാലെ നിയമസഭാ മാര്‍ച്ച് നടത്തി.
സമൂഹത്തിലെ ഏറ്റവും നിസ്വരായ സ്ത്രീകള്‍ നടത്തുന്ന സമരത്തെ ഏതുവിധേനയും തകര്‍ക്കാനുള്ള നീക്കങ്ങളായിരുന്നു ഇതിനിടെ നടന്നുകൊണ്ടിരുന്നത്. സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ തലേദിവസം സംസ്ഥാനത്ത് ഒട്ടാകെ പാലിയേറ്റീവ് പരിശീലന ക്ലാസ് വച്ച് അതിനെ തകര്‍ക്കാന്‍ ശ്രമിച്ചു. ആശമാരുടെ യഥാര്‍ഥ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. നിരാലംബരായ ആശമാര്‍ വിരമിക്കുമ്പോള്‍ 5 ലക്ഷം രൂപയുടെ സുരക്ഷിതത്വമെങ്കിലും വേണം, ഓണറേറിയം 21000 ആക്കണം എന്നത് നിര്‍ണായകമായ ആവശ്യങ്ങളാണ്. അതില്‍നിന്നു പിന്നോട്ടുപോകാന്‍ കഴിയില്ല. 39-ാം ദിവസമാണ് നിരാഹാരം പ്രഖ്യാപിച്ചത്. പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാതെ വന്നതോടെയാണ് പുതിയ ഘട്ടങ്ങളിലേക്ക് സമരം ഊര്ജിതമാക്കേണ്ടിവന്നത്. മനുഷ്യന് സ്വയം പീഡിപ്പിക്കേണ്ടിവരുന്ന നിരാഹാരസമരത്തിലേക്കു പോലും സ്ത്രീകള്‍ കടന്നിട്ടും സര്‍ക്കാരിന്റെ മനസ്സ് അലിയുന്നില്ല. മുന്‍പ് പറഞ്ഞതു തന്നെ ആവര്‍ത്തിക്കുകയാണ് മന്ത്രിയും ഉദ്യോഗസ്ഥരും ചെയ്യുന്നത്. ഇതോടെയാണ് സമരം തുടങ്ങി 50-ാം ദിവസം മുടി മുറിച്ചു പ്രതിഷേധിക്കുന്നത്. എല്ലാവരെയും തിരുവനന്തപുരത്തേക്ക് എത്തിക്കുക ചെലവേറിയ കാര്യമായതിനാല്‍ ജില്ലാ തലത്തില്‍ സമാനമായ പ്രതിഷേധം സംഘടിപ്പിക്കും.
∙ സമരം ആരംഭിക്കുമ്പോള്‍ ഇത്രയും ദിവസം നീണ്ടു പോകുമെന്നും ഇത്രയേറെ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നോ? രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ മാത്രം മതി, സമരത്തില്‍ നേരിട്ട് ഇടപെടേണ്ടതില്ലെന്ന തീരുമാനം എടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?
50 ദിവസത്തോളം സമരം നീളുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം സിപിഒ സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഉദാഹരണമായി മുന്നില്‍ ഉണ്ടായിരുന്നു. ശയന പ്രദക്ഷിണം ചെയ്തും മുട്ടിലിഴഞ്ഞും ശവമഞ്ചത്തില്‍ കിടന്നും ഒക്കെ അവര്‍ പ്രതിഷേധിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. എന്നാല്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്ത്രീകള്‍ നടത്തുന്ന സമരത്തോട് ഭരണകൂടം അനുഭാവപൂര്‍വം പ്രതികരിക്കുമെന്നാണ് കരുതിയിരുന്നത്. കര്‍ണാടകയില്‍ ആശമാര്‍ സമരം ചെയ്തപ്പോള്‍ അഞ്ചാം ദിവസം സര്‍ക്കാര്‍ ഇടപെട്ട് പരിഹാരത്തിനു ശ്രമിച്ചിരുന്നു. എന്നാല്‍ ഇവിടെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ സമരത്തെ അട്ടിമറിക്കാനും അധിക്ഷേപിക്കാനുമാണ് ശ്രമിച്ചത്. ഇതോടെ സ്വാഭാവികമായി സമരം നീണ്ടു പോകുകയായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തെ ആകെ ആശമാരുടെ പൊതുവികാരത്തെയാണ് സംഘടന പ്രതിനിധീകരിക്കുന്നതെന്ന തിരിച്ചറിവ് മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജമായി. യാതൊരു ബന്ധവുമില്ലാത്ത എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി പോലെയുള്ള സംഘടനകളുടെ വരെ പേരു പറഞ്ഞ് പോലും ബ്രാന്‍ഡ് ചെയ്യാനുള്ള നീക്കങ്ങള്‍ ഉണ്ടായി. അത്തരം ബ്രാന്‍ഡിങ്ങുകള്‍ സമരത്തിന്റെ ലക്ഷ്യത്തിന് ദോഷം ചെയ്യുമെന്ന ബോധ്യത്തിലാണ് പാര്‍ട്ടികളുടെ ഉള്‍പ്പെടെ പൊതുസമൂഹത്തിന്റെയാകെ പിന്തുണ ആര്‍ജിച്ച് സമരം തുടരുന്നത്.
∙ സമരം 50 ദിവസമെത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു ചര്‍ച്ചയ്ക്കു തയാറായിട്ടില്ല. വി.എസ്.അച്യുതാനന്ദനോ ഉമ്മന്‍ചാണ്ടിയോ ആയിരുന്നു ആ കസേരയില്‍ എങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടോ?
താരതമ്യത്തിനില്ല. പക്ഷേ കുറച്ചുകൂടി മെച്ചപ്പട്ട സമീപനമുണ്ടാകുമായിരുന്നുവെന്നാണ് കരുതുന്നത്. ന്യായമായ ആവശ്യത്തോടെ നടക്കുന്ന തൊഴില്‍ സമരത്തെ ഏതു തരത്തില്‍ പരിഗണിക്കണമെന്ന് പരിണിതപ്രജ്ഞരായ രാഷ്ട്രീയ നേതാക്കള്‍ക്ക് അറിയാം. തൊഴില്‍സമരങ്ങള്‍ നടത്തിയും ഇടപെട്ടും തഴക്കമുള്ള രാഷ്ട്രീയനേതാക്കള്‍ ജനകീയപ്രശ്നങ്ങള്‍ മുഖവിലയ്ക്ക് എടുക്കും. ജനതാല്പര്യത്തിനു വില കൊടുക്കുന്ന തരത്തില്‍ വേണം ഭരണാധികാരികള്‍ നിലപാടുകള്‍ സ്വീകരിക്കേണ്ടത്. സര്‍ക്കാര്‍ വീഴ്ച മൂലം സമരം നീണ്ടുപോകുകയും മറ്റു രാഷ്ട്രീയ സംഘടനകള്‍ പിന്തുണയുമായി എത്തുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ അവര്‍ക്കു വേണ്ടി നാടകം കളിക്കുകയാണെന്ന പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ കേരളത്തിലെ പൊതുസമൂഹം സര്‍ക്കാര്‍ വാദം തള്ളിക്കളഞ്ഞ് ഒരു കാരണവശാലും ഈ സമരം പരാജയപ്പെടാന്‍ പാടില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ ഞങ്ങള്‍ക്കു പിന്നില്‍ അണിനിരന്നിരിക്കുകയാണ്. എന്നാല്‍ ജനഹിതം മാനിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. ഈ സര്‍ക്കാര്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ പ്രസ്ഥാനത്തിന്റെയോ മാത്രമല്ല. അധികാരത്തിലേറിക്കഴിഞ്ഞാല്‍ ഈ സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ് അവര്‍. അപ്പോള്‍ ആരു പറഞ്ഞാലും ചെവികൊടുക്കണം. അവരോടൊപ്പം ചേര്‍ന്നുനിന്നു ചിന്തിക്കണം. അതാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ അഭികാമ്യം.
∙ വിവിധ ജില്ലകളില്‍നിന്നുള്ള, വ്യത്യസ്ത സാഹചര്യങ്ങളില്നിന്നെത്തിയ ഇത്രയേറെ സ്ത്രീകളെ ഇത്രയും ദിവസം ഒരുമിച്ചു നിര്‍ത്തി മുന്നോട്ടുപോകാന്‍ എങ്ങനെയാണ് സാധിക്കുന്നത്? നിങ്ങളുടെ നേതൃത്വത്തിനപ്പുറം എന്താണ് ഒരു മനസ്സായി നില്ക്കാന് അവരെ പ്രേരിപ്പിക്കുന്നത്?
സമരവേദിയില്‍ അത്തരത്തില്‍ നേതാക്കന്മാരെന്ന ചിന്തയില്ല. ഒരു ആത്മാവും ശരീരവുമായി ഒരു കുടുംബത്തെപ്പോലെയാണ് എല്ലാവരും മുന്നോട്ടുപോകുന്നത്. സങ്കുചിതത്വങ്ങള്‍ക്ക് അതീതമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പത്തു വര്‍ഷത്തിലേറെയായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് സമരം. ആവശ്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയുള്ള നിലപാടുകളില്‍ ഒപ്പമുള്ളവര്‍ക്ക് വിശ്വാസമുണ്ട്. ഓരോഘട്ടത്തിലും എല്ലാവരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാണ് നീങ്ങുന്നത്. സത്യസന്ധതയും ആത്മാര്‍ഥതയും പ്രവര്‍ത്തനങ്ങളിലൂടെയാണ് ബോധ്യപ്പെടുന്നത്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായ ചര്‍ച്ചകള്‍ നടത്തി മാത്രമാണ്. കൂട്ടായ പരിശ്രമങ്ങളിലൂടെ വ്യക്തിപരിമിതികള് മറികടക്കാന്‍ കഴിയും. ഇത്തരത്തിലുള്ള സമരങ്ങളാണ് മനുഷ്യരെ രൂപപ്പെടുത്തുന്നത്. വലിയ അതിജീവനപാഠമാണ് 50 ദിവസത്തെ സമരം നല്‍കുന്നത്. ഇതുവരെയുള്ള ശീലങ്ങള്‍ എല്ലാം മറന്ന് ഒന്നിച്ചു കഞ്ഞിവച്ചു കുടിക്കാനും രാത്രി തെരുവില്‍ ഉറങ്ങാനും ഒക്കെ സ്ത്രീകളെ പ്രാപ്തരാക്കുന്നത് ഈ കൂട്ടായ്മയുടെ കരുത്താണ്. ഞാന്‍ തന്നെ വീട്ടില്‍നിന്ന് ഇറങ്ങിയിട്ട് 50ലേറെ ദിവസങ്ങളായി. ഏറ്റെടുത്ത ഉത്തരവാദിത്തമാണ് മനസ്സ് നിറയെ. ഇവിടെയുള്ള ഓരോരുത്തരും അങ്ങനെ തന്നെയാണ്. ചിലരൊക്കെ വീട്ടില്‍ പോയാല്‍ പോലും പെട്ടെന്നു തിരിച്ചെത്തും. നിങ്ങള്‍ ഇവിടെ കഴിയുമ്പോള്‍ വീട്ടില്‍ സ്വസ്ഥമായി ഇരിക്കാന്‍ കഴിയുന്നില്ലെന്നാണ് അവര്‍ പറയുന്നത്.
∙ സമരം കൊണ്ട് ഇതുവരെ ഉണ്ടായിട്ടുള്ള നേട്ടം എന്താണെന്നു വിശദീകരിക്കാമോ? ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുറച്ചുകൂടി ഫലപ്രദമായി ഇടപെടാന്‍ കഴിയുമായിരുന്നുവെന്ന് കരുതുന്നുണ്ടോ? എന്തുകൊണ്ട്?
രാജ്യത്താകെയുള്ള പത്തു ലക്ഷത്തോളം വരുന്ന ആശമാര്‍ നേരിടുന്ന ജീവിതപ്രതിസന്ധികള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രധാനനേട്ടമായി കരുതുന്നത്. ദേശീയതലത്തില്‍ തന്നെ നമ്മുടെ ഈ സമരം വലിയ ചര്‍ച്ചയായി. രാജ്യസഭയിലും ലോക്സഭയിലും വിഷയമെത്തി. ഇവിടെ സമരം ആരംഭിച്ചതിനു ശേഷം ആന്ധ്രാപ്രദേശില്‍ ഗ്രാറ്റുവിറ്റി നല്കി. പോണ്ടിച്ചേരി ഓണറേറിയം വര്‍ധിപ്പിച്ചു. അതിനൊപ്പം തന്നെ സമരസമിതി ഉന്നയിച്ച മാനദണ്ഡം ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. എങ്കിലും ഇന്‍സന്റീവിന് മാനദണ്ഡം ഉള്‍പ്പെടുത്തിയതു സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കണമെന്ന് നമ്മള് ആവശ്യപ്പെട്ടിട്ടുണ്ട്. സമരം ചെയ്യുന്നവര്‍ക്ക് ഒഴികെ ആശമാര്‍ക്ക് ഫെബ്രുവരിയിലെ ഓണറേറിയവും ഇന്‍സന്റീവും കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ രാഷ്ട്രീയ നേതാക്കന്മാരെയും യൂണിയന് പ്രതിനിധികളെയും ഇരുത്തിച്ചിന്തിപ്പിക്കാന്‍ സമരം പര്യാപ്തമായി. അവരുടെ കണ്ണു തുറപ്പിക്കുന്ന മുന്നേറ്റമാണിത്. അടിസ്ഥാനപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ വൈകുന്നതില്‍ പലര്‍ക്കും കുറ്റബോധമുണ്ട്. പല ഉയര്‍ന്ന നേതാക്കളും അതു പറയുകയും ചെയ്തു. യാതൊരു തരത്തിലുള്ള അക്രമങ്ങളും ഇല്ലാതെ സമാധാനരീതിയിലാണ് സമരം എങ്കിലും സര്‍ക്കാരിനെ അത് വല്ലാതെ സമ്മര്‍ദത്തില്‍ ആക്കിയിട്ടുണ്ട്.
∙ എസ്യുസിഐ സമരത്തിനു നേതൃത്വം നല്‍കുന്നവെന്ന പ്രചാരണത്തെ എങ്ങനെയാണ് കാണുന്നത്?
മുന്‍പ് സിപിഒമാര്‍ നടത്തിയ സമരത്തില്‍ എസ്യുസിഐ ഉണ്ടായിരുന്നോ. ദുഷ്ടലാക്കോടെ നടത്തുന്ന പ്രചാരണമാണത്. സമരത്തിലൂടെ എല്ലാം നേടാന്‍ കഴിയുമെന്ന് കരുതരുതെന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയില്‍ ഇടംപിടിക്കാന്‍ മത്സരിക്കുമ്പോള്‍ തൊഴില്‍സമരങ്ങള്‍ ഭരണകൂടത്തെ അലോസരപ്പെടുത്തും. സാമൂഹിക ഉത്തരവാദിത്തം മറന്നുള്ള നിലപാട് മാറ്റത്തിന്റെ സൂചനകളാണിതൊക്കെ. മനുഷ്യര്‍ യോജിക്കുന്ന ഇടങ്ങളെ മഴവില്‍സഖ്യം എന്നു പറഞ്ഞ് ആക്ഷേപിക്കുന്നതും അതിന്റെ ഭാഗമാണ്.
∙ഇത്രയും ദിവസം സമരം ചെയ്യുമ്പോള്‍ സ്വാഭാവികമായും ഭക്ഷണത്തിനും താമസത്തിനുമായി ഏറെ പണച്ചെലവ് ഉണ്ടാകും. ഏതു തരത്തിലാണ് ഇതു കണ്ടെത്തുന്നത്.
സമരത്തിന്റെ പേര് പറഞ്ഞ് യാതൊരു തരത്തിലുള്ള പിരിവും നടത്തുന്നില്ല. ഓരോ ദിവസവും മുന്നോട്ടുപോകാന്‍ പണം ആവശ്യമാണ്. പൊതുസമൂഹത്തില്‍നിന്നുള്ള പിന്തുണയാണ് തളരാതെ മുന്നോട്ടു നീങ്ങാന്‍ താങ്ങാകുന്നത്. മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് ഇവിടെ ഇരിക്കുമ്പോള്‍ കാണാം. ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍പ്പെടെ പലരും കടന്നുവന്ന് ചെറിയ തുകയാണെങ്കില്‍ പോലും നല്കി സഹായിക്കുകയാണ്. കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് വന്ന് 50000 രൂപ തന്നു. അങ്ങനെ പലരും. നിരാഹാര സമരം നടത്തുന്ന ആശമാര്‍ക്ക് വൈദ്യസഹായം നല്‍കണമെന്ന് പൊലീസ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയാറായിട്ടില്ല. നിംസ് സൗജന്യമായാണ് ഇപ്പോള്‍ വൈദ്യസഹായം നല്‍കുന്നത്. ഈ സമരം വിജയിക്കേണ്ടത് അനിവാര്യമാണെന്നു ചിന്തിക്കുന്ന സുമനസുകള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. സമരത്തെ ഇത്ര ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നത് പിന്നില്‍ നില്‍ക്കുന്നവരാണ്. സമരക്കാര്‍ക്കു വേണ്ടി ഭക്ഷണം പാചകം ചെയ്യുന്നതു മുതല്‍ പാത്രം കഴുകുന്നതു വരെ ഊണും ഉറക്കവും ഉപേക്ഷിച്ച് വലിയൊരു വൊളന്റിയര്‍ സംഘം ഞങ്ങള്‍ക്കു കരുത്തായി ഒപ്പമുണ്ട്.
∙ ഓണറേറിയം, വിരമിക്കല്‍ ആനുകൂല്യം എന്നിവയാണ് സമരക്കാരുടെ ആവശ്യമെന്നും അത് സംസ്ഥാന സര്‍ക്കാരാണ് പരിഹരിക്കേണ്ടതെന്നും ബിജെപിയും കോണ്‍ഗ്രസും പറയുന്നു. മറിച്ച് ആശാ വര്‍ക്കര്‍മാരെ ആരോഗ്യ ജീവനക്കാരായി പരിഗണിക്കേണ്ടത് കേന്ദ്രമാണെന്ന് സിപിഎം പറയുന്നു. സമരസമിതിക്ക് ഇതേക്കുറിച്ചു പറയാനുള്ളത് എന്താണ്?
കേന്ദ്രപദ്ധതിയാണെങ്കിലും ആശമാര്‍ പണിയെടുക്കുന്നത് സംസ്ഥാനത്തിനു വേണ്ടിയാണ്. പുതുച്ചേരിയില്‍ ഓണറേറിയം കൂട്ടിയത് സംസ്ഥാന സര്‍ക്കാര്‍ അല്ലേ. ആരാണ് നിയമനം നടത്തേണ്ടത് എന്നതിനെ സംബന്ധിച്ച് എന്‍എച്ച്എം ആണ് വ്യക്തത വരുത്തേണ്ടത്. ആശാ വര്‍ക്കര്‍മാരെ റെഗുലറൈസ് ചെയ്യണമെന്ന് കേരളത്തില്‍ ആദ്യമായി ആവശ്യപ്പെട്ടത് ഞങ്ങളുടെ സംഘടനയാണ്. പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെ നടത്തിയ കേന്ദ്രത്തിനു നിവേദനം നല്‍കുകയും ചെയ്തിരുന്നു. സ്കീം വര്‍ക്കേസ് ഫെഡറേഷന് ഓഫ് ഇന്ത്യയില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയാണ് ഞങ്ങളുടേത്. ദേശീയതലത്തില്‍ എല്ലാ സംഘടനകളും ഉന്നയിക്കുന്ന ആവശ്യമാണ് ആശാ വര്‍ക്കര്‍മാരെ ജീവനക്കാരായി പരിഗണിക്കണം എന്നത്. അത് കേന്ദ്രം അംഗീകരിച്ചു തരണം. 17 വര്‍ഷം മുന്‍പ് നിശ്ചയിച്ച ഇന്‍സെന്റീവ് കേന്ദ്രം വര്‍ധിപ്പിക്കണം എന്നതും ആവശ്യമാണ്. കേരളത്തിലെ കാര്യമെടുത്താല്‍ ഓണറേറിയം വര്‍ധിപ്പിക്കണം, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങളായി മുന്നോട്ടുവച്ചിരിക്കുന്നത്. രണ്ടും കൂട്ടിക്കുഴയ്ക്കേണ്ടതില്ല. കേന്ദ്രത്തെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിനോടു സമരം ചെയ്യുന്നുവെന്ന വ്യാഖ്യാനം തെറ്റാണ്. ദുഷ്ടബുദ്ധിയോടെയുള്ള രാഷ്ട്രീയ പ്രചാരണമാണത്.
∙ തദ്ദേശസ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്ക് ആശമാരുടെ ഓണറേറിയും വര്‍ധിപ്പിക്കുന്നത് ഗുണകരമാകുമോ? ഇൗ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടോ?
ആശമാരുടെ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹരമല്ല അത് എങ്കിലും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്ന ബോധ്യം പലര്‍ക്കും ഉണ്ടായി എന്നത് സ്വാഗതാര്‍ഹമാണ്. ഇപ്പോള്‍ ഓണറേറിയം പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ഭരണമാറ്റം സംഭവിച്ചാല്‍ നിലപാടുകളും മാറാന്‍ സാധ്യതയുണ്ട്. പക്ഷേ ആശമാരുടെ യഥാര്‍ഥ ജീവിതപ്രശ്നങ്ങള്‍ പഠിക്കാന്‍ പലരും തയാറായി. ഇത്തരത്തില്‍ ആദ്യമായി പ്രഖ്യാപനം നടത്തിയ വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ഇവിടെ വന്നപ്പോള്‍ പറഞ്ഞതും അതുതന്നെയാണ്. പണം നല്കാന് തദ്ദേശസ്ഥാപനങ്ങള്‍ തയാറായാലും അനുമതി നല്‍കേണ്ടത് സര്‍ക്കാരാണ്. തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് നടത്തിയ പ്രതികരണം എല്ലാവരും കണ്ടതാണ്. അതുകൊണ്ട് എന്താണു സംഭവിക്കുക എന്ന് കാത്തിരുന്നു കാണേണ്ടിവരും.