
കുട്ടികൾ ഡോർബെൽ അടിച്ച്, വീട്ടുകാര്‍ ഇറങ്ങിവരുന്നതിന് മുമ്പ് ഓടിപ്പോകുന്നത് റസിഡൻഷ്യൽ സൊസൈറ്റികളിലെ പതിവ് കാഴ്ചയാണ്. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു സിസിടിവി ദൃശ്യം തെല്ലൊന്നുമല്ല കാഴ്ചക്കാരെ ദേഷ്യം പിടിപ്പിച്ചത്. ഒരു അപ്പാർട്ട്മെന്റിനുള്ളിൽ പുലർച്ചെ 2.30 ന് കയറിയ രണ്ട് യുവതികൾ താമസക്കാരെ ഭയപ്പെടുത്തുന്നതിനായി കോളിംഗ് ബെല്ലുകൾ അടിക്കുന്നതും വീടുകളുടെ വാതിലുകൾ പുറത്തുനിന്ന് അടയ്ക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. ശ്രേഷ്ഠ് പോദ്ദാർ എന്ന അപ്പാർട്ട്മെന്റിലെ ഒരു താമസക്കാരനാണ് ഫ്ലാറ്റിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
യുവതികളുടെ ഈ പ്രവർത്തി കെട്ടിടത്തിലെ മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള താമസക്കാരിൽ വലിയ അസ്വസ്ഥതയും ഭയവുമാണ് ഉണ്ടാക്കിയതെന്ന് വീഡിയോയോടൊപ്പം ചേർത്ത കുറിപ്പിൽ പോദ്ദാർ പറയുന്നു. ഇവിടുത്തെ താമസക്കാരിൽ 55 ൽ അധികം പ്രായമുള്ള മുതിർന്ന പൗരന്മാരാണ്. വരെ അടുത്തകാലത്തായി സമീപപ്രദേശങ്ങളിൽ കവർച്ചാ ശ്രമങ്ങളും തീപിടുത്തങ്ങളും കൊലപാതകങ്ങളും നടന്നിട്ടുള്ളതിനാൽ അപ്പാർട്ട്മെന്റിലെ താമസക്കാർ ഏറെ ആശങ്കയോടെയാണ് ഇവിടെ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിലാണ് യുവതികളുടെ ഈ അനാവശ്യമായ പ്രവർത്തി വലിയ ആശങ്കകൾക്ക് വഴിവെച്ചത്. പല വീടുകളും യുവതികൾ പുറത്ത് നിന്ന് പൂട്ടിയത് ആശങ്ക വർധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുലർച്ചെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മദ്യപിച്ചെത്തിയ രണ്ട് യുവതികളാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് അപ്പാർട്ട്മെന്റിലെ താമസക്കാർക്ക് മനസ്സിലാക്കിയത്. യുവതികളിൽ ഒരാൾ കോളിംഗ് ബെല്ലുകൾ അടിക്കുകയും വാതിലുകൾ പൂട്ടുകയും ചെയ്യുമ്പോൾ രണ്ടാമത്തെ യുവതി ഇതെല്ലാം തന്റെ മൊബൈൽ ക്യാമറയിൽ പകർത്തുന്നതും ഇരുവരും ചിരിച്ചുകൊണ്ട് പ്രവർത്തികൾ ആസ്വദിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ഈ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് ചോദിച്ചു കൊണ്ടായിരുന്നു പോദ്ദാർ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. യുവതികൾക്കെതിരെ പോലീസിൽ പരാതി നൽകണമെന്നായിരുന്നു ഭൂരിഭാഗം സാമൂഹിക മാധ്യമ ഉപയോക്താക്കളുടെയും അഭിപ്രായം. എന്നാൽ, പിന്നീട് യുവതികളെ തിരിച്ചറിഞ്ഞതായും താക്കീത് നൽകി പ്രശ്നം പരിഹരിച്ചതായും പോദ്ദാർ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു. യുവതികൾക്കെതിരെ പോലീസിൽ പരാതി നൽകാതിരുന്നത് അവരുടെ ഭാവി ജീവിതത്തിന് അതൊരു ബുദ്ധിമുട്ടാകേണ്ടെന്ന് കരുതിയാണെന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം വീഡിയോ പിന്നീട് പിന്‍വലിച്ചു.
Last Updated Jan 30, 2024, 3:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]