ഹൈദരാബാദ്: പുഷ്പ 2വിന്റെ ചിത്രീകരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ പിന്തുണയ്ക്കാതെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ബന്ധുവുമായ പവൻ കല്യാൺ. നിയമം എല്ലാവർക്കും തുല്യമാണെന്നും പൊലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മംഗളഗിരിയിൽ ഒരു ചടങ്ങിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൻഡിഎയുടെ സഖ്യകക്ഷിയായ ജനസേന പാർട്ടി നേതാവ് കൂടിയായ പവൻ കല്യാൺ.
‘നിയമം എല്ലാവർക്കും തുല്യമാണ്. ഇത്തരം സംഭവങ്ങളിൽ സുരക്ഷ കണക്കിലെടുത്താണ് പൊലീസ് പ്രവർത്തിക്കുന്നത്. തിയേറ്റർ ജീവനക്കാർ അല്ലു അർജുനെ സ്ഥിതിഗതികൾ മുൻകൂട്ടി അറിയിക്കണമായിരുന്നു. അദ്ദേഹം തിയേറ്ററിൽ എത്തിയതാണ് കാര്യങ്ങൾ വഷളാക്കിയത്. തിക്കിലും തിരക്കിലുംപെട്ട് മരിച്ച രേവതിയുടെ കുടുംബത്തെ അല്ലു അർജുൻ നേരത്തെ സന്ദർശിക്കേണ്ടതായിരുന്നു. ഇത് പിരിമുറുക്കം കുറയ്ക്കുമായിരുന്നു. മൂത്ത സഹോദരൻ ചിരഞ്ജീവിയും ഞാനും സിനിമകളുടെ പ്രദർശനങ്ങളിൽ പങ്കെടുക്കാറുണ്ട്. എന്നാൽ തിരക്ക് സൃഷ്ടിക്കാതിരിക്കാൻ പലപ്പോഴും മുഖംമൂടി ധരിച്ചിരുന്നു’- പവൻ കല്യാൺ വ്യക്തമാക്കി.
ഡിസംബർ നാലിനാണ് പുഷ്പ 2വിന്റെ പ്രീമിയർ ഷോയുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിൽ തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതിയാണ് (39) മരിച്ചത്. തിക്കും തിരക്കും ഉണ്ടാക്കി എന്നാരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്മെന്റ് അംഗങ്ങളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13ന് വൈകിട്ടാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് പിറ്റേന്ന് രാവിലെ തന്നെ താരം പുറത്തിറങ്ങിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]