
വാഷിംഗ്ടൺ : അമേരിക്കയിൽ യാത്രാവിമാനവും സൈനിക ഹെലികോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നാൽപ്പത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചിലരുടെ മൃതദേഹാവശിഷ്ടങ്ങൾ തീരത്തടിഞ്ഞിട്ടുണ്ട്.തെരച്ചിൽ താത്ക്കാലികമായി നിർത്തിവച്ചു.
മരിച്ചവരിൽ പതിനാല് പേർ ഫിഗർ സ്കേറ്റിംഗ് താരങ്ങളാണ്. കാൻസാസിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. റഷ്യൻ ഐസ് സ്കേറ്റിംഗ് ദമ്പതികളായ വാഡിം നൗമോവും ഈവ്ജെനിയ ഷിഷ്കോവയും അപകടത്തിൽ കൊല്ലപ്പെട്ടു. വിമാനത്തിന്റെയും ഹെലികോപ്ടറിന്റെയും ബ്ലാക്ക് ബോക്സ് കണ്ടെടുത്തിട്ടുണ്ട്. അപകടത്തെത്തുടർന്ന് നിർത്തിവച്ച വിമാന സർവീസുകൾ ഇന്ന് പുനഃരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രാദേശിക സമയം, ബുധനാഴ്ച രാത്രി 8.47ന് (ഇന്ത്യൻ സമയം ഇന്നലെ രാവിലെ 7.17) വാഷിംഗ്ടൺ ഡി.സിയിലാണ് അപകടമുണ്ടായത്. 60 യാത്രക്കാരും നാല് ജീവനക്കാരുമായി കാൻസാസിലെ വിചിറ്റയിൽ നിന്ന് റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിലേക്ക് വന്ന അമേരിക്കൻ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിലായിരുന്ന യു എസ് ആർമിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടർ, വിമാന പാതയിലെത്തുകയായിരുന്നു. മൂന്ന് സൈനികരാണ് കോപ്ടറിലുണ്ടായിരുന്നത്. കൂട്ടിയിടിക്ക് പിന്നാലെ കോപ്ടറും വിമാനവും പൊട്ടിത്തെറിച്ച് പോട്ടോമാക് നദിയിൽ വീഴുകയായിരുന്നു. 20 വർഷം പഴക്കമുള്ള ബൊംബാർഡിയർ സി.ആർ.ജെ -700 മോഡലാണ് വിമാനം.
അപകടത്തിൽ 67 പേരും കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ‘ദുഃഖകരമെന്നു പറയട്ടെ, അതിജീവിച്ചവരില്ല. സൈനിക ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് സൈനികർ ഉൾപ്പെടെ 67 പേർ അപകടത്തിൽ മരിച്ചതായി കരുതുന്നു.’ – അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net