കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഇന്ധന മോഷണം പതിവാകുന്നു. ഇന്ധനം പൂർണമായും നഷ്ടപ്പെട്ട ബൈക്കുകൾ തള്ളി പെട്രോൾ പമ്പിൽ എത്തിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഇന്ധനം ചോർന്നത് അറിയാതെ യാത്ര ആരംഭിക്കുന്നവർ വഴിയിൽ കുടുങ്ങുന്നതും പതിവാണ്.
ചെറുപ്പക്കാരാണ് മോഷണത്തിന് പിന്നിൽ. രാത്രി പതിനൊന്നിന് ശേഷം ആളൊഴിയുന്നതോടെയാണ് മോഷണം. കുപ്പിയുമായി എത്തുന്ന മോഷണ സംഘം ഇരുചക്ര വാഹനങ്ങളിലെ പെട്രോൾ വാൽവ് തുറന്ന് കുപ്പിയിലേക്ക് ഘടിപ്പിച്ച ശേഷം മാറിനിൽക്കും. അല്പ സമയം കഴിഞ്ഞെത്തി കുപ്പിയുമായി കടക്കും. വാൽവ് അടയ്ക്കാതെ പെട്ടെന്ന് രക്ഷപെടുന്നതിനാൽ ടാങ്കിൽ അവശേഷിക്കുന്ന ഇന്ധനവും ചോർന്ന് നഷ്ടമാകും. റെയിൽവേ സ്റ്റേഷൻ മുതൽ ക്യു.എ.സി റോഡ് വരെയുള്ള ഭാഗത്താണ് പ്രധാനമായും മോഷണം.
ഉടമകളെത്തി വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോഴാകും മോഷണം അറിയുക. മോഷണമറിയാതെ ശേഷിക്കുന്ന അല്പം ഇന്ധനവുമായി യാത്ര പുറപ്പെടുന്നവർ വഴിയിൽ കുടുങ്ങും. ചെറിയ തുകയുടെ നഷ്ടമായതിനാൽ ആരും പൊലീസിൽ പരാതിപ്പെടാറില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു തവണ ഇത്തരത്തിൽ പെട്രോൾ മോഷ്ടിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തി പൊലീസിന് കൈമാറിയിരുന്നു. നേരത്തെ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് ബൈക്ക് മോഷണം പതിവായിരുന്നു. പതിവായി മോഷണം നടത്തിയിരുന്ന സംഘം പിടിയിലായതോടെ യാത്രക്കാർ ആശ്വാസത്തിലായിരുന്നു. ഇതിനിടെയാണ് ഇന്ധന മോഷണ സംഘത്തിന്റെ വിളയാട്ടം ആരംഭിച്ചിരിക്കുന്നത്.
വില കുറച്ച് വില്പന
മോഷ്ടിക്കുന്ന ഇന്ധനം സംഘം വില കുറച്ച് വിൽക്കുന്നുവെന്ന പരാതിയുമുണ്ട്. ലഹരിപദാർത്ഥങ്ങൾ വാങ്ങാനുള്ള പണത്തിനായാണ് ഇന്ധനം മോഷ്ടിക്കുന്നതെന്നാണ് സൂചന.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് വാഹനങ്ങളുടെ ഇന്ധനം മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി നേരത്തെ റിമാൻഡ് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും.
എൽ.അനിൽകുമാർ
എസ്.എച്ച്.ഒ, കൊല്ലം ഈസ്റ്റ് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]