
കോഴിക്കോട്: വീട്ടുമുറ്റത്തുള്ള സ്ത്രീകളുടെ ചെരുപ്പുകള്‍ മാത്രം അടിച്ചുമാറ്റുന്ന വ്യത്യസ്തനായ കള്ളനെ കൊണ്ട് വലഞ്ഞിരിക്കുകയാണ് കോഴിക്കോട് താമരശ്ശേരി സ്വദേശികള്‍. വർഷങ്ങളായി തുടരുന്ന മോഷണത്തിനൊടുവിൽ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറിൽ പതിഞ്ഞതോടെ, ആളെ കണ്ടെത്താനുളള ശ്രമം നാട്ടുകാരും പൊലീസും ഊർജ്ജിതമാക്കി. താമരശ്ശേരിക്കാർ വീട്ടുമുറ്റത്ത് ചെരിപ്പ് അഴിച്ചുവച്ചാൽ പിറ്റേന്നത് കാണില്ല. ആണുങ്ങളുടെ ചെരുപ്പുകള്‍ സുരക്ഷിതമാണെങ്കിലും വീട്ടുമുറ്റത്തുള്ള സ്ത്രീകളുടെ ഒരൊറ്റ ചെരുപ്പ് പോലും അവിടെ കാണില്ല. സമീപത്തായി വിലപിടിപ്പുള്ള പുരുഷന്മാരുടെ ചെരുപ്പുകള്‍ കണ്ടാലും അതൊന്നും എടുക്കാതെയാണ് സ്ത്രീകളുടെ ചെരുപ്പ് മാത്രം ഇയാള്‍ മോഷ്ടിക്കുന്നത്. താമരശ്ശേരി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുളള വീട്ടിൽ നിന്നുവരെ സ്ത്രീകളുടെ ചെരിപ്പ് ഇത്തരത്തില്‍ ഇയാള്‍ തെരഞ്ഞുപിടിച്ച് മോഷ്ടിച്ചിട്ടുണ്ട്.
വയലോരം, കൊടവൂർ, ചെമ്പ്ര തുടങ്ങിയ ഇടങ്ങളിലാണ് കഴിഞ്ഞ കുറച്ചു കാലമായി ഇത്തരത്തിലുള്ള വിചിത്ര മോഷണ പരമ്പര അരങ്ങേറുന്നത്. നാട്ടുകാർ രാത്രികാലങ്ങളിൽ കാവലിരുന്നെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായിട്ടില്ല. ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം താമരശ്ശേരി ജി യു പി സ്കൂളിന് പുറകുവശത്തെ വീട്ടിലെ മോഷണ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിൽ കളളന്റെ മുഖം ഏതാണ്ട് വ്യക്തമാണ്. വീടിന് പുറത്ത് പെൺകുട്ടികളുടെ ഉണങ്ങാനിടുന്ന വസ്ത്രങ്ങളും പതിവായി മോഷണം പോകുന്നുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം നാട്ടുകാർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ചെരുപ്പ് മോഷ്ടിക്കുന്നതും വസ്ത്രം മോഷ്ടിക്കുന്നതും ഒരെ കള്ളൻ തന്നെയാണെന്നാണ് സംശയിക്കുന്നത്.നേരത്തെ താമരശ്ശേരി പൊലീസ് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലെങ്കിലും വിചിത്ര മോഷ്ടാവിനെ കണ്ടെത്താനാവുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
Last Updated Jan 31, 2024, 2:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]