ചെന്നൈ: ഗവർണറെ കണ്ട് മൂന്ന് ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകി തമിഴക വെട്രി കഴകം അദ്ധ്യക്ഷനും നടനുമായ വിജയ്. പാർട്ടി ട്രഷറർ വെങ്കിട്ടരാമനൊപ്പം രാജ്ഭവനിലെത്തിയാണ് വിജയ് ഗവർണർ ആർ എൻ രവിയെ കണ്ടത്.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിന് ഇടപെടണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനമാണ് വിജയ് ഗവർണർക്ക് നൽകിയത്.
മഴക്കെടുതിയിലും ഫെങ്കൽ ചുഴലിക്കാറ്റിലും സംസ്ഥാനത്തുടനീളമുണ്ടായ നാശനഷ്ടത്തിൽ ജനങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു. തങ്ങളുടെ അപേക്ഷ പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് തമിഴക വെട്രി കഴകം എക്സിലൂടെ അറിയിച്ചു.
pic.twitter.com/79ovwGtfYv
— TVK Party Updates (@TVKHQUpdates) December 30, 2024
നേരത്തെ വിജയ് സംസ്ഥാനത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുറന്ന കത്തെഴുതിയിരുന്നു. ഒന്നുകൊണ്ടും വിഷമിക്കേണ്ടെന്നും സുരക്ഷിതമായ ഒരു തമിഴ്നാട് നിർമ്മിക്കുമെന്നും വിജയ് ഉറപ്പുനൽകി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഏത് സാഹചര്യത്തിലും നിങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സഹോദരനായി എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഇപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധിക്കണമെന്നും വിജയ് കത്തിൽ ആവശ്യപ്പെടുന്നു.
ക്രിസ്മസ് ദിനത്തിൽ ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനി പീഡനത്തിന് ഇരയായ സാഹചര്യത്തിലാണ് നടന്റെ പ്രതികരണം. തമിഴക വെട്രി കഴകം പാർട്ടിയുടെ ഔദ്യോഗിക പേജിലാണ് ഈ കത്ത് വിജയ് പങ്കുവച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]