റായ്പൂർ: ഛത്തീസ്ഗഡിലെ ബിലാസ്പൂരിലുളള ഒരു കുളത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പ്രാദേശിക മദ്യം എക്സൈസ് പിടിച്ചെടുത്തു. 8,700 കിലോഗ്രാം മഹുവ ലഹാനും (പ്രാദേശിക മദ്യം) 370 ലിറ്റർ മദ്യവുമാണ് എക്സൈസ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ നിന്നാണ് മദ്യം കുളത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിന്റെ അടിത്തട്ട് മുഴുവൻ മദ്യം നിറച്ച കുപ്പികളും കന്നാസുമായിരുന്നു.
ഛത്തീസ്ഗഡിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉയർന്ന അളവിൽ മദ്യം പിടിച്ചെടുത്തത്. ഈ പ്രദേശങ്ങളിൽ അനധികൃത മദ്യമാഫിയ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളത്തിൽ നിന്ന് മദ്യം കണ്ടെത്തിയത്. മുങ്ങൽ വിദ്ഗദരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ഈ മദ്യം തിരഞ്ഞെടുപ്പ് വേളയിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്നതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ വിതരണം ചെയ്യുന്നതിന് മുൻപ് തന്നെ പിടിച്ചെടുക്കുകയായിരുന്നു.
ഇതോടെ മദ്യം അനധികൃതമായി വിപണിയിൽ എത്തിക്കുന്നത് തടയാൻ സാധിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയിൽ അനധികൃതമായി മദ്യം ഇറക്കുമതി ചെയ്യുന്നതും വിതരണം ചെയ്യുന്നതും മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളും വോട്ട് നേടിയെടുക്കുന്നതിനായി പല പാർട്ടികളും പ്രാദേശികമായി ഇത്തരത്തിൽ ചെയ്യാറുണ്ട്. ഈ പ്രവണത തടയാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ജില്ലയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തുന്നത് തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ കൽപ്പന റാത്തോർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇതുപോലുളള ഒരു പ്രവർത്തനങ്ങളും നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]