
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കുരങ്ങുകൾ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമാണ്. സന്ദർശകരുടെ അടുത്ത് കുസൃതി കാണിക്കുകയും കുറുമ്പുകാട്ടുകയും ഒക്കെ ചെയ്യുന്ന നിരവധി കുരങ്ങുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ നമ്മള് കണ്ടിട്ടുണ്ട്. എന്നാൽ, ഇതാ അക്കൂട്ടത്തിലേക്ക് ഏറ്റവും കൗതുകകരമായ മറ്റൊരു വീഡിയോ കൂടി. വിനോദ സഞ്ചാരികളെ ഭയപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന് ശേഷമുള്ള ഒരു കുരങ്ങിന്റെ പ്രതികരണം കാണിക്കുന്ന ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചിരിയാണ് ഉയര്‍ത്തിയത്.
ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലെ സംരക്ഷണ മതിലിൽ ഇരിക്കുന്ന കുരങ്ങനും അവന് അരികില്‍ നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശ്രമിക്കുന്ന ഒരു സഞ്ചാരിയുമാണ് വീഡിയോയിലുള്ളത്. വിനോദ സഞ്ചാരി കുരങ്ങിനരികിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. എന്നാൽ, സഞ്ചാരിയെ ഒന്ന് പേടിപ്പിച്ചു കളയാം എന്നായി കുരങ്ങന്. പിന്നെ വൈകിയില്ല കുരങ്ങൻ അയാളുടെ കയ്യിൽ മുറുകെ പിടിക്കുകയും കടിക്കുന്നതായി അഭിനയിക്കുകയും ചെയ്യുന്നു. പക്ഷേ, ഒരുപാട് തവണ ഈ അഭിനയം ആവർത്തിച്ചിട്ടും യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ തനിക്ക് അരികിൽ നിൽക്കുന്ന മനുഷ്യനെ കുരങ്ങൻ നോക്കുന്നു. പിന്നെ അയാളുടെ നിസ്സംഗമായ പെരുമാറ്റത്തിൽ നിരാശനായ കുരങ്ങൻ തലതാഴ്ത്തി കിടക്കുന്നു. ഈ സമയം സഞ്ചാരി കുരങ്ങന്റെ തലയില്‍ തലോടുന്നതും വീഡിയോയില്‍ കാണാം.
ഈ വീഡിയോ എപ്പോൾ, എവിടെയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. ജനുവരി 22 -നാണ് ഇത് ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പട്ടത്. ഇതുവരെ 13 ലക്ഷത്തിലധികം ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിച്ചു കഴിഞ്ഞു. പലരും വീഡിയോയിലുള്ള കുരങ്ങൻ ‘സിംഗ് സിംഗ്’ (Xing Xing) ആണോയെന്ന് സംശയം പ്രകടിപ്പിച്ചു. ചൈനയിലെ സെജിയാംഗ് പ്രവിശ്യയിലെ ഒരു ക്ഷേത്രത്തിൽ ബുദ്ധ സന്യാസിനി അപകടത്തില്‍പ്പെട്ട ഒരു കുരങ്ങിനെ രക്ഷിച്ച് വളർത്തിയിരുന്നു. ഈ കുരങ്ങന് പിന്നീട് മങ്കി സിംഗ് സിംഗ് എന്നാണ് അറിയപ്പെട്ടത്. 2021-ൽ, ചൈനീസ് മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട സിംഗ് സിംഗ് നിംഗ്ബോയിലെ ചെൻ യാങ് ഹൗ ക്ഷേത്രത്തിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിൽ ഇപ്പോൾ ഒരു പ്രധാന പങ്കു വഹിക്കുന്നു.
Last Updated Jan 31, 2024, 3:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]