

First Published Jan 31, 2024, 4:32 PM IST
വര്‍ത്തമാനകാലത്ത് ഏറ്റവും മികച്ച രീതിയില്‍ രോഗനിര്‍ണ്ണയം സാധ്യമാണ്. പക്ഷേ, പലപ്പോഴും ചെറിയ അശ്രദ്ധകള്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴി വയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. യുകെയിൽ നിന്നുള്ള സെബാസ്റ്റ്യൻ നന്നി എന്ന 6 വയസ്സുകാരന് ഇത്തരത്തില്‍ അശ്രദ്ധമായ ചികിത്സയ്ക്ക് പിന്നാലെ രോഗം മൂര്‍ച്ചിച്ച് മരിച്ചു. സെബാസ്ററ്യന് നന്നി എന്ന കുട്ടി ചെവി വേദനയുമായി ഡോക്ടറെ കാണാനെത്തിയതാണ്. പരിശോധനയില്‍ ചെവിയില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തി. അതിനുള്ള ചികിത്സയും ആരംഭിച്ചു. എന്നാല്‍, ശരിയായ രോഗ നിര്‍ണ്ണയം നടത്താത്തതിനാല്‍ സെബാസ്റ്റ്യന്‍ ക്യാന്‍സര്‍ മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങി.
ഇംഗ്ലണ്ടിലെ നോർത്താംപ്ടൺഷയറിലെ കെറ്ററിംഗിലാണ് സെബാസ്റ്റ്യന്റെ മാതാപിതാക്കളായ ഗ്രെഗിനും ലിൻഡ്സെയ്ക്കും താമസിച്ചിരുന്നത്. കുട്ടിക്ക് ക്യാന്‍സറാണെന്ന് പിന്നീട് കണ്ടെത്തിയെങ്കിലും ജീവന് രക്ഷിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല. രോഗം വളരെയേറെ വ്യാപിച്ചിരുന്നു. എങ്കിലും യുഎസില്‍ വച്ച് കുട്ടിയുടെ ചികിത്സ നടത്താനായി നടത്തിയ ധനസമാഹരണത്തില്‍ 1,30,000 പൗണ്ടിലധികം (1,36,75,870 രൂപ) സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷേ, അപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു.
സെബാസ്ററ്യന് നന്നി ക്യാന്‍സര്‍ മൂർച്ഛിച്ച് മരിച്ചുവെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വേദനയോടെയാണ് പങ്കുവയ്ക്കപ്പെട്ടത്. “മൂന്നര വർഷം ന്യൂറോബ്ലാസ്റ്റോമയോട് പോരാടിയ ശേഷം, ഞങ്ങളുടെ സുന്ദരനായ ആൺകുട്ടി ഇന്ന് രാവിലെ മരിച്ചു എന്ന് നിങ്ങളോട് പറയുന്നതിൽ ഞങ്ങളുടെ ഹൃദയം തകർന്നു,” എന്ന് അവന്റെ മാതാപിതാക്കള്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. അവന്റെ അവസാന മണിക്കൂറുകള്‍ വേദന രഹിതനും സമാധാനപരവുമായിരുന്നു എന്നും ഇരുവരും അറിയിച്ചു.ചെവി വേദനയാണെന്ന് മാസങ്ങളോളം സെബാസ്റ്റ്യന്‍ പരാതിപ്പെട്ടിരുന്നു. ആദ്യം ആരും അത് കാര്യമാക്കിയില്ല. പക്ഷേ, മാസങ്ങള്‍ കഴിഞ്ഞിട്ടും വേദന മാറിയില്ല. ഇതിനിടെ മകന്റെ ഭാരം നഷ്ടപ്പെടുന്നതായി അച്ഛനും അമ്മയ്ക്കും സംശയം തോന്നി. അന്ന് മൂന്ന് വയസ് മാത്രമുണ്ടായിരുന്ന സെബാസ്റ്റ്യനെ ഒടുവില്‍ മാതാപിതാക്കള്‍ ഒരു ജനറൽ ഫിസിഷ്യന്റെ അടുത്ത് പരിശോധനയ്ക്കായി കൊണ്ട് പോയി. അദ്ദേഹമാണ് ചെവിയില്‍ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും അത് കാരണമാകാം ഭാരം കുറയുന്നതെന്നും നിരീക്ഷിച്ചത്.
സെബാസ്റ്റ്യനെ ഗർഭം ധരിച്ചത് ഐവിഎഫിന്റെ (ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ) സഹായത്തോടെയായിരുന്നുവെന്ന് അവന്റെ അമ്മ ലിൻഡ്സെ പറയുന്നു. ‘അവന് ശക്തമായ വേദനയുണ്ടായിരുന്നു. പക്ഷേ പരിശോധന കാര്യമായി നടന്നില്ല. കാരണം അന്ന് കൊവിഡ് വ്യാപനം ശക്തമായിരുന്നു. അതിനാല്‍ നിയന്ത്രണങ്ങളും ശക്തമായിരുന്നു. ഡോക്ടര്‍മാര്‍ക്ക് ആശുപത്രിയില്‍ നിന്നും എത്രയും വേഗം ഞങ്ങളെ പുറത്താക്കിയാല്‍ മതി എന്നാണ് തോന്നിയിരുന്നത്.’ അവര്‍ പറയുന്നു.
കുട്ടിയുടെ ഭാരം പെട്ടെന്ന് കുറയുന്നത് കാണിക്കാനായി താന്‍ ഡോക്ടറെ അവന്റെ പല സമയത്തുള്ള ഫോട്ടോകള്‍ കാണിച്ചു. പക്ഷേ, വേദന ചെവിയിലെ അണുബാധയില്‍ നിന്നാണെന്നും കുട്ടിക്ക് ഓട്ടിസം ഉണ്ടെന്നും ഡോക്ടര്‍ ഉറപ്പിച്ച് പറഞ്ഞു. ഒടുവില്‍ 2020 ജൂലൈയില്‍ സെബാസ്റ്റ്യന്റെ ആരോഗ്യനില കൂടുതൽ വഷളായി. പിന്നാലെ അവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ അവനെ എക്സ്-റേയ്ക്ക് വിധേയനായി. അതിൽ നെഞ്ചിൽ ഒരു പിണ്ഡം കണ്ടെത്തി. കൂടുതൽ പരിശോധിച്ചപ്പോള്‍ അത് ന്യൂറോബ്ലാസ്റ്റോമയാണെന്ന് (neuroblastoma) ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇത് കുട്ടികളെ ബാധിക്കുന്ന ഒരു അപൂർവ തരം ക്യാൻസറാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നാലെ സെബാസ്റ്റ്യനെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി. ശസ്ത്രക്രിയകള്‍ രോഗവ്യാപനം പതുക്കെയാക്കി. ഡോക്ടര്‍മാര്‍ ‘അത്ഭുതം’ സംഭവിക്കുമെന്ന് ആവര്‍ത്തിച്ചു. പക്ഷേ, കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അവന്റെ കാലില്‍ ക്യാന്‍സര്‍ വളര്‍ച്ച കണ്ടെത്തി. വീണ്ടും പരിശോധിച്ചപ്പോള്‍ രോഗം ശക്തമായി തിരിച്ചെത്തിയതായി കണ്ടെത്തി. പിന്നാലെ സെബാസ്റ്റ്യന്‍ രോഗത്തിന് കീഴടങ്ങുകയായിരുന്നു.
Last Updated Jan 31, 2024, 4:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]