
പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മർദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. അടൂർ ആർഡിഒ കളക്ടർക്ക് റിപ്പോർട്ട് നൽകി. സമ്മർദം ഏത് രാഷ്ട്രീയ കക്ഷിയുടേതെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. മാർച്ച് 12നാണ് മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തണമെന്നും വില്ലേജ് ഓഫീസർമാർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
സഹപ്രവർത്തകരായ വില്ലേജ് ഓഫീസർമാർ തുടങ്ങി മനോജിന്റെ പരിചയക്കാരിൽ നിന്നുവരെ അടൂർ ആർഡിഒ വിശദമായി മൊഴിയെടുത്തു. രാഷ്ട്രീയ സമ്മർദ്ദം കാരണം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മനോജ്. ഇതേതുടർന്നുള്ള മാനസിക സമ്മർദ്ദത്തിനൊടുവിൽ വില്ലേജ് ഓഫീസർ ജീവനൊടുക്കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഭരണകക്ഷി നേതാക്കൾക്കതിരെ കുടുംബം ആരോപണം ഉന്നയിച്ചെങ്കിലും ആർഡിഒയുടെ റിപ്പോർട്ടിൽ ആരുടെയും പേരുകൾ പറയുന്നില്ല. റിപ്പോർട്ട് ജില്ലാ കളക്ടർ ഉടൻ സർക്കാരിന് കൈമാറും. ആത്മഹത്യക്ക് പിന്നിലെ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പിക്ക് കുടുംബം പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
Read More….
പ്രദേശത്ത് നടക്കുന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ നേതാക്കളുമായി പ്രശ്നമുണ്ടായിരുന്നതായും ഇതില്‍ മനോജിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായും ബന്ധുക്കള്‍ അന്ന് തന്നെ പരാതിപ്പെട്ടിരുന്നു. മനോജ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് പോയതിലും കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. ബന്ധുക്കളുടെ പരാതിക്ക് സമാനമായ പരാതിയാണ് മനോജിന്റെ സഹപ്രവര്‍ത്തകരായ മറ്റ് വില്ലേജ് ഓഫീസര്‍മാരും ഉന്നയിച്ചത്.
Last Updated Mar 31, 2024, 9:35 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]