
തിരുവനന്തപുരം: ബിഹാറിനെതിരെ ഉജ്ജ്വല വിജയവുമായി കേരളം രഞ്ജി ട്രോഫിയുടെ നോക്കൌട്ട് റൗണ്ടില്‍ കടന്നു. ഇന്നിംഗ്സിനും 169 റണ്‍സിനുമായിരുന്നു കേരളത്തിന്റെ വിജയം. കേരളം ഉയര്‍ത്തിയ 351 റണ്‍സിനെതിരെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാറിന്റെ ആദ്യ ഇന്നിങ്സ് വെറും 64 റണ്‍സിന് അവസാനിച്ചു. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത ബിഹാര്‍ രണ്ടാം ഇന്നിങ്സില്‍ 118 റണ്‍സിന് പുറത്തായതോടെയാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. 150 റണ്‍സ് നേടിയ സല്മാന് നിസാറിന്റെയും രണ്ട് ഇന്നിങ്സുകളിലുമായി പത്ത് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ജലജ് സക്സേനയുടെയും പ്രകടനമാണ് കേരളത്തിന് ഉജ്ജ്വല വിജയം ഒരുക്കിയത്.
ഒന്‍പത് വിക്കറ്റിന് 302 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന്റെ ഇന്നിങ്സ് 351 വരെ നീണ്ടു. സെഞ്ച്വറി നേടി ബാറ്റിങ് തുടര്‍ന്ന സല്മാന് നിസാറിന് വൈശാഖ് ചന്ദ്രന് മികച്ച പിന്തുണ നല്കി. 54 പന്തുകളില്‍ അഞ്ച് റണ്‍സുമായി വൈശാഖ് പുറത്താകാതെ നിന്നു. രഞ്ജിയില്‍ കന്നി സെഞ്ച്വറി നേടിയ സല്മാന് നിസാര്‍ 150 റണ്‍സെടുത്ത് പുറത്തായി. ബിഹാറിന് വേണ്ടി ഹര്‍ഷ് വിക്രം സിങ്, ഗുലാം റബ്ബാനി, സച്ചിന് കുമാര്‍ സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാര്‍ കേരള ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഓപ്പണര്‍ മഹ്റൂറിനെ പുറത്താക്കി വൈശാഖ് ചന്ദ്രനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഒരു വിക്കറ്റിന് 40 റണ്‍സെന്ന നിലയില്‍ നിന്ന് 24 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബിഹാറിന് ഒന്‍പത് വിക്കറ്റുകള്‍ കൂടി നഷ്ടമാവുകയായിരുന്നു. വെറും 64 റണ്‍സിന് ബിഹാറിന്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോള്‍, അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് കേരള ബൌളിങ് നിരയില്‍ തിളങ്ങിയത്. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത ബിഹാറിനെ വീണ്ടും കാത്തിരുന്നത് തിരിച്ചടിയാണ്. ജലജ് സക്സേന- ആദിത്യ സര്‍വാതെ സ്പിന്‍ സഖ്യത്തിന് മുന്നില്‍ ബിഹാറിന് പിടിച്ചു നില്ക്കാനായില്ല. 118 റണ്‍സിന് ബിഹാറിന്റെ രണ്ടാം ഇന്നിങ്സും അവസാനിച്ചു. ജലജ് സക്സേന അഞ്ചും സര്‍വാതെ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. സല്മാന് നിസാറാണ് മാന്‍ ഓഫ് ദി മാച്ച്.
ഇന്നിംഗ്സ് ജയത്തോടെ ഗ്രൂപ്പിലെ മറ്റ് മത്സരങ്ങള്‍ അവസാനിക്കും മുന്‍പെ തന്നെ കേരളത്തിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാനായി.അവസാന റൗണ്ട് തുടങ്ങും മുന്‍പ് 26 പോയിന്റുമായി ഹരിയാനയായിരുന്നു ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള കേരളത്തിന് 21ഉം മൂന്നാമതുള്ള കര്‍ണ്ണാടകയ്ക്ക് 19ഉം പോയിന്റായിരുന്നു ഉള്ളത്. ബിഹാറിനെതിരെയുള്ള ഇന്നിങ്സ് വിജയത്തോടെ കേരളത്തിന് 27 പോയിന്റായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതോടെ അവസാന മല്‍സരത്തില്‍ ഹരിയാനയെ തോല്പിച്ചാല് പോലും കര്‍ണ്ണാടകയ്ക്ക് കേരളത്തിന് ഒപ്പമെത്താനാവില്ല. ഹരിയാനക്കും കര്‍ണ്ണാടകയ്ക്കും പുറമെ ബംഗാള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ കരുത്തരെ മറികടന്നാണ് കേരളം നോക്കൌട്ടിന് യോഗ്യത നേടുന്നത്. ഏഴ് മത്സരങ്ങളില്‍ മൂന്ന് വിജയവും നാല് സമനിലയും നേടിയ കേരളം ഒറ്റ മത്സസരത്തില്പ്പോലും തോല്‍വി വഴങ്ങിയില്ല. 2019ലാണ് കേരളം രഞ്ജി ട്രോഫിയില്‍ അവസാനമായി നോക്കൗട്ട് കളിച്ചത്.